
കരുനാഗപ്പള്ളിയിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മക്കളും മരിച്ചു . കരുനാഗപ്പള്ളി സ്വദേശി താര, മക്കളായ അനാമിക, ആത്മിക എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കൾക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കുറച്ച് മുൻപ് താര മരിച്ച വിവരം പുറത്ത് വന്നിരുന്നു. തൊട്ട് പിറകിലാണ് ഇപ്പോൾ രണ്ട് കുട്ടികളും മരിച്ചെന്ന വാർത്ത വരുന്നത്. ഒരു വയസും, ആർ വയസുമാണ് കുട്ടികളുടെ പ്രായം. മൂവരുടെയും മൃതദേഹങ്ങൾ വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Also read: ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാനതൊഴിലാളി എക്സൈസ് പിടിയിൽ
അതിനിടെ, ഏറ്റുമാനൂരില്‍ അമ്മയും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ചു. ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റൂട്ടില്‍ പള്ളിക്കുന്നില്‍ പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളുമാണ് മരിച്ചത്. മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.
പാലാ കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയുമായ ജിസ്‌മോൾ തോമസ്, 5 വയസ്സുള്ള മകൾ, രണ്ടു വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല.
ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൂന്നു പേരെയും കണ്ടെത്തിയത്. മൃതദേഹം കരയിലെത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മുരളി കൈരളി ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here