വര്‍ഗീയവാദികളും കോണ്‍ഗ്രസും തമസ്‌ക്കരിക്കാന്‍ ശ്രമിക്കുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍

ആര്‍.രാഹുല്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് കരിനിഴല്‍ വീഴ്ത്തിയ സംഭവമായിരുന്നു ദ്വിരാഷ്ട്ര വാദം. വര്‍ഗ്ഗീയ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയ കാഴ്ചപ്പാടും നേരിട്ട് ഏറ്റുമുട്ടിയ കാലഘട്ടത്തില്‍ ദേശീയ രാഷ്ട്രീയ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച് മലബാറില്‍ കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ക്ക് വേണ്ടി  മരണപ്പെടുന്നതിന് തൊട്ടു മുമ്പ് വരെ അതിനെതിരെ പോരാടിയ വ്യക്തിത്വമായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെത്.

എന്നാല്‍ സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകം അവകാശപ്പെടുന്നവരും ചരിത്രം തിരുത്തി അത് തങ്ങളുടേതാക്കി മാറ്റാനും ശ്രമിക്കുന്നവരും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ മറച്ച് പിടിക്കാനുള്ള ശ്രമമാണ് ഇന്ന് നടത്തുന്നത്. നവീകരിച്ച തളി കണ്ടംകുളം ജൂബിലി ഹാളിന് കോഴിക്കോട് കോര്‍പ്പറേഷന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ പേര് നല്‍കിയതാണ് വര്‍ഗീയവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. കേരള നവോത്ഥാന നായകരുടെ നിരയില്‍ ആദ്യസ്ഥാനത്ത് ഉയര്‍ത്തിക്കാട്ടേണ്ട മഹത് വ്യക്തിത്വത്തെയാണ് ചരിത്രം ബോധം തൊട്ടു തീണ്ടിട്ടിയിട്ടില്ലാത്തവരും, സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ നാലയലത്ത് പോലും ഇല്ലാതിരുന്നവരും ഇന്ന് അപഹസിക്കാന്‍ ശ്രമിക്കുന്നത്.

പൈതൃക സംരക്ഷണ സമിതിയെന്ന പേരില്‍ അബ്ദുറഹ്മാന്‍ സാഹിബിന്റെ പേരിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഒരുഘട്ടത്തിലും പങ്കാളികളല്ല. എന്നാല്‍ അബ്ദു റഹ്മാന്‍ സാഹിബിന്റെ ജീവിതം തന്നെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി കൊത്തിവച്ചിരിക്കുന്ന ഒന്നാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ ധീരോധാത്തമായ ഇടപെടലുകളും വൈക്കം സത്യഗ്രഹസമരഭൂവില്‍ നടത്തിയ പോരാട്ടങ്ങളും സാഹിബിന്റെ ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ സ്പന്ദിക്കുന്ന ചരിത്രസത്യങ്ങളാണ്. ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ചരിത്രം എന്നും മതേതര കേരളത്തിന് ഉണര്‍ത്തുപാട്ടാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

