
പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളില്‍ പ്രതികള്‍ ആത്മഹത്യ ചെയ്യുന്നത് തടയാന്‍ പുതിയ നീക്കവുമായി മുംബൈ പൊലീസ്. കസ്റ്റഡി മരണനിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഇതുവഴി കസ്റ്റഡിയില്‍ എടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമെന്നും പൊലീസ് കണക്കുകൂട്ടുന്നു.
ലോക്കപ്പുകളില്‍ പ്രതികള്‍ ജീവനൊടുക്കുന്നത് പ്രതിരോധിക്കാന്‍ പുതിയ ഡ്രസ് കോഡാണ് മുംബൈ പൊലീസ് നടപ്പാക്കിയിരിക്കുന്നത്. ഇതുപ്രകാരം ഷര്‍ട്ടും പാന്റും ധരിച്ച് ലോക്കപ്പുകളില്‍ കഴിയാന്‍ പ്രതികളെ അനുവദിക്കില്ല. പകരം ഹാഫ് സ്ലീവ് ടീഷര്‍ട്ടും ഷോര്‍ട്ട്‌സും മാത്രമേ ധരിക്കാന്‍ സമ്മതിക്കുകയുള്ളൂ. ഹാഫ് സ്‌ളീവ് ടീഷര്‍ട്ടും ഷോര്‍ട്ട്‌സും ഉപയോഗിച്ച് ആത്മഹച്യ ചെയ്യാന്‍ സാധിക്കില്ലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. മുംബൈയിലെ ആന്‍ടോപ്പ് ഹില്‍ പൊലീസ് സ്റ്റേഷനില്‍ ഈ പുതിയ പരിഷ്‌കാരം നടപ്പാക്കിക്കഴിഞ്ഞു. പുതിയ ഡ്രസ് കോഡിനു പുറമെ ലോക്കപ്പുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ നവീകരിക്കാനും പൊലീസ് തയ്യാറെടുക്കുന്നുണ്ട്.
കസ്റ്റഡി മരണത്തില്‍ റെക്കോര്‍ഡ്
2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മഹാരാഷ്ട്രയില്‍ 54ലധികം കസ്റ്റഡി മരണങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍ ഭൂരിഭാഗവും തൂങ്ങിമരണമാണ്. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ് കേസിലെ പ്രതിയായ അനുജ് തപന്റെ മരണത്തോടെയാണ് വിഷയത്തില്‍ പൊലീസ് അധികൃതര്‍ ഇടപെട്ടത്. ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനിലെ ലോക്ക്അപ്പിനകത്ത് കിടക്കവിരി ഉപയോഗിച്ച് തപനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുതിയ പരിഷ്‌കാരത്തോടെ ലോക്കപ്പുകളില്‍ പ്രതികള്‍ ജീവനൊടുക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് മുംബൈ പൊലീസിന്റെ പ്രതീക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

