‘ദ്രവിച്ച ഒരു ചുരിദാർ, പിണഞ്ഞു കിടക്കുന്ന രണ്ട് അസ്ഥികൂടങ്ങൾ’, ഗുണ കേവിൽ 14 വർഷം മുൻപ് മോഹൻലാൽ കണ്ട ഞെട്ടിക്കുന്ന കാഴ്ച

മികച്ച പ്രേക്ഷക പ്രതികരണം കൊണ്ട് ചിദംബരം ചിത്രം മഞ്ഞുമ്മൽ ബോയ്സ് ജനഹൃദയങ്ങളിലേക്ക് ചേക്കേറുകയാണ്. ഇതോടെ സഞ്ചാരികളുടെ ഒരു പറുദീസയായി കൊടൈക്കനാലിലെ ഗുണ കേവും മാറുന്നുണ്ട്. ഡെവിൾസ് കിച്ചൻ എന്ന് അറിയപ്പെടുന്ന ഗുണ കേവിൽ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നവരുടെ കഥ പറയുന്ന മഞ്ഞുമ്മൽ ബോയ്‌സ് ഇന്ത്യയൊട്ടാകെ ഇപ്പോൾ ചർച്ചയായിട്ടുണ്ട്.

ALSO READ: മലയാളത്തില്‍ ബ്ലെസി ഒരുക്കിയത് മറ്റൊരു ‘ലോറന്‍സ് ഒഫ് അറേബ്യ’; വെബ്‌സൈറ്റ് ലോഞ്ചില്‍ എആര്‍ റഹ്‌മാന്‍

സിനിമയുടെ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഗുണ കേവിൽ 14 വർഷം മുൻപ് പോയ നടൻ മോഹൻലാൽ എഴുതിയ ഒരു യാത്രാ കുറിപ്പും ശ്രദ്ധ നേടുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഈ കുറിപ്പ് ഇപ്പോൾ വീണ്ടും വായിക്കപ്പെടുകയാണ്. ഗുണ കേവിന്റെ നിഗൂഢതകളിലേക്ക് നടന്ന മോഹൻലാൽ കണ്ട ഭയാനകമായ കാഴ്ചകളും, പാറക്കെട്ടുകളുടെ വന്യതയുമാണ് ഈ കുറിപ്പിൽ ഉള്ളത്.

മോഹൻലാൽ എഴുതിയ കുറിപ്പ്

സാധാരണ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം കൊടൈക്കനാല്‍ എന്നാല്‍ നക്ഷത്രരൂപത്തിലുള്ള നീലത്തടാകവും വെയില്‍ നിറംമാറി കളിക്കുന്ന മരക്കാടുകളും പച്ചകംബളം നീട്ടിവിരിച്ചതുപോലുള്ള ഗോള്‍ഫ് മൈതാനങ്ങളും കുതിര സവാരിയും പിന്നെ, പേടിപ്പിക്കുന്ന സൂയിസൈഡ് പോയന്റും മാത്രമാണ്. എന്നാല്‍ കൊടൈക്കനാലിന് മറ്റൊരു മുഖമുണ്ട്. അധികമാരും കാണാത്ത, ഇരുണ്ട മുഖം. അവിടെ എപ്പോഴും ഇരുട്ടാണ്, പിന്നെ പേടിപ്പെടുത്തുന്ന ഏകാന്തതയും. ഡെവിള്‍സ് കിച്ചന്‍ (ചെകുത്താന്റെ പാചകപ്പുര) എന്നാണ് ഇതിനെ ഭാവനാശീലനായ ഏതോ സായിപ്പ് പേരിട്ടു വിളിച്ചത്. ഈ ഇരുണ്ട അധോലോകം കൂടി കണ്ടാല്‍ മാത്രമേ കൊടൈക്കനാലിലെ കാഴ്ചകള്‍ പൂര്‍ണമാവൂ.

