
മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന് ഇരയായവർക്കുള്ള പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത് വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കല്‍ മാത്രമല്ലെന്നും സര്‍വതലസ്പര്‍ശിയായ പുനരധിവാസമാണെന്നും മന്ത്രി കെ രാജൻ. കൈരളിന്യൂസ് ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതല്‍ ഈ ജൂലൈ വരെ മാസം 6,000 രൂപ കിട്ടാത്ത ആരെങ്കിലുമുണ്ടോ? സ്ഥായിയായ പുനരധിവാസം വരെ വാടക കൊടുക്കുമെന്ന് അന്നേ പറഞ്ഞിരുന്നു. രണ്ട് മാസം കൊണ്ട് വാടക നിൽക്കുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വാടക 6,000 രൂപ, ദിനബത്ത 300 രൂപ
ആദ്യം 813 പേര്‍ക്കാണ് മാസം 6,000 രൂപ വീതം വാടകക്ക് നൽകിയത്. പിന്നീട് ഒഴിഞ്ഞുപോയ കണക്കെടുക്കുകയും കഴിഞ്ഞ മാസം 533 പേര്‍ക്ക് ഈ തുക മാസവാടകയായി നൽകുകയും ചെയ്തു. മൂന്ന് മാസത്തേക്ക് ദിനബത്തയായി 300 രൂപ വീതം എസ് ടി ആര്‍ എഫ് കൊടുത്തു. നിരന്തര അസുഖം ബാധിച്ചവരുടെ കൂട്ടിരിപ്പുകാര്‍ക്ക് 300 രൂപ വീതം നൽകി. 2133 പേര്‍ക്കാണ് കൊടുത്തുതുടങ്ങിയത്. ആദ്യ മൂന്ന് മാസത്തിന് ശേഷം ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുന്നു.
Read Also: പകച്ചു നിൽക്കാതെ കുതിച്ചെത്തിയ നാടും ഉരുളിൽ ഉലഞ്ഞ മനുഷ്യരെ കൈപിടിച്ച് ഉയർത്തിയ സർക്കാരും
6,108 മൈക്രോ പ്ലാനുകൾ
ഭക്ഷ്യക്കിറ്റിനായി മാസം ആയിരം രൂപയുടെ കൂപ്പണ്‍ നല്‍കുന്നു. മനഃശാസ്ത്ര കൗണ്‍സിലര്‍മാര്‍ കുടുംബങ്ങൾ താമസിക്കുന്ന ഓരോ വീട്ടിലേക്കും പോകുന്നു. ദുരന്തം ഏൽപിച്ച ആഘാതത്തിൽ നിന്ന് മുക്തമാകാന്‍ വേണ്ടിയാണിത്. പുനരധിവാസത്തിന് ഓരോ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ദുരന്തം പൂര്‍ണമായും ഭാഗികമായും ബാധിച്ച ആ പ്രദേശത്തെ 1107 കുടുംബങ്ങള്‍ക്ക് മൈക്രോപ്ലാന്‍ സജ്ജമാക്കി. അതായത്, 4,806 വ്യക്തികള്‍ക്കായി 6,108 പ്ലാനുകള്‍. ആരോഗ്യം, ജീവനോപാധികള്‍, വിദ്യാഭ്യാസം, ദൈനംദിന ജീവനോപാധി അടക്കം പ്ലാനുകളിലുണ്ട്.
32 ദിവസത്തിനുള്ളിൽ സ്കൂൾ
വിദ്യാഭ്യാസ മേഖലയില്‍ ഒന്നും ചെയ്തില്ലെന്നാണ് ആരോപണം. എന്നാൽ, ദുരന്തമുണ്ടായി 32 ദിവസത്തിനുള്ളില്‍ സ്‌കൂള്‍ ആരംഭിച്ചു. വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് എസ് എസ് എല്‍ സിയില്‍ ഇത്തവണ നൂറ് ശതമാനമാണ്. മേപ്പാടി സ്‌കൂളില്‍ എട്ട് മുറികളുള്ള പുതിയ കെട്ടിടം തുറന്നു. നാല് മുറികളുള്ള രണ്ടാമത്തെ കെട്ടിടം ഓണത്തിന് മുന്‍പായി മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ലാബ് ഉള്‍പ്പെടെയുള്ള പുതിയ സൗകര്യങ്ങള്‍ ആരംഭിച്ചു. മുണ്ടക്കൈ എല്‍ പി സ്‌കൂളിലെ 54 വിദ്യാര്‍ഥികള്‍ക്ക് എ പി ജെ അബ്ദുള്‍കലാം ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസം നൽകി.
