കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഇ ഡിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. അന്വേഷണങ്ങളിലും നടപടികളിലും ഇ.ഡി സുതാര്യമായിരിക്കണമെന്നും നീതിയും ധാര്‍മികതയും പുലര്‍ത്തണമെന്നും സുപ്രീംകോടതി. ഇ.ഡിയില്‍ നിന്ന് പ്രതികാര നിലപാടുകള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കി.

Also Read: മുട്ടില്‍ മരംമുറി; മുഴുവന്‍ പിഴയും അഗസ്റ്റിന്‍ സഹോദരന്മാരില്‍ നിന്ന് ഈടാക്കണമെന്ന് സി കെ ശശീന്ദ്രന്‍

ഹരിയാനയിലെ ഗുര്‍ഗാവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എം ത്രീ എം കമ്പനി ഡയറക്ടര്‍മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതി ഇഡിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. 400 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ അറസ്റ്റിനുള്ള കാരണമെന്തെന്ന് രേഖാമൂലം അറിയിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹര്‍ജിയിലാണ് ഏകപക്ഷീയ നടപടികളാണ് ഇ.ഡിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.

Also Read: വാല്‍പ്പാറ കൊലപാതകം; പ്രതി കുറ്റക്കാരനെന്നു കോടതി

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പ് 19(1) പ്രകാരം അറസ്റ്റിനുള്ള കാരണങ്ങള്‍ പ്രതിക്ക് എഴുതിനല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ബാദ്ധ്യസ്ഥരാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ കേസില്‍ ഇ.ഡി അക്കാര്യം പാലിച്ചില്ല. അതിനാല്‍ അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതികളെ ഉടനടി മോചിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അറസ്റ്റും റിമാന്‍ഡുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും റദ്ദാക്കുകയും ചെയ്തു. ഇഡി പോലുളള സുപ്രധാന ഏജന്‍സിയുടെ മോശം പ്രവര്‍ത്തനരീതിയാണ് കേസില്‍ പ്രതിഫലിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണങ്ങളിലും നടപടികളിലും ഇ.ഡി സുതാര്യമായിരിക്കണം. നീതിയും ധാര്‍മികതയും പുലര്‍ത്തണം. ഇ.ഡിയില്‍ നിന്ന് പ്രതികാര നിലപാടുകള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, നിയമപ്രകാരമുള്ള നടപടികള്‍ പാലിക്കുന്നതില്‍ ഇ.ഡിക്ക് വീഴ്ച്ച പറ്റിയെന്ന് വിമര്‍ശിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here