
അപൂര്‍വ്വ ജനിതിക രോഗത്തോട് മല്ലിട്ട പതിനാലുകാരന്‍ റൂബിന് കരളും വൃക്കയും പകുത്ത് നല്‍കി അമ്മ വിജില. തമിഴ്‌നാട് നീലഗിരി സ്വദേശികളായ രമേഷിന്റെയും വിജിലയുടേയും മകന്‍ റൂബിന്‍ ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.
ഹൈപറോക്‌സിലൂറിയ എന്ന അപൂര്‍വ ജനിതക രോഗമായാണ് റൂബിന്‍ പിറന്ന് വീണത്.
വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച് ഡയാലിസിസ് നടത്തുന്ന അവസ്ഥയിലാണ് മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ നീലഗിരിയില്‍ നിന്ന് കൊച്ചി ലിസി ആശുപത്രിയിലെത്തുന്നത്. ഡോക്ടര്‍മാര്‍ ആദ്യം നിര്‍ദേശിച്ചത് കരളും വൃക്കയും മാറ്റിവയ്ക്കണമെന്നായിരുന്നു. പരിശോധനയിലൂടെ അമ്മ വിജിലയുടെ കരളും വൃക്കയും പകുത്തു നല്‍കാന്‍ കഴിയുമെന്ന് കണ്ടെത്തി. ഇതോടെ ലിസ്സി ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ കരള്‍ മാറ്റിവച്ചു. രണ്ട് മാസത്തിന് ശേഷം വിജില മകന് വൃക്കയും പകുത്തു നല്‍കും. അത് വരെ ഡയാലിസിസ് തുടരും.
മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ ഡോ വേണുഗോപാല്‍, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ ഫദ്ല്‍ എച്ച് വീരാന്‍കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. റൂബിന്റെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് സാമ്പത്തിക സഹായവുമായി സന്നദ്ധ സംഘടനകളും സുമനസുകളുമെത്തിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം മിടുക്കനായ റൂബിനെ കാണാന്‍ നടി ഗ്രേസ് ആന്റണിയും എത്തിയിരുന്നു. വൃക്കമാറ്റിവയ്ക്കുന്നത് വരെ സൗജന്യ ഡയാലിസിസും ലിസി ആശുപത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here