നടക്കാനാകാത്ത അമ്മയേയും എടുത്ത് നാടുചുറ്റി മകന്‍, ഇത് മനസ്സില്‍തൊടുന്ന കാഴ്ച; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് പ്രായമായ അമ്മയെയും കൊണ്ട് മകന്‍ നാടുചുറ്റി കാണിക്കാന്‍ കൊണ്ടു പോകുന്ന വീഡിയോയാണ്. ‘ഹ്യൂമന്‍സ് ഓഫ് കേരളം’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ റോജന്‍ പറമ്പിലാണ് തന്റെയും അമ്മയുടെയും വീഡിയോ പങ്കുവെച്ചത്.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് റോജന്‍ നാട്ടിലെത്തുന്നത്. തുടര്‍ന്ന് അമ്മച്ചിയെ കുളിപ്പിച്ച് ഒരുക്കി അതിരമ്പുഴ ടൗണിലൂടെ ഒരു ചെറിയ യാത്ര നടത്തിയെന്ന് റോജന്‍ പറയുന്നു.

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മച്ചിയെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ കൊണ്ടു പോയി യൂറോപ്പ് കാണിച്ചു. പുതിയ സ്ഥലങ്ങള്‍ കണ്ടപ്പോള്‍ അമ്മച്ചിക്ക് സന്തോഷമായി. എന്നാല്‍ കോവിഡ് കാരണം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഇന്ത്യയില്‍ വരുന്നത്. വന്നപ്പോള്‍ അമ്മച്ചിയുടെ അവസ്ഥ കണ്ട് എന്റെ ഹൃദയം തകര്‍ന്നു പോയി. അമ്മച്ചി കുറേക്കൂടി പ്രായമായി. നല്ലപോലെ നര കയറി അവശയായിരുന്നു. ഒന്നു നേരെ നില്‍ക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. വര്‍ഷങ്ങളായിട്ട് പള്ളിയില്‍ പോലും പോയിട്ടില്ല. അങ്ങനെ അമ്മച്ചിയെ പുറത്തേക്ക് കൊണ്ടു പോകാന്‍ ഞാന്‍ തീരുമാനിച്ചു.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഒരു വൃദ്ധസദനത്തിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. അവിടെ ചെയ്തുള്ള പരിചയം വെച്ച് ഞാന്‍ അമ്മച്ചിയെ കുളിപ്പിച്ചു. സഹോദരിമാര്‍ അമ്മച്ചിയെ ഒരുക്കി. കാറില്‍ അമ്മച്ചിയെയും കൊണ്ട് ഒന്നു കറങ്ങാനായിരുന്നു പദ്ധതി. എല്ലാവരും എതിര്‍ത്തു. എന്നാല്‍ ഞാന്‍ അമ്മച്ചിയെ കൊണ്ടു പോകാന്‍ തന്നെ തീരുമാനിച്ചു. അമ്മച്ചിയെ എടുത്താണ് കാറില്‍ കയറ്റിയത്. അതിരമ്പുഴ ടൗണില്‍ 20 കിലോമീറ്ററോളം ഞങ്ങള്‍ കറങ്ങി. സ്ഥലങ്ങളൊന്നും അമ്മച്ചിക്ക് ഓര്‍മ്മ ഉണ്ടായിരുന്നില്ല. എന്നാലും അമ്മച്ചി ഹാപ്പി ആയിരുന്നു. ഞങ്ങളുടെ യാത്രയുടെ വിഡിയോ എടുത്തു പുറത്തുള്ള സഹോദരങ്ങള്‍ക്ക് അയച്ചു കൊടുത്തു.

എല്ലാവര്‍ക്കും സന്തോഷമായിരുന്നു. നീലക്കുറുഞ്ഞി പൂത്തുനില്‍ക്കുന്നത് കാണിക്കാനും അമ്മച്ചിയെ കൊണ്ട് പോയിരുന്നു. യാത്ര കഴിഞ്ഞെത്തിയപ്പോള്‍ അമ്മച്ചിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. എന്നാലും ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചതിലുള്ള സന്തോഷമായിരുന്നു ആ മുഖത്ത്’.- വിഡിയോയ്ക്കൊപ്പം റോജന്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News