മലബാറിലെ ഉപ്പുസത്യാഗ്രഹത്തില്‍ കൊടുങ്കാറ്റായി അബ്ദുറഹ്മാന്‍

1921 ലെ മലബാര്‍ കലാപത്തിന് ശേഷം മുസ്ലീംങ്ങളെ ബ്രിട്ടീഷ് ഭരണകൂടം തെരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കാനും പ്രശ്‌നത്തില്‍ ഗാന്ധിയെ ഇടപെടീക്കാനും അബ്ദുറഹ്മാന്‍ സാഹിബിന്റെ ശ്രമത്തിന് കഴിഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹം കാഫിറാണെന്ന് മുസ്ലിം പ്രമാണിമാര്‍ ഹത്‌വ ഇറക്കി. 1930 മെയ് 12ന് ഗാന്ധിയില്‍ നിന്നും ആവേശം കൊണ്ട് മലബാറും ഉപ്പ് സത്യാഗ്രഹത്തില്‍ പങ്ക് ചേര്‍ന്നു. കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രങ്ങള്‍ പയ്യന്നൂര്‍, ബേപ്പൂര്‍ എന്നിവയായിരുന്നു. പയ്യന്നൂരിലെ ഉപ്പ് സത്യാഗ്രഹ നേതാവ് കേരള ഗാന്ധി എന്നറിയപ്പെട്ട കെ. കേളപ്പനും ബേപ്പൂരില്‍ ഉപ്പ് സത്യാഗ്രഹം നയിച്ചത് കേരളാ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെട്ട മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബും ആയിരുന്നു.സൈമണ്‍ കമ്മീഷന്‍ വിരുദ്ധ സമരത്തിലും ഉപ്പു സത്യാഗ്രഹത്തിലും നേതൃനിരയിലുണ്ടായിരുന്നു അബ്ദു റഹ്മാന്‍. 1930 മെയ് 12 ന് കോഴിക്കോട് ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത അദ്ദേഹം പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി.

1930 മെയ് 12ന് ഉപ്പു സത്യാഗ്രഹ ജാഥ കോഴിക്കോട് കടപ്പുറത്ത് തിരകളുടെ ഗര്‍ജ്ജനവും മറികടന്ന് മുഴങ്ങുന്നു. പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിടയിലും നേതാക്കള്‍ മുന്നാക്കം നടക്കുകയാണ്. ഏറ്റവും മുന്നില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. തൊട്ടുപിന്നില്‍ കെ. മാധവനായര്‍.അവരുടെ ശരീരത്തില്‍ ലാത്തികള്‍ വീണുകൊണ്ടിരുന്നു. മണല്‍ത്തരികളിലേക്ക് അബ്ദുറഹ്മാന്‍ സാഹിബിന്റെ രക്തംവീഴുന്നത് മാധവന്‍ നായര്‍ കണ്ടു. അദ്ദേഹം ഈ സംഭവത്തക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. സാഹിബിന്റെ തൂവെള്ള ഖദര്‍വസ്ത്രം രക്തത്തില്‍ കുതിര്‍ന്നു. എന്നിട്ടും അദ്ദേഹം മുന്നോട്ട് നടക്കുകയാണ്. സത്യാഗ്രഹികള്‍ അതുകണ്ടു ആവേശോജ്ജമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിന്നാലെയെത്തി. നിര്‍ദയമായ ലാത്തികള്‍ക്ക് സത്യാഗ്രഹികളുടെ ആവേശത്തെ തടുക്കാനായില്ല.സത്യാഗ്രഹികള്‍ക്കെതിരെയുള പൊലീസ് നടപടികണ്ട് സഹിക്കാതെ എം.പി. ഭട്ടതിരിപ്പാട് (പ്രേംജി) എഴുതി;

“കേരളസിംഹമാം അബ്ദുറഹ്മാന്റെ
വീരകണ്ഠത്തിലും ലാത്തിചാര്‍ത്തിയതാര്‍
ആ മുഴു മുഠാള പോലീസ് സൂപ്രണ്ട്
ആ മൂസാഹബ്ബിന്റെ നാടാണു കേരളം”

അറസ്റ്റ് ചെയ്ത സത്യാഗ്രഹികളെ പിന്നീട് ജയില്‍മുക്തരാക്കിയപ്പോഴും അബ്ദുറഹ്മാനെ ബ്രിട്ടീഷുകാര്‍ വിട്ടയച്ചില്ല. ആ ഘട്ടത്തില്‍ കെ. മാധവന്‍നായര്‍ മാതൃഭൂമിയില്‍ എഴുതി; ‘അബ്ദുള്‍ റഹിമാന്റെ സ്വരാജ്യസ്‌നേഹവും കേളപ്പന്റെ ധൈര്യവും കൃഷ്ണസ്വാമി അയ്യരുടെ സഹനവും ഉറങ്ങിക്കിടന്ന കേരളത്തെ ഉണര്‍ത്തി. ഭീരുക്കളെ ധീരന്മാരാക്കി, അലസന്മാരെ ഉത്സാഹമുള്ളവരാക്കി’.