കൊടൈക്കനാലിന്റെ കേന്ദ്രബിന്ദുവായ തടാകത്തില്‍ നിന്നും ആറുകിലോമീറ്ററോളം മാറിയാണ് ഡെവിള്‍സ് കിച്ചണ്‍. പില്ലര്‍ റോക്ക് ആണ് അതിനടുത്ത, സാധാരണക്കാര്‍ എത്തിച്ചേരുന്ന സൈറ്റ് സീയിങ് പോയിന്റ്. അവിടെ നിന്നും മുകളിലേക്ക് പോയി, കറുത്ത മണ്ണില്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന പൈന്‍ മരക്കാടുകള്‍ കടന്ന് വേണം ഡെവിള്‍സ് കിച്ചനിലേക്ക് പോകാന്‍. പരസ്പരം പിണഞ്ഞു കിടക്കുന്ന വേരുകള്‍, ഇടയ്ക്ക് കൂറ്റന്‍ മരങ്ങള്‍, അവയുണ്ടാക്കുന്ന ഇരുട്ട്, എണ്ണമറ്റ വാനരസംഘങ്ങള്‍…. അങ്ങേയറ്റത്ത് വേലികെട്ടിത്തിരിച്ച കൂറ്റന്‍ പാറത്തുഞ്ചാണ്. അതുവരെയേ അന്വേഷികളായ സഞ്ചാരികള്‍ക്ക് പ്രവേശന മുള്ളു. എന്നാല്‍ അതിനപ്പുറത്തെ ആഴങ്ങളിലായിരുന്നു കാഴ്ച; അനുഭവവും.

പിണഞ്ഞ് കിടക്കുന്ന വേരുകള്‍ പിടിച്ചു പിടിച്ചു വേണം ചെങ്കുത്തായ ഇറക്കം ഇറങ്ങാന്‍. ഇറക്കം തുടങ്ങുന്ന സ്ഥലത്തു തന്നെ പച്ചപുല്ലുകള്‍ക്കിടയില്‍ ഒരു തലയോട്ടി പേടിപ്പിക്കും വിധം പല്ലിളിച്ചു കിടക്കുന്നു. എന്നോ, എന്തൊക്കെയോ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്ത ഏതോ അജ്ഞാതന്റെതാവാം അത്. അത്രയധികം പേരാണ് കാറ്റ് ചൂളം കുത്തുന്ന ആ കൊക്കയിലേക്ക് ചാടി ജീവനൊടുക്കുന്നത്. കൊലചെയ്യപ്പെടുന്നവര്‍ വേറെയും. വീണാല്‍ പിന്നെ തിരിച്ചെടുക്കലുകളില്ല. ആരും അറിയുകയുമില്ല. വേരുകളില്‍ പിടിച്ചുള്ള ഇറക്കം പാതിവഴിയില്‍ എനിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. കാലിലെ മസിലുകള്‍ ഉരുണ്ടു കയറുന്നത് ഞാനറിഞ്ഞു. പിന്നീട് രണ്ടു വശത്തും മരക്കഷണങ്ങള്‍ അടിച്ച് കോണിയുണ്ടാക്കി ഇറങ്ങാന്‍ ശ്രമിച്ചു. പിടിക്കാന്‍ ഒരു കയര്‍ തൂക്കിയിട്ടു.

ALSO READ: ‘നിഷ്പക്ഷ മാധ്യമപ്രവർത്തനം കൺകെട്ട് വിദ്യയായി മാറി’: ഡോ. ജോൺ ബ്രിട്ടാസ് എം പി

