മുഹമ്മദ് അബ്ദുറഹ്മാന്‍, സാമ്രാജ്യത്വത്തിനും ദ്വിരാഷ്ട്രവാദത്തിനും എതിരെ മുഴങ്ങിയ സിംഹഗര്‍ജ്ജനം

ആര്‍. രാഹുല്‍

ഭാഗം 3

1940 ജൂലൈ 2 ന് രാജ്യരക്ഷാ നിയമം 26-ാം വകുപ്പുപ്രകാരം മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബും അറസ്റ്റ് ചെയ്യപ്പെട്ടു. 1945 സെപ്തംബര്‍ 4ന് രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്റെ പതനത്തിനും നേതാജി സുഭാഷ് ചന്ദബോസിന്റെ തിരോധാനത്തിന് ശേഷം അബ്ദു റഹ്മാന്‍ മോചിതനായി. വെല്ലൂര്‍, ബെല്ലാരി, രാജമന്ദ്രി ജയിലുകളിലെ 5 വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് അദ്ദേഹം പുറത്തു വന്നപ്പോള്‍ ഇവിടെ ദ്വിരാഷ്ട്രവാദം ശക്തിപ്പെട്ടു കഴിഞ്ഞിരുന്നു. ജയില്‍ മോചിതനായതിന് ശേഷം ഇതിനെതിരായ പോരാട്ടമായിരുന്നു അദ്ദേഹം പിന്നീടുള്ള ഓരോ ദിവസവും.

ജയില്‍ മോചിതനായെത്തിയ അബ്ദു റഹ്മാന്‍ മരണം വരെ വിഭജന മനോഭാവത്തിനെതിരായ പ്രവര്‍ത്തനം തുടര്‍ന്നു. വിഭജന മനോഭാവത്തിനെതിരെയുള്ള ഉദ്ബോധനമായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗം പോലും.

അഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മോചിതനായ അബ്ദുള്‍ റഹ്മാന്‍ സാഹിബിന് അഭിമുഖീകരിക്കേണ്ടിവന്നത് മലബാറിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെയായിരുന്നു. അതിനോടകം ശക്തിപ്രാപിച്ചിരുന്ന ഇന്ത്യാ വിഭജനവാദത്തെ അനുകൂലിക്കാത്തതിനാല്‍ അവരുടെ ശക്തമായ എതിര്‍പ്പിനെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. എങ്കിലും തന്റെ നിലപാടില്‍ ഉറച്ചുനിന്ന് മത രാഷ്ട്രീയത്തിനും ദ്വിരാഷ്ട്ര വാദത്തിനുമെതിരെ അബ്ദുള്‍ റഹ്മാന്‍ സാഹിബ് പോരാടി. കേരളത്തിലെ മുസ്ലിം ജനവിഭാഗങ്ങളില്‍ വലിയൊരു വിഭാഗത്തെ ദ്വിരാഷ്ട്ര വിഭജനം എന്ന കെണിയില്‍ വീഴാന്‍ അനുവദിക്കാതെ ദേശീയധാരയോട് അടുപ്പിച്ച് നിര്‍ത്താന്‍ അബ്ദു റഹ്മാന്‍ സാഹിബിന് സാധിച്ചു.

മൗലാനാ അബുള്‍ കലാം ആസാദിന്റെ മാതൃക പിന്തുടര്‍ന്ന് സാഹിബും വിഭജനവിരുദ്ധ പക്ഷത്ത് നിലകൊണ്ടു. അതേസമയം കോണ്‍ഗ്രസ്സിന്റെ ചില രാഷ്ട്രീയ തീരുമാനങ്ങള്‍, നേരത്തേ ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്നിരുന്ന പല മുസ്ലിം നേതാക്കളെയും ജിന്നയുടെ വിഭജനാനുകൂല പാളയത്തിലേക്ക് നയിച്ചത് ഖിന്നതയോടെ സാഹിബ് കാണുന്നുണ്ടായിരുന്നു. മുമ്പ് ജയിലറകളില്‍ തങ്ങള്‍ക്ക് നമസ്‌കരിക്കാനും, അംഗശുദ്ധി വരുത്താനും, നമസ്‌കരിക്കാന്‍ പാകത്തില്‍ മാന്യമായ വസ്ത്രം ലഭ്യമാക്കാനും വേണ്ടി സമരം നയിച്ച അബ്ദുറഹ്മാന്‍ സാഹിബ്, മുസ്ലീങ്ങള്‍ക്ക് സ്വന്തമായൊരു രാജ്യം എന്ന ആശയത്തെ എതിര്‍ക്കുന്നത് സാധാരണക്കാരായ മുസ്ലിംങ്ങള്‍ക്കു മനസ്സിലായതുമില്ല.

