
ഹെയ്തി കടമ്പ കടന്ന് ഗ്രൂപ്പ് സിയിൽ രണ്ടാമനായി നോക്കൗട്ടിൽ പ്രവേശിച്ച് മൊറോക്കോ. മൊറോക്കോയെ ഭയപ്പെടുത്തിയ ഹെയ്തി തലയുയർത്തിയാണ് ലോകകപ്പിൽ നിന്ന് മടങ്ങുന്നത്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മൊറോക്കോയുടെ വിജയം.
ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോയെ വിറപ്പിച്ചതിനു ശേഷമാണ് ഹെയ്തി കീഴടങ്ങിയത്. മത്സരം ആരംഭിച്ച് ആദ്യ പത്തു മിനിറ്റിനുള്ളിൽ തന്നെ ഹെയ്തി ലീഡ് നേടുകയുണ്ടായി. ഹെയ്തിയുടെ മുന്നേറ്റം തടയാൻ ശ്രമിച്ച മൊറോക്കൻ ഗോൾകീപ്പർ ബൗണൗവിന്റെ ശ്രമം സെൽഫ് ഗോളായി മാറുകയായിരുന്നു.
39-ാം മിനിറ്റിൽ ഹക്കിമി മൊറോക്കോയ്ക്കായി സമനില നേടിയെങ്കിലും 43-ാം മിനിറ്റിൽ ഇസിഡോർ വീണ്ടും ഹെയ്തിയെ മുന്നിലെത്തിച്ചു. ബോക്സിന് പുറത്ത് നിന്ന് വലയ്ക്കുള്ളിലേച്ച് പായിച്ച ഷോട്ടിലൂടെയായിരുന്നു ഇസിഡോറിന്റെ ഗോൾ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സായിബാരിയിലൂടെ മൊറോക്ക വീണ്ടും സമനില പിടിക്കുകയായിരുന്നു.
Also Read: മിയാമിയിൽ സെലക്കാവോ താളം: സ്കോട്ലൻഡിനെയും തകർത്ത് മുന്നോട്ട്
രണ്ടാം പകുതിയിൽ സൗഫിയാൻ റഹിമിയുടെയും ഗെസിം യാസിന്റെയും ഗോളുകളിലൂടെ മൊറോക്കോ വിജയം സ്വന്തമാക്കുകയായിരുന്നു. യഥാക്രമം 78 -ാം മിനിറ്റിലും 89 -ാം മിനിറ്റിലുമായിരുന്നു ഇരുവരുടെയും ഗോൾ.
വിജയത്തോടെ നോക്കൗട്ടിലേക്ക് പ്രവേശിച്ച മൊറോക്കോ റൗണ്ട് ഓഫ് 32-വിൽ ഗ്രൂപ്പ് എഫിലെ ജേതാക്കളെയായിരിക്കും നേരിടുക. ഗ്രൂപ്പ് മത്സരങ്ങളിൽ രണ്ട് സമനിലയും ഒരു ജയത്തോടെയും രണ്ടാം സ്ഥാനക്കാരായാണ് മൊറോക്കോ നോക്കൗട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നുത്. ഗ്രൂപ്പ് സിയിൽ നടന്ന ബ്രസീൽ സ്കോട്ലൻഡ് മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീൽ സ്കോട്ലൻഡിനെ തകർത്തു. സെലക്കാവോകളാണ് ഗ്രൂപ്പ് സി ചാമ്പ്യന്മാർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