പാറക്കൂട്ടങ്ങളും പച്ചക്കാടുകളും കൂടിക്കലര്‍ന്നു കിടക്കുന്ന ആ വഴി മുന്നോട്ട് പോകുന്തോറും പേടിപ്പിക്കുന്നതായിരുന്നു. താഴേക്ക് എത്തുന്നതിനനുസരിച്ച് ചുറ്റുമുള്ള പാറകളുടെ ഉയരം വര്‍ധിക്കുന്നതു പോലെ. വലതുവശത്ത് കൊടുംകാട് നിറഞ്ഞ ആഴങ്ങള്‍. അടിയില്‍ നിന്നും പൊന്തി അതിന്റെ ഉച്ചിയിലേക്ക് പറന്ന് പരക്കുന്ന മഞ്ഞുപുക. കൊടും തണുപ്പ്. ഇടതുവശത്ത് കൃത്യമായി മുറിച്ചുവച്ചതു പോലുള്ള പാറകള്‍. ഇടക്കിടെ പാഞ്ഞ് വന്ന് അസ്ഥിയില്‍ വരെ സ്പര്‍ശിച്ചു പോകുന്ന ശീതക്കാറ്റ്. താഴേക്കുര്‍ന്നു പോകുന്ന ആവഴിയുടെ അറ്റം ഒരു കൂറ്റന്‍ കരിമ്പാറയില്‍ ചെന്ന് സ്തംഭിച്ചു നിന്നു. അതിന്റെ അരികിലൂടെയുള്ള വഴി പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ പുളഞ്ഞ് പുളഞ്ഞ് അജ്ഞാതമായ ആഴങ്ങളിലേക്ക് കൂപ്പുകുത്തുന്നു. ആ കരിമ്പാറയ്ക്കപ്പുറം ഞാന്‍ ചെകുത്താന്റെ പാചകപ്പുര കണ്ടു. ആഴത്തിലുള്ള ഒരു ഗുഹയും അതില്‍ നിന്നും നീണ്ടുപോകുന്ന ഇരുട്ടിന്റെ തുരങ്കങ്ങളും വീണ്ടും വീണ്ടും വരുന്ന ഗുഹകളും ചേര്‍ന്നതായിരുന്നു അത്. മുകളിലേക്ക് നോക്കിയാല്‍ ആയിരത്തിലധികം അടി ഉയരത്തില്‍ പാറ പിളര്‍ന്നു മാറിയതിന്റെ വിടവ്. വിടവിനു മുകളില്‍ മരങ്ങള്‍ പടര്‍ന്നു നില്‍ക്കുന്നു.

അതിനുമപ്പുറം ദൂരെ ആകാശത്തിന്റെ നീലത്തുണ്ടുകള്‍. തികഞ്ഞ നിശബ്ദത. വല്ലപ്പോഴും ഒരുമഞ്ഞുതുള്ളി മുകളില്‍ നിന്നും അടര്‍ന്ന്, വിടവിലൂടെ പാഞ്ഞുവന്ന് പാറയുടെ കൂര്‍ത്ത പ്രതലത്തില്‍ വീണ് ചിതറുന്നതിന്റെ ശബ്ദം പോലും ആ നിശബ്ദതയില്‍ തെളിഞ്ഞു കേള്‍ക്കാം. ആഴങ്ങളില്‍ നിന്നും പെട്ടെന്ന് വമിക്കുന്ന മഞ്ഞുപുകയാണ് ഈ ഗുഹയ്ക്ക് മായികമായ സൗന്ദര്യം നല്‍കുന്നത്. തെളിഞ്ഞ പകലിലേയ്ക്ക് നോക്കിനില്‍ക്കെ ഒരു കൂട്ടം കോടമഞ്ഞിന്‍ പുകയെ ഈ ഗുഹ പറത്തിവിടുന്നു. മുകളിലെ വിടവുകള്‍ക്കിയിലൂടെ നൂഴ്ന്ന് അവ പുറത്തെത്തുന്നു. പിന്നെ കൊടൈക്കനാലിന്റെ ആകാശത്തിലൂടെ അലയുന്നു. എവിടെ നിന്നൊക്കെയോ അത് കണ്ട് സഞ്ചാരികള്‍ കുളിര്‍ന്ന് നിര്‍വൃതിയടയുന്നു. നിരന്തരം കോടമഞ്ഞിന്‍ പുക തുപ്പുന്നതു കൊണ്ടാണ് ഈ ഗുഹയ്ക്ക് സായ്പ്പ് ചെകുത്താന്റെ പാചകപ്പുര എന്നു പേരിട്ടത്. എത്ര അന്വര്‍ഥമായ പേര്!

