
മുംബൈയിൽ ബാന്ദ്ര ആസ്ഥാനമായ യുഎസ് കോൺസുലേറ്റിലെത്തുന്ന സന്ദർശകരുടെ ബാഗുകൾ സൂക്ഷിച്ച് പ്രതിമാസം 5 മുതൽ 8 ലക്ഷം രൂപ വരെ സമ്പാദിക്കാമെന്ന് അവകാശപ്പെട്ട് അടുത്തിടെ വൈറലായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ കഥ സമൂഹ മാധ്യങ്ങളിൽ വൈറലായിരുന്നു. ഓട്ടം പോകാതെ കോൺസുലേറ്റിന് മുൻപിൽ പാർക്ക് ചെയ്ത റിക്ഷയിലാണ് സന്ദർശകരുടെ ബാഗും, ലാപ്ടോപ്പ്, മൊബൈൽ തുടങ്ങിയ വിലയേറിയ വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഇതിനായി ഒരാളിൽ നിന്ന് 1000 രൂപ വരെ ഈടാക്കിയിരുന്നു. ദിവസേന നൂറു കണക്കിന് സന്ദർശകരെത്തുന്ന കോൺസുലേറ്റിൽ ഏകദേശം മുപ്പത് പേരെങ്കിലും റിക്ഷ ഡ്രൈവറുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. അങ്ങിനെയാണ് പ്രതിമാസം 8 ലക്ഷം രൂപ വരെ ഇയാൾ സമ്പാദിച്ചിരുന്നത് . വെന്യുമോങ്ക് സഹസ്ഥാപകൻ രാഹുൽ രൂപാണി ലിങ്ക്ഡ്ഇനിൽ പങ്ക് വച്ച പോസ്റ്റാണ് വൈറലായത്.
ഇപ്പോഴിതാ, യുഎസ് കോൺസുലേറ്റ് സന്ദർശകർക്ക് ലോക്കർ ശൈലിയിലുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്തിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറെയും മറ്റ് 12 പേരെയും മുംബൈ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
സുരക്ഷാ കാരണങ്ങളാൽ പ്രദേശത്ത് പാർക്കിംഗ് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ഓട്ടോ ഡ്രൈവർമാർക്ക് യാത്രക്കാരെ ഇറക്കിവിടാനും മുന്നോട്ട് പോകാനും മാത്രമേ അനുവാദമുള്ളൂവെന്നും ബികെസി പോലീസ് സ്റ്റേഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ താക്കീത് നൽകി .
ലോക്കർ സേവനങ്ങൾ നടത്തുന്നതിനോ അടുത്തുള്ള കടകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിനോ ഈ ഡ്രൈവർമാർക്ക് നിയമപരമായ അനുമതിയില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി. ഏതെങ്കിലും വസ്തുക്കൾ തെറ്റായി സൂക്ഷിക്കുന്നത് കാര്യമായ സുരക്ഷാ ഭീഷണി ഉയർത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here