14 കുട്ടികള്‍ക്ക് അച്ഛനോ അമ്മയോ നഷ്ടപ്പെട്ടു. ഏഴ് കുട്ടികള്‍ക്ക് അച്ഛനും അമ്മയും നഷ്ടപ്പെട്ടു. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുണ്ട്. അവരും നമ്മുടെ കുട്ടികളാണ്. 14 കുട്ടികള്‍ക്ക് അഞ്ച് ലക്ഷം വീതം നൽകി. ഏഴ് കുട്ടികള്‍ക്ക് 10 ലക്ഷം വീതവും മറ്റ് കുട്ടികള്‍ക്ക് അഞ്ച് ലക്ഷം വീതവും നൽകി. പുറമെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് കളക്ടറുടെ നേതൃത്വത്തില്‍ മൂന്ന് ലക്ഷം രൂപയുടെ സഹായം നൽകി. 18- 21 പ്രായക്കാര്‍ക്ക് ഓരോ മാസവും 4000 രൂപ വീതമാണ് നൽകുന്നത്.
Read Also: കേരളത്തിന്‍റെ ഉള്ളുപൊട്ടിയ മഹാദുരന്തത്തിന് ഒരാണ്ട്
സ്മാർട്ട് കാർഡ്
ആശുപത്രി ചെലവുകള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നൽകി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സിച്ചാൽ അതിൻ്റെ ബില്‍ ഡി എം ഒ ഓഫീസില്‍ കാണിച്ചാല്‍ പണം നൽകും. പുതുതായി വരുന്നവര്‍ക്ക് ആശുപത്രി മുഖാന്തരം പണം നല്‍കും. രേഖകള്‍ പരിശോധിച്ച് റി ഇംബേഴ്‌സ്‌മെന്റ് നല്‍കും.
കടം എഴുതിത്തള്ളൽ
കടം എഴുതിത്തള്ളാന്‍ സെക്ഷന്‍ 13 എടുത്തുകളഞ്ഞു. 2005 ലോക്‌സഭ പാസ്സാക്കിയ ബില്‍ 13 സെക്ഷന്‍ പ്രകാരം കടം എഴുതിത്തള്ളാം. കേരള ബാങ്ക് പൂര്‍ണമായും കടബാധ്യത എടുത്തുകളഞ്ഞു. കേന്ദ്രം കടബാധിതരെ ഒറ്റപ്പെടുത്തിയെങ്കിലും കേരളം ഒറ്റപ്പെടുത്തില്ല. സ്ഥായിയായി കിട്ടേണ്ട സഹായം ലഭിച്ചില്ലെന്ന് ഒരു പരാതിയുമില്ല. ഓഗസ്റ്റ് 23ന് ചരിത്രത്തില്‍ ആദ്യമായി ചീഫ് സെക്രട്ടറി മേപ്പാടിയില്‍ വന്ന് ദുരന്തബാധിതരോടും ജനപ്രതിനിധികളോടും പുനരധിവാസ സങ്കല്പത്തെ കുറിച്ച് ആരാഞ്ഞു. ദൈവമായി വേര്‍തിരിച്ചു ഇനി വേര്‍തിരിക്കാന്‍ പാടില്ലെന്നാണ് അവർ പറഞ്ഞത്. അതൊരു ജനതയുടെ വിലാപമാണ്. ആ വിലാപത്തിന് പണം കൊടുത്തിട്ട് കാര്യമില്ല. അവകാശമില്ലാത്ത പ്ലാന്റേഷന്‍ ഭൂമി കൊടുത്തിട്ട് അലയാന്‍ വിടില്ല.
