
ബിജെപി ദേശീയ നേതാക്കൾ ജ്യോതി മൽഹോത്ര വിഷയത്തിൽ മന്ത്രി റിയാസിൻ്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്താണ് വിഷയം? സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസിനെ കൊണ്ട് വന്നു കേരള ടൂറിസം പ്രചരണം ശക്തിപ്പെടുത്തുക എന്നത് വളരെ നേരത്തെ തന്നെ നടപ്പിലാക്കുന്ന കാര്യമാണ്. അതായത് റിയാസ് ടൂറിസം മന്ത്രി ആകുന്നതിന് മുമ്പ് (യുഡിഎഫ് ഭരണകാലത്തും).
ദേശീയ – അന്തർദേശീയ തലത്തിൽ പ്രശസ്തരായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ എത്തിക്കുകയും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കേരള ടൂറിസത്തിന് പ്രചരണം സംഘടിപ്പിക്കുകയും ആണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വ്യത്യസ്ത സമയങ്ങളിലായി ഇത്തരം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ കേരളത്തിൽ എത്തിക്കുകയാണ് പതിവ്. കളിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ അഞ്ഞൂറിലധികം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസ് ആണ് ഇത്തരത്തിൽ കേരളത്തിൽ വന്നിട്ടുള്ളത്.
Also Read: പത്തനംതിട്ട കോന്നി പാറമട ദുരന്തം; റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി
ബ്ലോഗ് എക്സ്പ്രസ് , കേരളം കാണാം, മൈ ഫസ്റ്റ് ട്രിപ്പ് , ഹ്യൂമൺ ബൈ നേച്ചർ , ലാന്റ് ഓഫ് ഹാർമണി തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകളിലൂടെ ഇൻഫ്ലുവൻസേഴ്സിനെ കേരളത്തിൽ എത്തിക്കുകയാണ് പതിവ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നാൽപ്പതിലേറെ വ്ലോഗർമാർ കേരളത്തിൽ വരികയും അവരുടെ വീഡിയോകളും ഫോട്ടോകളും വലിയ പ്രചാരം നേടുകയും കേരള ടൂറിസത്തിന് സഹായകരമാവുകയും ചെയ്തിട്ടുണ്ട്.
കൊണ്ടു വരുന്ന വ്ലോഗർമാരുടെ പട്ടിക മന്ത്രിയോ മന്ത്രി ഓഫീസോ കണ്ടു നടപ്പാക്കേണ്ടതല്ല, മുൻ ടൂറിസം മന്ത്രിമാരുടെ കാലഘട്ടത്തിലും അങ്ങനെ ഒരു രീതി ഇല്ല. ടൂറിസത്തിന്റെ പ്രചാരണത്തിന് നേരത്തെ തന്നെ എം പാനൽ ചെയ്ത മാർക്കറ്റിംഗ് ഏജൻസികൾ ഉണ്ട്. അവർ സോഷ്യൽ മീഡിയയിൽ മികച്ച നിലയിൽ പ്രചാരമുള്ള വ്ളോഗർമാരെ തെരഞ്ഞെടുക്കകയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയും ആണ് ചെയ്യുക.
വ്ലോഗർമാർക്ക് സോഷ്യൽ മീഡിയയിൽ ഉള്ള സ്വീകാര്യതയും അവർക്ക് ടൂറിസം മേഖലയിൽ സമാനമായി ചെയ്ത പോസ്റ്റുകളുമാണ് പ്രധാനമായും പരിശോധിക്കുക. ഈ മാർക്കറ്റിംഗ് ഏജൻസികൾ കേരളത്തിലേക്ക് വരാൻ താത്പ്പര്യമുള്ളവരെ ബന്ധപ്പെടുകയും കേരളത്തിലേക്ക് എത്തിക്കുകയും ആണ് ചെയ്യുക. സ്വാഭാവികമായും അവരുടെ ചെലവുകളും മറ്റു കാര്യങ്ങളും ഇതിന്റെ ഭാഗമായി നിർവ്വഹിക്കേണ്ടി വരും.
ജ്യോതി മൽഹോത്ര
ജ്യോതി മൽഹോത്ര ( TRAVEL WITH JO),
യൂട്യൂബിൽ 392 K സബ്സ്ക്രൈബേർസ് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്

അവരുടെ കണ്ടന്റുകൾക്ക് നല്ല റീച്ചും ഉണ്ടായിരുന്നു. അവർ മറ്റ് പല സംസ്ഥാനങ്ങൾക്കു വേണ്ടിയും ഇത്തരം കണ്ടന്റുകൾ ചെയ്യുന്നുണ്ടായിരുന്നു. അവരുടെ യൂട്യൂബ് പേജിൽ അതെല്ലാം ഉണ്ടായിരുന്നു. അവർ കേരളത്തിലേക്ക് വന്നത് 2025 ജനുവരി 15 ന്. ജനുവരി 21 ന് മടങ്ങുകയും ചെയ്തു.