1945 ഒക്ടോബറില്‍ തലശ്ശേരിയിലും, മാങ്കാവിലും സാഹിബ് പങ്കെടുത്ത പൊതുയോഗങ്ങള്‍ വിഭജനാനുകൂലികളുടെ പ്രതിഷേധങ്ങളാല്‍ സംഘര്‍ഷഭരിതമായി. അബ്ദുറഹ്മാന്‍ ഗോ ബാക്ക്, അബ്ദുറഹ്മാന്റെ തലയെടുക്കും തുടങ്ങിയ പ്ലക്കാര്‍ഡുകളും പരസ്യപ്പലകകളും നിറഞ്ഞിരുന്നു. അതിനു മുന്നിലൊന്നും പതറാതെ ദ്വിരാഷ്ട്രവാദത്തിനെതിരായ നിലപാടുകളുമായി അബ്ദു റഹ്മാന്‍ മുന്നോട്ടുപോയി. പിന്നീട് കേരളത്തിലും തെക്കേ ഇന്ത്യയില്‍ ഒട്ടാകെയും മുഴങ്ങിയത് മതസൗഹാര്‍ദത്തിനു വേണ്ടിയും സാമ്രാജ്യത്വത്തിനെതിരെയുമായി ഉയര്‍ന്ന അണമുറിയാത്ത ആഹ്വാനമായിരുന്നു, ദ്വിരാഷ്ട്ര വാദത്തിനെതിരെയുള്ള സിംഹഗര്‍ജ്ജനമായിരുന്നു.

1945ലെ റംസാന്‍ മാസത്തില്‍ മതിലകത്ത് വെച്ച് അബ്ദു റഹ്മാന്‍ സാഹിബിനെ പ്രസംഗിക്കാന്‍ അനുവദിക്കാതെ ദ്വിരാഷ്ട്ര വാദികളും രാഷ്ട്രീയ എതിരാളികളും ചേര്‍ന്ന് പൊതുയോഗം അലങ്കോലമാക്കിയിരുന്നു. മതിലകത്തെ രാഷ്ട്രീയസാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന അന്തരിച്ച പി.എം ഖാദര്‍ ഖേദപൂര്‍വ്വം ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ‘അന്ന് വളരെ വികാരഭരിതനായ സാഹിബ്, ‘ഞാന്‍ വീണ്ടും വരും. അത് സ്വതന്ത്ര ഇന്ത്യയിലായിരിക്കും. അന്ന് നമുക്ക് വീണ്ടും കാണാം. ഇന്‍ശാ അളളാ’ എന്ന് പറഞ്ഞു കൊണ്ടാണ് അന്ന് പ്രസംഗവേദി വിട്ടത്.’

എന്നാല്‍ സ്വാതന്ത്ര്യ പുലരി കാണാന്‍ നില്‍ക്കാതെ 1945 നവംബര്‍ 23 ന് കൊടിയത്തൂരിലെ പൊതുയോഗത്തില്‍ പ്രസംഗിച്ചശേഷമുള്ള യാത്രയില്‍ നാല്‍പ്പത്തി ഏഴാം വയസ്സില്‍ അദ്ദേഹം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയത്തിലെ ഒരു യുഗാന്ത്യം തന്നെയായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News