കുന്നുകള്‍ക്കും താഴ്‌വരകള്‍ക്കും ഭൂശോഷണം സംഭവിച്ചാണ് ഈ സ്ഥലം ഇന്നു കാണുന്ന അവസ്ഥയിലേക്ക് എത്തിയത് എന്ന് ഭൂമിശാസ്ത്രത്തില്‍ അറിവുള്ളവര്‍ പറയുന്നു. 55-60 ദശലക്ഷം വര്‍ഷം മുന്‍പ് ഉയര്‍ന്നു വന്ന് രൂപം പ്രാപിച്ച പീഠഭൂമികളില്‍പെട്ടതാണ് കൊടൈക്കനാല്‍, മൂന്നാര്‍, വയനാട് എന്നിവ. ഭൂമിക്കു മുകളില്‍ മാത്രമല്ല അടിയിലും വിസ്മയങ്ങള്‍ സംഭവിക്കുന്നുണ്ട്. ഗുഹയുടെ ഉള്ളിലേക്കു പോകുന്തോറും ഇരുട്ട് വന്ന് നമ്മളെ വിഴുങ്ങും. പലയിടത്തും ചതുപ്പാണ്. തണുപ്പ് കനത്തു. നനഞ്ഞ പാറയുടെയും കെട്ടിക്കിടക്കുന്ന വായുവിന്റെയും ഇടകലര്‍ന്ന ഗന്ധം. മുകളിലെ വിടവിലൂടെ വരുന്ന വെളിച്ചം പലപ്പോഴും താഴെയെത്തുന്നില്ല. ആ ഇരുട്ടിലൂടെ സ്ഥലവാസിയായ ഒരാളുടെ സഹായത്തോടെ മുന്നോട്ട് നടന്ന് ടോര്‍ച്ചടിച്ചപ്പോള്‍ കണ്ട കാഴ്ച ഇനി വരുന്ന ജന്മങ്ങളില്‍ (അങ്ങിനെയൊന്നുണ്ടെങ്കില്‍) പോലും ഞാന്‍ ഓര്‍ക്കുന്നതാണ്. പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികുടങ്ങള്‍! തൊട്ടപ്പുറം ദ്രവിച്ചുതീര്‍ന്ന ചുരിദാര്‍. വീണതോ വീഴ്ത്തപ്പെട്ടതോ ആയ ഏതോ ദുരന്തജന്‍മങ്ങളുടെ ശേഷിപ്പുകള്‍. ഇവിടെ വീണാല്‍ മരണം മാത്രമേ വഴിയുള്ളൂ. മരിച്ചുകിടന്നാലും ആരും അറിയില്ല. തണുപ്പു കാരണം ശരീരം അത്ര പെട്ടെന്ന് ദ്രവിക്കുകയുമില്ല. പ്രകൃതി ഒരുക്കിയ മോര്‍ച്ചറിയില്‍ മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങള്‍ കിടക്കും.

കൊടൈക്കനാലിലെ ഏകാന്തമായ കൊക്കകളില്‍ ഇതുപോലുള്ള എത്രയോ മൃതദേഹങ്ങള്‍ പാതി ജീര്‍ണിച്ചും എല്ലിന്‍ കൂടുകളായും കിടപ്പുണ്ട് എന്ന് ആ വഴികളില്‍ ഇറങ്ങിപ്പോയ പണിക്കാര്‍ പറയുന്നു. മിക്കവയും സ്ത്രീകളുടേതാണ്. വളകളും ചുരിദാറുകളും ആഭരണങ്ങളും ചിതറികിടക്കുന്നു. ആഴങ്ങളില്‍ പൊലിഞ്ഞ അശാന്തമായ ആത്മാവുകള്‍ ചെകുത്താന്റെ പാചകപ്പുരയില്‍ നിന്നും പൊങ്ങുന്ന വെളുത്ത പുകയില്‍ കലര്‍ന്നിട്ടുണ്ടാകണം. അങ്ങിനെ നോക്കുമ്പോള്‍ കൊടൈക്കനാലിലെ കോടമഞ്ഞിന്‍ കൂട്ടങ്ങള്‍ എന്നെ പേടിപ്പിക്കുന്നു. അപ്പോള്‍ സുന്ദരമായ കൊടൈക്കനാല്‍ ഭയം കൂടിയാവുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here