
വയനാട് മുണ്ടക്കൈ ചൂരൽമലയിൽ പ്രകൃതിദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസത്തിനായുള്ള സ്നേഹഭവനങ്ങൾ നിർമ്മിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം ഒന്നാം ഘട്ടമായി സമാഹരിച്ച നാലര കോടി രൂപ സർക്കാരിന് കൈമാറുകയാണ്. 2025 ജൂൺ 30 വൈകുന്നേരം അഞ്ചു മണിയ്ക്ക് കണ്ണൂർ കൃഷ്ണമേനോൻ ഗവണ്മെന്റ് വനിതാ കോളേജിൽ വെച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തുക ഏറ്റുവാങ്ങും.
കേരളമനസ്സിൽ ഒരിക്കലും മായാത്ത വേദനയായിത്തീർന്ന വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ സംഭവം നടന്ന അന്നു മുതൽ തന്നെ രക്ഷാപ്രവർത്തനം, അടിയന്തിര ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി, സർക്കാരിൻ്റെയും പൊതുസമൂഹത്തിൻ്റെയും ഇടപെടലുകളിൽ ഒക്കെയും ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം പ്രവർത്തകർ സന്നദ്ധസേവനവുമായി ഒപ്പം ചേർന്നുനിന്ന് പ്രവർത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ മുഴുവൻ സമയവും എൻഎസ്എസ് സന്നദ്ധപ്രവർത്തകർ തുണയായി ഉണ്ടായിരുന്നു.
സംസ്ഥാനമൊട്ടാകെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യവസ്തുക്കളും ഗണ്യമായ രീതിയിൽ ഇവിടേക്ക് എത്തിക്കുവാനും എൻഎസ്എസിന് സാധിച്ചു. ബാക് ടു കോളേജ് / സ്കൂൾ പദ്ധതി ആവിഷ്കരിച്ച് ഇവിടുത്തെ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങളും ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും സമാഹരിച്ച് നൽകുകയും ചെയ്തു.
വീടുൾപ്പെടെ എല്ലാം നഷ്ടപ്പെട്ട ജനതയുടെ പുനരധിവാസത്തിനായി പദ്ധതികൾ ആലോചിച്ചു തുടങ്ങിയപ്പോൾ തന്നെ അതിനു ആദ്യം പിന്തുണ അറിയിച്ചതും സംസ്ഥാന നാഷണൽ സർവീസ് സ്കീം ആയിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി അടിയന്തര യോഗം വിളിച്ച് കൂട്ടുകയും, സംസ്ഥാനത്തെ മുഴുവൻ എൻഎസ്എസ് സെല്ലുകളും ഭവനപദ്ധതിയിൽ പങ്കുചേരാൻ കൂട്ടായി തീരുമാനം എടുക്കുകയും ചെയ്തിരുന്നു.
തുടർന്ന്, കേരളമൊട്ടാകെ എൻഎസ്എസ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഊർജ്ജിതമായ ധനസമാഹരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. വേസ്റ്റ് പേപ്പർ ചാലഞ്ച്, ബിരിയാണി ചാലഞ്ച്, ആർട്ട് എക്സിബിഷൻ, ഭക്ഷ്യമേള, ഓണം ഫെസ്റ്റ്, ഉത്പന്നങ്ങൾ നിർമ്മിച്ചുള്ള വില്പനകൾ, കൂപ്പൺ നറുക്കെടുപ്പ് തുടങ്ങി നിരവധി പരിപാടികൾ ഇതിൻ്റെ ഭാഗമായി നടന്നു. അങ്ങനെ നാളിതുവരെ നാലു കോടി അമ്പതുലക്ഷം രൂപ
സമാഹരിക്കാൻ സാധിച്ചു.
ഒന്നാം ഘട്ടമായി സമാഹരിച്ച ഈ തുക 2025 ജൂൺ 30 വൈകുന്നേരം അഞ്ചു മണിക്ക്
കണ്ണൂർ കൃഷ്ണമേനോൻ ഗവണ്മെന്റ് വനിത കോളേജിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കൈമാറും.
അടുത്ത ഘട്ടത്തിനുള്ള പ്രവർത്തനങ്ങൾ കലാലയ ജൂലൈ ഒന്ന് മുതൽ തുടങ്ങും. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രത്യേക ക്യാമ്പയിനിലൂടെ നാഷണൽ സർവീസ് സ്കീം, ഭവനനിർമ്മാണ പദ്ധതിയുടെ ധനസമാഹരണം പൂർത്തീകരിക്കും.
സംസ്ഥാനത്ത് 3500 എൻഎസ്എസ് യൂണിറ്റുകളും മൂന്നര ലക്ഷം വോളണ്ടിയർമാരും പ്രതിവർഷം പ്രവർത്തിക്കുന്നുണ്ട്. സാധാരണ ഓരോ വർഷവും ഇരുനൂറ്റമ്പതിലധികം വീടുകൾ എൻഎസ്എസ് യൂണിറ്റുകൾ പൊതുസമൂഹത്തിലെ ഏറ്റവും അർഹരായവരെ തിരഞ്ഞെടുത്ത് നിർമ്മിച്ചു നൽകാറുണ്ട്. ഇതോടൊപ്പം നാടിന്റെ സന്നദ്ധസേവന പ്രവർത്തനങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാകുവാനും സംസ്ഥാനത്തെ എൻഎസ്എസിന് കഴിയുന്നുണ്ട്. മൂവായിരം സ്നേഹാരാമങ്ങൾ നിർമ്മിച്ചു കൊണ്ടുള്ള മാലിന്യമുക്ത നവകേരള ക്യാമ്പയിൻ, ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിൻ, രണ്ടു ലക്ഷത്തിൽ അധികം വരുന്ന ബ്ലഡ് ഡൊണേഷൻ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, വീകെയർ, UDID കാർഡ് ലഭ്യ മാക്കൽ തുടങ്ങിയ സാമൂഹ്യ സുരക്ഷ പ്രവർത്തങ്ങളിൽ സജീവ പങ്കാളിത്തം, ആസാദ് സേന കർമ്മ പരിപാടികൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, വയോജന സംരക്ഷണ പ്രവർത്തനങ്ങൾ, സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനിങ് പദ്ധതികൾ, ഉപജീവനം നൽകുന്ന പ്രവർത്തനങ്ങൾ, ഭിന്നശേഷിക്കാരെയും അവശത അനുഭവിക്കുന്നവരെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ, ഒരു ലക്ഷം പേർക്ക് പഠനോപകരണങ്ങളുടെ വിതരണം, ഭക്ഷ്യ വസ്തുക്കളുടെയും പൊതിച്ചോറും വിതരണം, പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ, ഫ്രീഡം വാൾ, ഇരുപതിനായിരത്തോളം പേർക്ക് ഓരോ വർഷവും ഡയാലിസിസ് ചികിത്സാസഹായം നൽകൽ തുടങ്ങിയവയും സംസ്ഥാനത്തെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾ നടത്തിവരുന്ന പ്രധാന പ്രവർത്തനങ്ങൾ ആണ്.
ഇതിനെല്ലാം പുറമെ, ആയിരം മാതൃകാ ഗ്രാമങ്ങൾ വാർത്തെടുക്കുന്ന ‘മാനസ ഗ്രാമം’ ബൃഹദ് പദ്ധതി ഈ വർഷം നടപ്പിലാക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എൻഎസ്എസ് സംസ്ഥാന ഉപദേശകസമിതി തീരുമാനം എടുത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here