
എംഎസ്‌സി എല്‍സ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കേരള തീരത്ത് നിന്ന് ശേഖരിച്ച കടല്‍വെള്ളത്തിന്റെ പരിശോധനാ ഫലം പുറത്ത്. വെള്ളത്തിലോ മീനുകളിലോ ഹാനികരമായതൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മീന്‍ ഭക്ഷ്യയോഗ്യമാണെന്നും കടല്‍വെള്ളത്തില്‍ ഓയിലിന്റെ സാന്നിധ്യമില്ലെന്നും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ലാബില്‍ നടത്തിയ പരിശോധനാ ഫലം വ്യക്തമാക്കുന്നു.
തീരമേഖലയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഏറെ ആശ്വാസമാകുന്ന പരിശോധനാ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കപ്പല്‍ മുങ്ങിയതിന് പിന്നാലെ മത്സ്യം വാങ്ങുന്നതില്‍ ആളുകള്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. ഇതോടെ തീരമേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരിസ്ഥിതിക്കോ കടലിനോ ദോഷകരമായ ഒന്നും ജലത്തില്‍ കലര്‍ന്നിട്ടില്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. കടല്‍ വെള്ളത്തിലേതിന് സമാനമായ പിഎച്ച് മൂല്യം തന്നെയാണ് വിവിധ ദിവസങ്ങളിലായി ശേഖരിച്ച് സാമ്പിളുകളിലും ഉള്ളത്. പരിസ്ഥിതിക്കോ കടലിന്റെ ആവാസവ്യസ്ഥയ്‌ക്കോ ദോഷകരമാകുന്ന ഒന്നും സാമ്പിളുകളില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
കടലിലെ വെള്ളത്തിനൊപ്പം മീനുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മീനുകള്‍ ഭക്ഷ്യയോഗ്യമാണെന്നും യാതൊരു പ്രശ്‌നവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മീനിന്റെ മണത്തിലോ രുചിയിലോ മാറ്റമൊന്നും വന്നിട്ടില്ല. ഇതോടൊപ്പം കടലില്‍ മറൈന്‍ ഓയിലിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മെയ് 24ന് എംഎസ്‌സി എല്‍സ കപ്പല്‍ മുങ്ങിയതിന് പിന്നാലെ മെയ് 26,30 ജൂണ്‍ നാല് എന്നീ തീയതികളിലായാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കടല്‍ വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്. കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ അടിഞ്ഞുകൂടിയ ഒമ്പത് ഇടങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ഈ ദിവസങ്ങളുടെ ഇടവേളകളില്‍ വെള്ളത്തിന് എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നതായിരുന്നു പരിശോധന. ഹാനികരമാകുന്ന ഒന്നും ജലത്തില്‍ ഇല്ലെന്ന് വ്യക്തമായതോടെ ആശ്വാസത്തിലാണ് മത്സ്യബന്ധനമേഖല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here