കണ്ണൂര്‍, വെല്ലൂര്‍, രാജമന്ദ്രി, ബെല്ലാരി ജയിലുകളിലായി ഒമ്പത് മാസത്തെ തടവ് ശിക്ഷയും അബ്ദുറഹ്മാന്‍ അനുഭവിച്ചു. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലുള്ള വിശ്വാസം നഷ്ടപ്പെട്ട മലബാറിലെ മുസ്ലിം സമുദായത്തെ ഏതാണ്ട് പൂര്‍ണ്ണമായി കോണ്‍ഗ്രസിനൊപ്പം ദേശീയ പ്രസ്ഥാനത്തില്‍ തിരിച്ചെത്തിക്കാനും ഇത്തരം ഇടപെടലുകളിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു. ഇതിന് ദൃഷ്ടാന്തമായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ഉപ്പ് സത്യാഗ്രഹം. ഇതില്‍ മുസ്ലിം യുവാക്കളുടെ പ്രാതിനിധ്യം വളരെ സജീവമായിരുന്നു. എന്ന് മാത്രമല്ല മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് നഷ്ടപ്പെട്ട വിശ്വാസ്യത തിരികെ കിട്ടുവാന്‍ ഇത് സഹായിച്ചു.

അല്‍ അമീനും സാഹിബും നേരിട്ട അവഹേളനങ്ങള്‍

ഒരു രാഷ്ട്രീയ നേതാവ് സമൂഹത്തിനിടയില്‍ കര്‍മനിരതനായി എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന ഉത്തമ ഉദാഹരണമായിരുന്നു അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതം. മുസ്ലിം സമുദായത്തെ പുരോഗതിയിലേക്കു നയിക്കുകയും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാക്കുകയും ചെയ്യുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് അല്‍ അമീന്‍ എന്ന പത്രം അദ്ദേഹം ആരംഭിച്ചത്. ഒട്ടേറെ പ്രതിബന്ധങ്ങള്‍ നേരിട്ട ‘അല്‍ അമീന്‍’ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പടവാളായി മാറി. ഒരു യഥാര്‍ത്ഥ ആദര്‍ശ പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മികത സാഹിബ് ‘അല്‍ അമീനി’ലൂടെ വെളിവാക്കി.

1924 ഒക്ടോബര്‍ 15ന് മഹാകവി വള്ളത്തോള്‍ നാരായണമേനോന്റ ആശംസയോടെയാണ് അബ്ദുറഹ്മാന്‍ സാഹിബിന്റെ എഡിറ്റോറിയലില്‍ ‘അല്‍ അമീന്‍’ പത്രം പുറത്തിറങ്ങുന്നത്. ബ്രിട്ടീഷ് അധികാരികളെയും, അവരുടെ പാദസേവകരായ തദ്ദേശീയരെയും ‘അല്‍ അമീനി’ന്റെ നിശിത വിമര്‍ശനങ്ങള്‍ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. മുസ്ലിം വര്‍ഗീയ പത്രമെന്ന് കോണ്‍ഗ്രസ്സിലെ സവര്‍ണ നേതാക്കളാല്‍ വിശേഷിപ്പിക്കപ്പെട്ട പത്രം ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയത് മുസ്ലിം പ്രമാണിമാരില്‍ നിന്നായിരുന്നു എന്നതാണ് ഏറെ രസകരം. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്ന അബ്ദുറഹ്മാന്‍ സാഹിബിന് കേരളത്തിലെ വലിയൊരു വിഭാഗം മുസ്ലിങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കോളോണിയല്‍ അജണ്ടയില്‍ വീഴാതെ ദേശീയധാരയില്‍ നിലനിര്‍ത്തുവാന്‍ കഴിഞ്ഞു. അതോടൊപ്പം തന്നെ മുസ്ലിങ്ങള്‍ക്കിടയിലെ അന്ധവിശ്വാസങ്ങളെയും അബ്ദുറഹ്മാന്‍ സാഹിബും അല്‍അമീനും ശക്തിയുക്തം എതിര്‍ത്തു.

