
കേരളത്തിലെ ദേശീയപാത വികസനം വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ചോദ്യമുന്നയിച്ചു. നിലവിൽ കേരളത്തിൽ 12 ദേശീയപാതകളിലായി 1858 കിലോമീറ്റർ മാത്രം ദേശീയപാത ഗണത്തിൽ ഉൾപ്പെടുന്നതായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് ഏറെ കുറവായതിനാൽ, സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും വാണിജ്യ-വ്യവസായ മേഖലയ്ക്കും കൂടുതൽ ദേശീയപാതകൾ ആവശ്യമാണ് എന്ന് എംപി ചൂണ്ടിക്കാട്ടി.
നേരത്തെ കായംകുളം – തൂത്തുക്കുടി, കായംകുളം – മൂന്നാർ, ആലപ്പുഴ – കൊടൈക്കനാൽ, ഭരണിക്കാവ് – കരുനാഗപ്പള്ളി (NH 183A വിപുലീകരണം), ചിന്നക്കട – ഇടമൺ (NH 744 വിപുലീകരണം) എന്നീ റോഡുകൾ ദേശീയപാതയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് എംപി നേരത്തെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ സമീപനവും കേരളത്തിനുള്ള പിന്തുണയും വിലയിരുത്തുന്നതിനായി ലോക്സഭയിൽ ചോദ്യം ഉയർത്തുകയായിരുന്നു.
Also Read: ധനകാര്യ ഫെഡറിലസം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നു: ഡോ. ജോൺ ബ്രിട്ടാസ് എം പി
കേരളത്തിൽ ദേശീയപാത വികസനത്തിനായി 50,000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും, പുതിയ ദേശീയപാത നിർദേശങ്ങൾ മുൻഗണനാക്രമത്തിൽ പരിശോധിച്ച് നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് അംഗീകരിക്കുമെന്നും മന്ത്രി മറുപടി നൽകി. ഭൂമി ഏറ്റെടുക്കലിന്റെ ചെലവ് കേരളത്തിൽ ഏറെ കൂടുതലായതിനാൽ, നിർമാണ വസ്തുക്കളുടെ ജിഎസ്ടി, റോയൽറ്റി, സർക്കാർ ഭൂമികളുടെ വില തുടങ്ങിയവ സംസ്ഥാനത്തിന്റെ വിഹിതമായി കണക്കാക്കാനുള്ള ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിന് ആഗോള നിലവാരത്തിലുള്ള റോഡ് ബന്ധം ഉറപ്പാക്കുന്നതിനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ദേശീയപാതകൾ നിർണായകമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ അനുകൂല നിലപാട് പ്രായോഗിക നടപടികളിലേക്ക് മാറണമെന്നത് ഉറപ്പാക്കാൻ, തുടർന്നും ശക്തമായ ഇടപെടലുകൾ നടത്തുമെന്നും കേരളത്തിന് വേണ്ടിയുള്ള തന്റെ പ്രവർത്തനം തുടരുമെന്നും എംപി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here