62ാം ദിനം ഭൂമി ഏറ്റെടുക്കൽ
ദുരന്തമുണ്ടായി 62ാം ദിവസം ഒക്ടോബര്‍ മൂന്നിന് മന്ത്രിസഭ നെടുമ്പാല, എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റുകള്‍ ഏറ്റെടുത്ത് പ്രഖ്യാപനം നടത്തി. ഒക്ടോബര്‍ മൂന്നിന് വ്യവഹാരങ്ങളില്ലാത്ത വിധം ആ ഭൂമി കിട്ടിയിരുന്നെങ്കില്‍ എല്ലാ വീടുകളുടെയും താക്കോല്‍ കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുമായിരുന്നു. ദുരന്ത നിവാരണ നിയമത്തെ ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകൾ കോടതിയില്‍ പോയി. ഡിസംബര്‍ 27ന് അത് കോടതി തള്ളി.
പിന്നീട് നാല് ദിവസം കൊണ്ട് ജനുവരി ഒന്നിന് പുതുവത്സരദിനത്തിൽ രൂപരേഖയും ഡിസൈനും പുറത്തുവിട്ടു. രണ്ട് മാസം കൊണ്ട് വാല്യൂ നിര്‍ണയിച്ച് എല്ലാ വിധ സര്‍വേയും നടത്തി മാര്‍ച്ച് 27ന് തറക്കല്ലിട്ടു. പ്രതിസന്ധി അവിടെയും തീര്‍ന്നില്ല. പണി തുടങ്ങണമെങ്കില്‍ തങ്ങള്‍ പറഞ്ഞതനുസരിച്ച് പണം കൈമാറാന്‍ അവസരമുണ്ടാകണമെന്ന് കോടതി പറഞ്ഞു. ഏപ്രില്‍ 11ന് പണം അടക്കേണ്ടത് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലാണെന്ന വിധിയുണ്ടായി. അന്ന് രാത്രി, സമയം കഴിഞ്ഞിട്ടും ട്രഷറി പ്രവര്‍ത്തിച്ച് പണം അടച്ചു. 12 മണിക്കുള്ളില്‍ ഭൂമി ഏറ്റെടുത്തു. 35 കോടിയാണ് അടച്ചത്. 14ന് വിഷുവാണ്. 13ന് ഇവിടെ നിര്‍മാണം ആരംഭിച്ചു.
അന്ന് മുതല്‍ ജൂലൈ 30 വരെയുള്ള ഈ സമയത്ത് പെരുംമഴയത്ത് ഇത്ര നിര്‍മാണപ്രവര്‍ത്തനം നടത്തുന്ന ഏത് ഏജന്‍സിയാണുള്ളത്. സാധാരണ തറയല്ല. പി സി സി വെച്ചുള്ള വേണമെങ്കില്‍ രണ്ട് നില കയറ്റാനുള്ള ഉറപ്പുള്ള വീടാണ് ആയിരം സ്‌ക്വയര്‍ ഫീറ്റിൽ നിർമിക്കുന്നത്. അഞ്ച് സോണുകളില്‍ നാലിടത്തും നിര്‍മാണം ആരംഭിച്ചു. മഴ കുറഞ്ഞാല്‍ നാലാം സോണിലും ആഗസ്റ്റില്‍ നിര്‍മാണം ആരംഭിക്കും. ഡിസംബര്‍ 31നകം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകും.
മാര്‍ക്കറ്റ്, റോഡ്, കളിക്കളി, നീന്തല്‍കുളം, ലൈബ്രറി മുതലായ സൗകര്യങ്ങള്‍ അടുത്ത മാര്‍ച്ചിനകം പൂര്‍ത്തിയാക്കും. വീടില്ലാത്ത 402 പേരുടെ ലിസ്റ്റാണുള്ളത്. 295 പേര്‍ ടൌൺഷിപ്പിൽ താമസിക്കും. 104 പേര്‍ക്ക് 15 ലക്ഷം സഹായം മതിയെന്ന് പറഞ്ഞു. അവര്‍ക്ക് പണം നല്‍കി. മൂന്ന് പേര്‍ നിലപാട് എടുത്തിട്ടില്ല. പുറമെ 200ലേറെ പേരുടെ അപേക്ഷ ലഭിച്ചു. അഡീ. സെക്രട്ടറി അവ പരിശോധിച്ചുകഴിഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓഗസ്റ്റില്‍ നേരിട്ട് പരിശോധന നടത്തി പറ്റുന്നവരെയെല്ലാം ദുരന്ത സഹായത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