തന്റെ പത്രത്തിനെ വര്‍ഗീയ പത്രം എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് മറുപടിയായി 1930 ജൂലൈ 29 ന് പ്രസിദ്ധീകരിച്ച അല്‍ അമീന്റെ മുഖപ്രസംഗത്തില്‍ ഇങ്ങനെ കുറിച്ചു, ‘പരിഷ്‌കൃത ഭരണകൂടങ്ങള്‍ പൊതുജന ജിഹ്വകളായ വര്‍ത്തമാന പത്രങ്ങള്‍ക്ക് നല്‍കുന്ന സ്ഥാനത്തെപ്പറ്റി ഇവിടുത്തെ അധികൃതര്‍ക്ക് നിശ്ചയമുണ്ടോ എന്ന കാര്യം സംശയമാണ്. സത്യം തുറന്നുപറയുന്ന പത്രങ്ങള്‍ ഇവിടെ അല്‍പായുസ്സുകളാക്കപ്പെടുന്നു. ‘നിങ്ങള്‍ക്ക് ദോഷകരമായിത്തീരുമെങ്കില്‍ പോലും സത്യം പറയണം’ എന്നാണ് മുഹമ്മദ് നബി അനുശാസിച്ചിട്ടുള്ളത്. എന്നാല്‍, ഇന്നത്തെ പരിതസ്ഥിതിയില്‍ മലബാറില്‍ പ്രത്യേകിച്ചും, പ്രവാചകന്റെ വിശുദ്ധ വചനമനുസരിച്ച് പത്രം നടത്തിക്കൊണ്ടു പോവുക അസാധ്യമായിത്തോന്നും. അഭിപ്രായ പ്രകടനത്തില്‍ സത്യം ഒളിച്ചു വെക്കുന്നവന്‍ ചെകിടനായ ചെകുത്താനാണെന്ന് പ്രവാചക പ്രഭു അരുളിയിട്ടുണ്ട്. റസൂല്‍ തിരുമേനിയുടെ പ്രസ്തുത വചനം മനസ്സില്‍ ഉറപ്പിച്ചുകൊണ്ടു തന്നെയാണ് അല്‍ അമീന്‍ ഇന്നോളവും നിലനിന്നു പോന്നത്. പക്ഷെ, അമീനെ ചെകിടനായ ചെകുത്താനാക്കുവാനാണ് ചില തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നതെന്ന് വിചാരിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരവസ്ഥ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുകയാണങ്കില്‍ ഭരണാധികാരികളുടെ ഏത് മൂര്‍ച്ചയേറിയ ആയുധത്തിനും സസന്തോഷം, സധൈര്യം കഴുത്തു കാണിച്ച് കൊടുക്കുകയല്ലാതെ ഒരൊറ്റ നിമിഷം കൂടുതല്‍ ജീവിക്കുവാന്‍ അല്‍ അമീന്‍ ആഗ്രഹിക്കുകയില്ല.’

മതത്തെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകള്‍…

മത മൂല്യങ്ങളാല്‍ പ്രചോദിതമായ ഒരു ജീവിതമായിരുന്നു പൊതുപ്രവര്‍ത്തനത്തിലായാലും മറ്റ് മേഖലകളിലായാലും മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റേത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മതം എന്നത് എന്തെങ്കിലും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കോ, വ്യക്തിപരമായി നേട്ടമുണ്ടാക്കാനോ വേണ്ടിയുള്ള ഉപകരണം ആയിരുന്നില്ല. അത് ദൈവവും അബ്ദുള്‍ റഹ്മാന്‍ എന്ന വ്യക്തിയും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടുകളോ ആയിരുന്നില്ല. ഏത് പ്രതികൂല സാഹചര്യത്തിലും നിര്‍വഹിക്കാന്‍ ബാധ്യസ്ഥമായ നീതിക്കു വേണ്ടിയുള്ള സാക്ഷ്യത്തിന്റെ നിര്‍വഹണമായിരുന്നു അദ്ദേഹത്തിന് മതം.

