1,300 പൊലീസ് ഉദ്യോഗസ്ഥർ, 300 എന്‍സിസി വോളണ്ടിയര്‍; സുരക്ഷയിലും ‘കേരളീയം’ മുന്നിൽ

സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയിൽ എത്തുന്നവർക്ക് സുരക്ഷയൊരുക്കി പൊലീസ്. 1,300 പൊലീസ് ഉദ്യോഗസ്ഥരെയും 300 എന്‍സിസി വോളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തിയുള്ള സുരക്ഷാക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആണ് ഈ സുരക്ഷാ ഒരുക്കങ്ങൾ തയാറാക്കിയിട്ടുള്ളത്. നാല് എസ്പി, 11 എസിപി, 25 ഇന്‍സ്പെക്ടര്‍, 135 എസ്ഐ, 905 സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, 242 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, 300 എന്‍സിസി വോളന്റീയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് കേരളീയം പരിപാടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുള്ളത്.

ALSO READ:കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗര പദവി; തലമുറകള്‍ക്ക് ലോകം നൽകിയ ആദരം; അഭിനന്ദനം അറിയിച്ച് മന്ത്രി എം ബി രാജേഷ്

സിറ്റി പൊലീസിന്റെ നാല് ഡ്രോണുകള്‍ സദാ നിരീക്ഷണം നടത്തുന്നുണ്ട്. ബോം ബ് ഡിറ്റക്ഷന്‍ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എല്ലാ വേദികളിലും പരിശോധന നടത്തുന്നുണ്ട്. മഫ്തി പൊലിസ് ഉദ്യോഗസ്ഥരോടൊപ്പം ഷാഡോ പൊലീസിന്റെ സേവനവും എല്ലാ വേദികളിലും ഉണ്ട്.സുരക്ഷ ഉറപ്പാക്കാന്‍ തിരുവനന്തപുരം. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള പ്രധാന വേദികളിലും മറ്റു വേദികളിലും പൊലീസിന്റെയും സ്മാര്‍ട്ട് സിറ്റിയുടെയും സ്ഥിരം ക്യാമറകളും 270 താത്കാലിക സി.സി ടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. താത്ക്കാലിക ക്യാമറാ ദൃശ്യങ്ങള്‍ കനകക്കുന്നിലും പുത്തരിക്കണ്ടത്തുമുള്ള പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് തത്സമയം കാണാനുമാകും.

ALSO READ:ദില്ലിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു; സ്‌കൂളുകള്‍ക്ക് അവധി

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള പ്രധാന വീഥിയുമായി ചേരുന്ന എല്ലാ റോഡുകളിലും പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. എല്ലാ പ്രധാന വേദികളിലും പൊലീസ് എയിഡ് പോസ്റ്റും കനകക്കുന്ന്, പുത്തരിക്കണ്ടം എന്നിവിടങ്ങളില്‍ രണ്ട് സ്പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂമുകളും ഒരുക്കിയിട്ടുണ്ട്.

കേരളീയത്തിലെ സന്ദര്‍ശകര്‍ക്ക് സൗജന്യയാത്രയ്ക്കായി ഒരുക്കിയിരിക്കുന്ന 20 കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഈസ്റ്റ് ഫോര്‍ട്ട് മുതല്‍ കവടിയാര്‍ വരെയും കനകക്കുന്നിലും പബ്ലിക് അഡ്രസ് സിസ്റ്റവും സജ്ജമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here