
മഴക്കാലം കലണ്ടറിൽ എത്തിയെങ്കിലും മുംബൈ ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ പല പ്രദേശങ്ങളും ഇപ്പോഴും കൊടുംചൂടിന്റെ പിടിയിലാണ്. ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുമ്പോൾ നഗരവാസികൾ മൺസൂൺ മഴയ്ക്കായുള്ള കാത്തിരിപ്പിലാണ്. മുംബൈയിലും സമീപപ്രദേശങ്ങളിലുമായി ചൂടും ഈർപ്പവും കൂടിയതോടെ ജനജീവിതം ദുരിതത്തിലായി. ഉഷ്ണതരംഗ സാഹചര്യത്തെ തുടർന്ന് മുംബൈ, താനെ, റായ്ഗഡ്, പുണെ, നാസിക് തുടങ്ങി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്.
പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ് ഇത്തവണ മൺസൂണിന്റെ മുന്നേറ്റം. തെക്കൻ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ മഴയെത്തിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മൺസൂണിന്റെ പുരോഗതി ഏറെക്കുറെ നിലച്ച നിലയിലാണ്. നേരത്തെ ജൂൺ 10നും 12നും ഇടയിൽ മുംബൈയിൽ മൺസൂൺ എത്തുമെന്നായിരുന്നു പ്രവചനം. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം മൺസൂണിന് വീണ്ടും ശക്തിപകരുമെന്ന പ്രതീക്ഷയുണ്ട്.
Also read:ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണം: തൃണമൂൽ വിമത എംപിമാരുടെ ആവശ്യത്തിൽ ചർച്ച നടത്താൻ സ്പീക്കർ
മഴ വീണ്ടും വൈകുകയാണെങ്കിൽ കുടിവെള്ള ലഭ്യതയെയും അത് ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. മതിയായ വെള്ളം കുടിക്കാനും ഉച്ചസമയങ്ങളിൽ പുറത്തുള്ള ജോലികൾ പരമാവധി ഒഴിവാക്കാനും ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. കൊടുംചൂടിൽ വലയുന്ന മഹാരാഷ്ട്ര ഇനി കണ്ണുംനട്ടിരിക്കുന്നത് ആകാശത്തേക്കാണ്. മൺസൂൺ എത്രയും വേഗം നഗരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