‘മുസല്‍മാനുമാത്രമായി സ്വാതന്ത്ര്യമില്ല, അവന് മാത്രമായി ദാരിദ്യമില്ല, പോരാട്ടം മനുഷ്യര്‍ക്ക് വേണ്ടിയാവണം. മുസല്‍മാന് വേണ്ടിയാവരുത്’ എന്ന് പല തവണ അദ്ദേഹം ആഹ്വാനം ചെയ്തു. അത്തരത്തില്‍ നിലപാട് സ്വീകരിച്ചു കൊണ്ട് അദ്ദേഹം മാറ്റാന്‍ ശ്രമിച്ചത്, 1921ലെ കലാപത്തിന്റെ ഫലമായി കഷ്ടപ്പാടും മര്‍ദനവും അനുഭവിച്ച മുസ്ലിം സമുദായത്തിന്റെ നിരാശയും ദേശീയ പ്രസ്ഥാനത്തോട് അവര്‍ക്ക് തോന്നിയ അവിശ്വാസവുമായിരുന്നു. ഹിന്ദു-മുസ്ലിം ഭിന്നിപ്പ് എന്ന കൊളോണിയല്‍ അജണ്ടയില്‍ വഴിതെറ്റി വീണുകൊണ്ടിരുന്ന ആ സമുദായത്തിലെ യുവാക്കളെയും ബഹുജനങ്ങളെയുമാണ് അദ്ദേഹത്തിന് ദേശീയവാദികളാക്കി മാറ്റാനുണ്ടായിരുന്നത്. അതിന് മുസ്ലിം സമുദായത്തിലെ പ്രമാണിമാരോടും പ്രചരിപ്പിച്ചിരുന്ന അന്ധവിശ്വാസങ്ങളോടുമാണ് അദ്ദേഹത്തിന് പോരാടേണ്ടി വന്നത്.

1930 ജൂണ്‍ 25 മുതല്‍ ത്രൈദിനപത്രമായി പുറത്തിറങ്ങിയിരുന്ന ‘അല്‍ അമീന്‍’ ദിനപത്രമായി. എന്നാല്‍ ആ വര്‍ഷം തന്നെ 2000രൂപ കെട്ടിവെക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിട്ടു. ആ സമയത്ത് ജയിലിലായിരുന്ന അബ്ദുള്‍ റഹ്മാന്‍ സാഹിബ് അന്യായമായ ആ കല്‍പ്പന അനുസരിക്കേണ്ടെന്നു സഹപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് പത്രം കണ്ടുകെട്ടി. നിരോധനം നീക്കി 1930 ന് നവംബര്‍ 20ന് പ്രസിദ്ധീകരണം പുനരാരംഭിച്ച അല്‍ അമീന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും ത്രൈദിന പത്രമാക്കി. മുസ്ലീം സമുദായത്തിനുള്ളില്‍ നിന്ന് വഹാബിയും കാഫിറുമെന്ന പ്രചാരണവും പുറത്തുനിന്ന് മുസ്ലിം വര്‍ഗ്ഗീയവാദി എന്ന ആരോപണം. രണ്ട് വിരുദ്ധ പ്രചരണങ്ങളെ ഒരേ സമയം അഭിമുഖീകരിക്കേണ്ടി വന്നു അക്കാലയളവില്‍ അബ്ദുള്‍ റഹ്മാന്‍ സാഹിബിന്. (തുടരും…)

ഭാഗം 2: മുഹമ്മദ്അബ്ദു റഹ്മാനോട് ഇന്നും നീതി പുലര്‍ത്താത്ത കോണ്‍ഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News