
മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റി ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. 17 കോടി രൂപകൂടി അധികമായി സര്‍ക്കാര്‍ കെട്ടിവെയ്ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.ഉയര്‍ന്ന തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. 549 കോടി നഷ്ടപരിഹാരം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയുള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്‍റെ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. സര്‍ക്കാര്‍ നേരത്തെ കെട്ടിവെച്ച 26.5 കോടി രൂപയ്ക്ക് പുറമെ 17 കോടി രൂപകൂടി ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവെക്കണം എന്നാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍,ജസ്റ്റിസ് എസ് മനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്‍റെ നിര്‍ദേശം.
ALSO READ: പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസ്: പ്രതി നൗഫലിന് ജീവപര്യന്തം തടവ്
ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകുന്നതില്‍ തടസ്സമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.അതേ സമയം നഷ്ടപരിഹാരമായി 549 കോടി രൂപ നല്‍കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ പിന്നീട് വിശദമായി വാദം കേട്ട് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.
നേരത്തെ കോടതി നിര്‍ദേശ പ്രകാരം 26.51 കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ച് ഭൂമിയേറ്റെടുത്ത് ടൗണ്‍ഷിപ്പിന്‍റെ നിര്‍മ്മാണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഏറ്റെടുത്ത 78.73 ഹെക്ടര്‍ ഭൂമിയ്ക്ക് 26.5 കോടി രൂപ അപര്യാപ്തമാണെന്നും 549 കോടി രൂപയുടെ മൂല്യമുണ്ടെന്നും ചൂണ്ടിക്കാട്ടി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കോടതിയെ സമീപിച്ചത്.എന്നാല്‍ സമീപകാലത്തു നടന്ന 10 ഭൂമി ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയതെന്നും കോടതി ആവശ്യപ്പെട്ടാല്‍ ന്യായവില കണക്കാക്കി നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here