‘എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്’; സിദ്ദിഖിന്റെ വേർപാടിൽ മുകേഷ്

സംവിധായകൻ സിദ്ദിഖിന്റെ വേർപാടിൽ അനുശോചനമറിയിച്ച് കലാകേരളം. എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്…?എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ, എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ… എന്ന് തുടങ്ങിയാണ് തന്റെ പ്രിയ സംവിധായകനെ നടൻ മുകേഷ് ഓർത്തെടുക്കുന്നത്.

സിദ്ദിഖിന്റെ മിക്ക ചിത്രങ്ങളിലും മുകേഷ് പ്രധാനവേഷങ്ങളിൽ എത്തിയിരുന്നു. ഹലോ റാംജി റാവു സ്പീക്കിംഗ്,ഇൻ ഹരിഹർ നഗർ,  സൗഹൃദത്തിന്റെ ട്രാക്കിൽ സിദ്ദീഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫ്രണ്ട്‌സ്,ക്രോണിക്ക് ബാച്ചിലർ, ഹിറ്റ്ലർ, ഗോഡ്ഫാദർ തുടങ്ങി ഒരുപാടേറെ ചിത്രങ്ങൾ. മുകേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

സിദ്ദീഖ് വിട പറഞ്ഞു 💔💔💔
എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്…?
എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ,
എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ,
മുകേഷ് എന്ന നടന് മലയാളികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടാൻ,
ഒരു നൂറ്റാണ്ടിന്റെ സിനിമകൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു….
വ്യക്തിപരമായും ഇത് എനിക്ക് നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്… ഒരിക്കലും പ്രതീക്ഷിക്കാത്ത വിയോഗം..
ഈ സാഹചര്യത്തിൽ കൂടുതൽ പറയാൻ ഞാൻ അശക്തനാണ്….
ആത്മമിത്രമേ ആദരാഞ്ജലികൾ💔💔💔

സിനിമയിൽ ഹാസ്യത്തിന്റെ ടേണിങ് പോയിന്റായിരുന്നു സിദ്ദിഖിന്റെ ചിത്രങ്ങൾ. സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗം കേരളക്കരയ്ക്ക് തീരാ നഷ്ടമാണ്. മിമിക്രിയിലൂടെ സിനിമാ രംഗത്തെത്തിയ സിദ്ദിഖ്, പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാനുള്ള ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ചാണ് അപ്രതീക്ഷിതമായി യാത്രയാകുന്നത്.

Also Read: ഹാസ്യത്തിന്റെ ഗോഡ്ഫാദറിന് വിട; കുഞ്ചാക്കോ ബോബൻ

1956ല്‍ എറണാകുളം കലൂര്‍ ചര്‍ച്ച് റോഡില്‍ സൈനബാസില്‍ ഇസ്മയില്‍ റാവുത്തറുടേയും സൈനബയുടേയും മകനായാണ് ജനനം. കലൂര്‍ ഗവ. ഹൈസ്‌കൂള്‍, കളമശേരി സെന്റ് പോള്‍സ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായ സിദ്ദിഖ്, കലാഭവനിലും ഹരിശ്രീയിലും തന്റേതായ മുദ്രപതിപ്പിച്ചു. കലാഭവനില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത്, 1983ല്‍ പ്രമുഖ സംവിധായകന്‍ ഫാസിലിന്റെ അസിസ്റ്റന്റായാണ് ലാലിനൊപ്പം സിദ്ദിഖ് സിനിമാ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. ആറു വര്‍ഷത്തിന് ശേഷം സിദ്ദിഖും ലാലും കൈകോര്‍ത്തപ്പോള്‍ മലയാളിക്ക് എക്കാലത്തും ഓര്‍ത്തുവയ്ക്കാന്‍ ആ സിനിമയുണ്ടായി, റാംജിറാവു സ്പീക്കിങ്.

ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ ഹിറ്റുകള്‍ ഒരുക്കിയ കൂട്ടുകെട്ട് ആറുവര്‍ഷത്തിന് ശേഷം പിരിഞ്ഞു. ഒറ്റയ്ക്ക് സിനിമ ചെയ്തു തുടങ്ങിയപ്പോഴും ഹിറ്റിന്റെ ഗ്രാഫ് ഒട്ടുമേ താഴ്ന്നുപോയില്ല. 1996ല്‍ പുറത്തിറങ്ങിയ ഹിറ്റ്‌ലര്‍ ആയിരുന്നു ഒറ്റയ്ക്ക് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, ലേഡീസ് ആന്റ് ജന്റില്‍മാന്‍, ഭാസ്‌കര്‍ ദി റാസ്‌കര്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ബോഡി ഗാര്‍ഡിന്റെ റീമേക്കിലൂടെ ബോളിവുഡിലും തമിഴകത്തും അദ്ദേഹം ഓളമുണ്ടാക്കി. ഇതിനിടെ പല സിനിമകളിലും അഭിനേതാവിന്റെ കുപ്പായവും സിദ്ദിഖ് അണിഞ്ഞു. വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

Also Read: ഹാസ്യത്തിന്റെ പുതിയ മുഖം മലയാളിക്ക് പരിചയപ്പെടുത്തിയ സംവിധായകന്‍; സിദ്ദിഖിന്റെ വിയോഗത്തില്‍ സ്പീക്കര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here