
മുംബൈ അവസരങ്ങളുടെ നഗരമാണ്. ഒന്നുമില്ലാതെ വന്ന് സാമ്രാജ്യം കെട്ടിപ്പടുത്തവരുടെ നഗരം. ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ താമസിക്കുന്നതും മുംബൈയിലാണ്. ആസ്തി ഏഴര കോടി.
ഇപ്പോഴിതാ പ്രതിമാസം 8 ലക്ഷത്തോളം രൂപ സമ്പാദിക്കുന്ന ഓട്ടോ ഡ്രൈവറാണ് നഗരത്തിലെ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു ഓട്ടോ റിക്ഷ ഡ്രൈവറുടെ പ്രാരബ്ധങ്ങളും കഷ്ടപ്പാടുകളും ഒന്നുമില്ലാതെയാണ് ഓട്ടോ പോലും ഓടിക്കാതെ ഒരു കോടിയോളം രൂപ വർഷത്തിൽ സമ്പാദിക്കുന്നത്. ഇതിനായി ഇന്ധനം വേണ്ട, ഡ്രൈവിംഗ് വേണ്ട, ആപ്പ് വേണ്ട, യാത്രക്കാരുമായി കറങ്ങി ഇടക്കൊരു കശപിശ പോലും വേണ്ട.
Also Read: തമിഴ്നാട് തീരത്ത് വലയിൽ കുടുങ്ങി ഓർ മത്സ്യം; എത്തിയത് ദുരന്ത സൂചനയോ?
മുംബൈയിൽ ബാന്ദ്രയിലാണ് കഥ നടക്കുന്നത്. യുഎസ് കോൺസുലേറ്റിന് സമീപം പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷയെ ലോക്കറാക്കി മാറ്റിയാണ് ഡ്രൈവർ ലക്ഷങ്ങൾ സമ്പാദിക്കുന്നത്. വിസ ഇന്റർവ്യൂവിനും മറ്റുമായി കോൺസുലേറ്റിലെത്തുന്നവർക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ നിർബന്ധമാണ്. ബാഗുകളോ ഇലക്ട്രോണിക് വസ്തുക്കളോ അകത്തേക്ക് കൊണ്ട് പോകാൻ അനുവാദമില്ല.
ഈ പ്രശ്നം കണ്ടെത്തിയ ഓട്ടോ ഡ്രൈവർ കോൺസുലേറ്റിന് പുറത്ത് പാർക്ക് ചെയ്ത് ഉപയോക്താക്കളെ കണ്ടെത്തി ലളിതമായ പരിഹാരം നിർദ്ദേശിക്കുകയായിരുന്നു. ബാഗുകളും, മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും തന്റെ വാഹനത്തിൽ തന്നെ സൂക്ഷിക്കാൻ അനുവദിച്ചു. ഇതിനായി 1000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. സാമ്പത്തിക ഭദ്രതയുള്ളവരാണ് കോൺസുലേറ്റിൽ എത്തുന്നവരിൽ ഭൂരിഭാഗവും. അത് കൊണ്ട് തന്നെ തങ്ങളുടെ വില പിടിപ്പുള്ള സാധനങ്ങൾ കുറച്ച് നേരത്തേക്ക് സൂക്ഷിക്കാൻ ഈ വാടക അവർക്ക് വലിയ ഭാരമാകുന്നില്ല.
Also Read: ബിഎംഡബ്ല്യൂ കാർ വാങ്ങി നൽകിയില്ല; യുവാവ് ആത്മഹത്യ ചെയ്തു
ഒരു ദിവസം മുപ്പതോളം പേരെങ്കിലും ഈ ഓട്ടോ ഡ്രൈവറുടെ സേവനം പ്രയോജനപ്പെടുത്തുന്നുവെന്നാണ് പറയുന്നത്. പ്രതിദിനം 20,000 മുതൽ 30,000 രൂപ വരെ എളുപ്പത്തിൽ സമ്പാദിക്കാം – അതായത് ഒരു മാസം 8 ലക്ഷം രൂപ വരെ. പല ഐ ടി വിദഗ്ധരോ, ചാർട്ടേഡ് അക്കൗണ്ടന്റുമാരോ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനേക്കാൾ കൂടുതൽ നേട്ടമാണ് ഓട്ടോ ഓടിക്കാതെ തന്നെ ആപ്പുകൾ, ഫണ്ടിംഗ്, ബിസിനസ് ഡിഗ്രികൾ എന്നിവയില്ലാതെ വെറും വിശ്വാസം വളർത്തിയെടുത്ത് ഈ നേട്ടമുണ്ടാക്കുന്നത്.
“ഇതാണ് യഥാർത്ഥ സംരംഭകത്വം. ഒരു കഷ്ടപ്പാടുമില്ല. ഒരു പാർക്കിംഗ് സ്ഥലവും തിരക്കും മാത്രം,” ലെൻസ്കാർട്ടിലെ ഉൽപ്പന്ന മേധാവിയും പരിചയസമ്പന്നനായ സംരംഭകനുമായ രാഹുൽ രൂപാണിയാണ് ഈ കഥ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here