
ഇന്ത്യയുടെ ജീവധമനിയായ മുംബൈ ലോക്കൽ ട്രെയിനിൽ വീണ്ടും ഒരു ദാരുണ സംഭവം. കനത്ത മഴയിൽ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം 21 വയസ്സുകാരനായ മയങ്ക് ലോഹറിന്റെ ജീവനെടുത്തു. ഗോരേഗാവിനും കാന്തിവലിക്കും ഇടയിൽ ഓടിക്കൊണ്ടിരുന്ന ചർച്ച്ഗേറ്റ്–നല്ലസൊപാര ഫാസ്റ്റ് ലോക്കലിന്റെ ഫസ്റ്റ് ക്ലാസ് കോച്ചിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.
“എന്റെ മകൻ ആരുമായും വഴക്കിടുന്ന ആളല്ല. വീട്ടിൽ നിന്നുപോലും അനാവശ്യമായി പുറത്തിറങ്ങാറില്ല. അവനെ കൊന്നയാളെ കഠിനമായി ശിക്ഷിക്കണം,” കണ്ണീരോടെയാണ് മയങ്കിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊലീസ് പറയുന്നതനുസരിച്ച്, കനത്ത മഴയെ തുടർന്ന് ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയാണ് രണ്ട് യാത്രക്കാർ തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെ പ്രതിയായ റോഷൻ ബാഗിൽ നിന്ന് വലിയ കത്തി പുറത്തെടുത്ത് മയങ്കിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ സഹയാത്രികരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കൊലപാതകത്തിന് ശേഷം പ്രതി അനായാസം നടന്നുപോകുന്ന ദൃശ്യങ്ങൾ പൊതുജനങ്ങളെ ഞെട്ടിച്ചു. മയങ്കിന്റെ സഹോദരിയുടെ ചോദ്യങ്ങൾ മുംബൈയിലെ ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശങ്കകളാണ്.”എന്റെ സഹോദരൻ ട്രെയിനിന്റെ വാതിലിൽ തൂങ്ങി യാത്ര ചെയ്യുന്ന ആളല്ല. ആരുമായും വഴക്കിടാത്ത കുട്ടിയായിരുന്നു. പൊലീസ് എവിടെയായിരുന്നു? സഹയാത്രക്കാർ എവിടെയായിരുന്നു? ഇന്ന് എന്റെ സഹോദരൻ മരിച്ചു; നാളെ മറ്റൊരാളുടെ സഹോദരൻ മരിക്കാം,” അവർ വേദനയോടെ പറഞ്ഞു.
Also read: ഗോരക്ഷാ കൊലപാതകങ്ങൾ; ഇന്ത്യയിൽ 11 വർഷത്തിനിടെ പൊലിഞ്ഞത് നൂറോളം ജീവൻ
ദിവസേന 70 ലക്ഷത്തിലധികം ആളുകൾ ആശ്രയിക്കുന്ന മുംബൈ ലോക്കൽ ട്രെയിൻ ശൃംഖലയിൽ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും ശക്തമാക്കുകയാണ്. ചെറിയ തർക്കങ്ങൾ പോലും മാരകമായ അക്രമത്തിലേക്ക് വഴിമാറുന്ന സാഹചര്യത്തിൽ കൂടുതൽ നിരീക്ഷണ സംവിധാനങ്ങളും പരിശോധനകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