ചാരവൃത്തിക്ക് അവരെ അറസ്റ്റു ചെയ്യുന്നത് 2025 മെയ് 17 ന്. പഹൽ ഗാം സംഭവത്തിനു ശേഷമാണ് ഈ അറസ്റ്റ് എന്നു കാണാം. അതായത് കേരളത്തിൽ വന്ന് നാലു മാസം കഴിഞ് നടന്ന സംഭവത്തിലാണ് അറസ്റ്റ്. ഇക്കാര്യത്തിൽ പുകമറ സൃഷ്ടിച്ച് റിയാസിനെ പതിവു പോലെ കരിവാരിതേക്കാനും കേരള ടൂറിസത്തെ തകർക്കാനുമാണ് ശ്രമം.
ഇവർ ചാരവൃത്തി നടത്തുന്നുണ്ടോ എന്ന് പറയേണ്ടത് കേന്ദ്ര അന്വേഷണ ഏജൻസികളാണ്. 2025 ജനുവരി 15നും ജനുവരി 21 നും ഈ വനിതക്കെതിരെ ചാരവൃത്തിക്കെതിരെ ഒരു കേസുണ്ടോ..? രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസ് ഉണ്ടോ.? ഇല്ല , അങ്ങനെ ഒരു കേസും നിലവിൽ ഇല്ല.
ഈ വനിത കേരളത്തിൽ വരുമ്പോൾ അവർക്ക് എതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് പൊതു ഇടങ്ങളിൽ നൽകിയിരുന്നോ..?
ഇല്ല, ഒരു മുന്നറിയിപ്പും നൽകിയില്ല. അവരുടെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണം ആ ഘട്ടത്തിൽ നടത്തിയിരുന്നോ..?ഇല്ല, കേന്ദ്ര ഏജൻസികൾ നടത്തിയിട്ടില്ല.
അവർ കേരളത്തിലേക്ക് വരുന്നു എന്ന് അറിഞ്ഞു എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് കേരള ടൂറിസത്തിനു കേന്ദ്ര ഏജൻസികൾ നൽകിയിരുന്നോ..? ഒരു മുന്നറിയിപ്പും നൽകിയിരുന്നില്ല.
അങ്ങനെ മുന്നറിയിപ്പുള്ള വ്യക്തി ആണ് ഇങ്ങനെ വന്നത് എന്ന ആക്ഷേപം ഉണ്ടോ..? അങ്ങനെ ഒരു ആക്ഷേപം ആരും പറഞ്ഞു കേട്ടില്ല.
അതുവരെ ഒരു രാജ്യദ്രോഹ കേസ് ഇല്ലാതിരുന്ന , ഒരു മുന്നറിയിപ്പും ഇല്ലാതിരുന്ന ഒരാൾ കേരളത്തിൽ വരുന്നതിന് ടൂറിസം വകുപ്പിനെ കുറ്റം പറയാനാകുമോ.? റിയാസിന് ഇതിൽ എന്ത് റോൾ?
കേന്ദ്രഅന്വേഷണ ഏജൻസികൾക്ക് പോലും കണ്ടെത്താൻ കഴിയാതിരുന്ന ആളെ കുറിച്ച് എങ്ങനെയാണ് കേരള ടൂറിസത്തിന് മുൻകൂറായി കണ്ടെത്തുവാൻ കഴിയുക. നാലു മാസത്തിന് ശേഷം അവർ അറസ്റ്റിലായതിന് കേരള ടൂറിസം എന്തു പിഴച്ചു ..? ഈ കേസും കേരള ടൂറിസവുമായി എന്ത് ബന്ധം..?
അവർ സന്ദർശനം നടത്തി ബ്ലോഗ് ചെയ്ത രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ ഇല്ലാത്ത വിവാദം കേരളത്തിൽ മാത്രം എന്തിനാണ്..? സത്യത്തിൽ ആരാണ് കുറ്റക്കാർ..?
കേരളടൂറിസത്തെ തകർക്കുവാൻ അച്ചാരം വാങ്ങിയ ഈ പ്രചരണം നടത്തുന്നവരോട് കേന്ദ്രത്തെ തുറന്നു കാണിക്കുവാൻ സന്ദർഭം ഉണ്ടാക്കി തന്നതിന് അതിയായ സന്തോഷമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

