
തിരുവനന്തപുരം മുതലപ്പൊഴി അഴിമുഖത്തെ മണല്‍തിട്ട നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മൂന്ന് ദിവസത്തിനകം ഡ്രഡ്ജര്‍ എത്തിച്ച് മണല്‍ നീക്കം ചെയ്യുമെന്ന ഫിഷറീസ് വകുപ്പ് സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് നടപടി. ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹാരിക്കുമെന്നും അദ്ദേഹം തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.
അഴിമുഖത്ത് രൂപപ്പെട്ട മണല്‍ത്തിട്ട അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ടാണ് മുതലപ്പൊഴി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചത്. ഡ്രഡ്ജര്‍ എത്തിച്ച് മണല്‍ നീക്കം ആരംഭിക്കുക, ഹാര്‍ബറിന്റെ അശാസ്ത്രീയത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പെരുമാതുറ, മുതലപ്പൊഴി, പൂത്തുറ ഭാഗങ്ങളിലെ റോഡുകള്‍ സമരക്കാര്‍ പൂര്‍ണമായും കയര്‍കെട്ടി അടച്ചു. തുടര്‍ന്ന് ഫിഷറീസ് വകുപ്പ് സെക്രട്ടറി അബ്ദുള്‍ നാസര്‍ ഐ എ എസ്, ആറ്റിങ്ങല്‍ ഡി വൈ എസ് പി മഞ്ജുലാല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു.
മൂന്ന് ദിവസത്തിനകം ഡ്രഡ്ജര്‍ എത്തിച്ച് മണല്‍ നീക്കം ആരംഭിക്കുമെന്ന് ഫിഷറീസ് സെക്രട്ടറി സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. തൃശൂര്‍ ചേറ്റുവയില്‍ നിന്നാണ് ഡ്രഡ്ജര്‍ എത്തിക്കുക. ചെന്നൈയില്‍ നിന്നും തൂത്തുക്കുടിയില്‍ നിന്നും സാന്‍ഡ് പമ്പിങ് മെഷീനും എത്തിക്കും. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്നും ഫിഷറീസ് സെക്രട്ടറി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെ സമരക്കാര്‍ പ്രതിഷേധത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. തുറമുഖത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിയിരുന്ന പണിമുടക്ക് സമരവും അവസാനിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


