
മുംബൈയിലെ വോർലിയിൽ വെച്ച് സംഘടിപ്പിച്ച ഒരു സംഗീത പരിപാടിക്കിടെ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. അമിതമായി മദ്യപിച്ചതിനെ തുടർന്ന് മാഹിം നിവാസിയായ വൃഷഭ് ഗംഗുർദെ എന്നയാളാണ് മരിച്ചത്. ഇയാളുടെ വനിതാസുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
എൻഎസ്‌സിഐ ഡോം വോർലിയിൽ നടന്ന ‘ക്ലാങ്‌കുൻസ്റ്റ്ലർ ഓൾ നൈറ്റ് ലോംഗ്’ സംഗീത പരിപാടിയിൽ ഇന്നലെ രാത്രി ഇരുവരും പങ്കെടുത്തിരുന്നു. വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ആയിരുന്നു സംഗീത പരിപാടി. ഓരോ ടിക്കറ്റിനും 4,000 രൂപയായിരുന്നു. വൃഷഭ് ഗംഗുർദെയും വനിതാ സുഹൃത്തും പരിപാടിക്കിടെ അമിതമായി മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. തിരക്കേറിയ വേദിയിൽ, ഇവർക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ബ്രീച്ച് കാൻഡി ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഗംഗുർദെയുടെ മരണം സംഭവിച്ചിരുന്നതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ജാസ്ലോക് ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം. മദ്യവും എനർജി ഡ്രിങ്കുകളും മാത്രമേ കഴിച്ചിട്ടുള്ളൂവെന്ന് ഇവർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ നിലവിൽ മയക്കുമരുന്ന് ഉപയോഗ സാധ്യത പൊലീസ് തള്ളിക്കളഞ്ഞിരിക്കുകയാണ്. വേദിയിലെ സിസിടിവി ക്യാമറകളും മറ്റ് ഉപകരണങ്ങളും പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.
അതേസമയം ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ടെങ്കിലും പോസ്റ്റ്‌മോർട്ടത്തിനും ഫോറൻസിക് റിപ്പോർട്ടുകൾക്കുമായി കാത്തിരിക്കുകയാണ് പൊലീസ്. നേരത്തെ ഗോരേഗാവിലെ നെസ്കോ സെന്ററിൽ നടന്ന ഒരു സംഗീത പരിപാടിയിൽ മയക്കുമരുന്ന് അമിതമായി കഴിച്ച് രണ്ട് എംബിഎ വിദ്യാർഥികൾ മരിച്ചിരുന്നു. ഗോരേഗാവ് ദുരന്തവും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ ആശങ്കകളും ചൂണ്ടിക്കാട്ടി പ്രാദേശിക പൊലീസ് ആദ്യം വോർലി സംഗീത പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പിന്നീട് പ്രാദേശിക പൊലീസിന്റെ എതിർപ്പുകൾ അവഗണിച്ച് മുതിർന്ന ഉദ്യോഗസ്ഥർ അനുമതി നൽകിയിരുന്നു എന്നാണ് വിവരം. നാല് മദ്യശാലകളാണ് അവിടെ ഉണ്ടായിരുന്നത്. എല്ലാം എക്സൈസ് വകുപ്പ് അംഗീകരിച്ചതാണ്. മദ്യം വിളമ്പുന്നതിനുള്ള ലൈസൻസുകളും പരിപാടിക്ക് ആവശ്യമായ മറ്റ് പെർമിറ്റുകളും ഇപ്പോൾ സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്.
നിലവിൽ അപകട മരണ റിപ്പോർട്ട് (എഡിആർ) ഫയൽ ചെയ്ത പൊലീസ്, സംഘാടകർ ഉൾപ്പെടെ എട്ടോളം പേരെ ചോദ്യം ചെയ്തുവരികയാണ്. ടിക്കറ്റുകളുടെ നിയമവിരുദ്ധ ബ്ലാക്ക് മാർക്കറ്റിംഗ് സംബന്ധിച്ച് സംഘാടകരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. സംഗീത പരിപാടിയുടെ മറവിൽ ഒരു രഹസ്യ റേവ് പാർട്ടി ആസൂത്രണം ചെയ്തിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. വേദിയിൽ വിന്യസിച്ച സ്വകാര്യ ബൗൺസർമാരുടെയും സുരക്ഷാ ഗാർഡുകളുടെയും പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

