
ഉത്തര കന്നടയിലെ ഷിരൂരിൽ സംഭവിച്ച മണ്ണിടിച്ചിലിൽ മലയാളിയായ അർജുൻ അകപ്പെട്ടതും പിന്നാലെ നാളുകൾ നീണ്ടുനിന്ന രക്ഷാപ്രവർത്തനവുമെല്ലാം ഇന്നും കേരളക്കര മറന്നിട്ടില്ല. നടക്കില്ലെന്ന് അറിയാമെങ്കിലും അർജുന്റെ തിരിച്ചുവരവിനായി ഉള്ളുരുകി പ്രാർത്ഥിച്ചവരാണ് മലയാളികൾ. എന്നാൽ എല്ലാ പ്രാർത്ഥനകളെയും വിഫലമാക്കിക്കൊണ്ട് 72 ദിവസങ്ങൾക്ക് ശേഷമാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ആ അപകടം നടന്നിട്ട് ഇന്ന് ഒരു വർഷമായി. എന്നാൽ അത് വിശ്വസിക്കാൻ ആർക്കും ഇപ്പോഴും സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഇന്നലെയെന്ന പോലെ ഷിരൂരിലെ ദിനങ്ങൾ എന്നും ഓർക്കാറുണ്ടെന്ന് പറയുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മലയാളിയുടെ മനുഷ്യ സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും വികാരം ലോകമാകെ അത്ഭുതത്തോടെ നോക്കി നിന്ന ദിവസങ്ങളായിരുന്നു അത് എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
അർജുൻ…
ഒരു വർഷം കഴിഞ്ഞു എന്നത് വിശ്വസിക്കാനാവുന്നില്ല..
ഇന്നലെയെന്ന പോലെ ഷിരൂരിലെ ദിനങ്ങൾ എന്നും ഓർക്കാറുണ്ട്..
അപകടം പുറത്തറിഞ്ഞ ദിവസം മുതൽ ലോകത്തെമ്പാടുമുള്ള മലയാളികൾ ഒരു മനുഷ്യ ജീവന് വേണ്ടി ഒറ്റക്കെട്ടായി പൊരുതുകയായിരുന്നു.
മലയാളിയുടെ മനുഷ്യ സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും വികാരം ലോകമാകെ അത്ഭുതത്തോടെ നോക്കി നിന്ന ദിവസങ്ങളായിരുന്നു അത്.
72 ദിവസങ്ങൾ നമ്മൾ അർജുന് വേണ്ടി കാത്തു നിന്നു. ഒടുവിൽ ദുഃഖകരമായ ആ വാർത്ത നമ്മെ തേടിയെത്തി.
ലോറി കണ്ടെത്താൻ വേണ്ടി ഉത്തരവാദിത്തം നിർവ്വഹിച്ച കർണാടക സർക്കാർ, ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, വിവരം അറിഞ്ഞ് ഷിരൂരിലേക്ക് ഓടിയെത്തിയ നല്ലവരായ കുറെ മനുഷ്യർ, ഷിരൂരിലെ നാട്ടുകാർ, അർജുനെ കണ്ടെത്തും വരെ അവിടെ തുടർന്ന അർജുൻ്റെ സഹ പ്രവർത്തകർ, അവസാന നിമിഷം വരെ ആത്മവിശ്വാസം ചോരാതെ പൊരുതിയ അർജുൻ്റെ ഭാര്യയും കുടുംബാംഗങ്ങളും..
എല്ലാവരെയും ഓർക്കുന്നു..
കഴിഞ്ഞ വർഷം ഇതേ ദിവസമാണ് അർജുനെ നമുക്ക് നഷ്ടമാകുന്നത്.
അർജുൻ്റെ ഓർമകൾക്ക്
മുൻപിൽ പ്രണാമം 🌹

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

