
കേരളത്തിന്റെ നെഞ്ചുലച്ച മുണ്ടക്കൈ – ചൂരൽമല ദുരന്തം, അനേകം മനുഷ്യരുടെ ഉയിരെടുത്ത് കുത്തിയൊലിച്ചിറങ്ങിയ ഉരുൾ. ദുരിതഭൂമിയിൽ ബാക്കിയായ, സർവവും നഷ്ടമായ മനുഷ്യരെ അന്നത്തെ ഇടതുസർക്കാർ ചേർത്തുപിടിച്ചു. അവരുടെ പുനഃരധിവാസത്തിനായി സാധ്യമായതെല്ലാം ചെയ്തു.
പതിവ് തെറ്റിക്കാതെ വാഗ്ദാനങ്ങളുമായി കോൺഗ്രസുമെത്തി. ഞങ്ങൾ വീട് നിർമിച്ചുതരുമെന്ന് പ്രഖ്യാപിച്ചു. സർക്കാരിന്റെ ടൗൺഷിപ്പിലല്ല, അല്ലാതെ തന്നെ കോൺഗ്രസ് വീട് നിർമിച്ചുതരും. അതുംപറഞ്ഞ് കോൺഗ്രസുകാർ ഫണ്ട് പിരിവിനിറങ്ങി. ഒരു നാടിനെ തിരിച്ചുപിടിക്കാനുള്ള മലയാളികളുടെ കരുതൽ കോൺഗ്രസിന്റെ ആപ്പിലേക്ക് പണമായി ഒഴുകി.
പണമെത്തി, ആപ്പ് പൂട്ടി കോൺഗ്രസുകാർ മുങ്ങി. ചോദ്യങ്ങൾ ഉയർന്നു. ഒടുക്കം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തെരഞ്ഞെടുപ്പിന‍് മുമ്പ് ഫെബ്രുവരി 26ന്, രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയുമെത്തിച്ച്, കൊട്ടിഘോഷിച്ച് വീടിനുള്ള തറക്കല്ലിട്ടു. അതും കുന്നമ്പറ്റയിലെ കാട്ടാനശല്യമുള്ള ഭൂമിയിൽ. എന്നിട്ടെന്തായി? വീടുയർന്നോ? പിരിച്ച പണത്തിന്റെ യഥാർഥ കണക്ക് പുറത്തുവിട്ടോ? ഇല്ല.
ALSO READ: ആർഎസ്എസിനെതിരെ വിശാലമായ ബ്ലോക്കുണ്ടാകണമെന്ന നിലപാടാണ് സിപിഐഎമ്മിന്റേത്: എംഎ ബേബി
കോൺഗ്രസ് കല്ലിട്ട് പോയിട്ട് നൂറുദിവസം പിന്നിട്ടിരിക്കുന്നു. വീട് നിർമാണം ഇതാ ഈ നിമിഷം ആരംഭിച്ചിട്ടില്ല. ഒരു വീടിന്റെ പോലും നിർമാണപ്പണി നടത്തിയിട്ടില്ല. നിർമാണ അനുമതി വാങ്ങിയിട്ടില്ല. ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയിട്ടില്ല. ഇവർ ആരെയാണ് പറ്റിക്കുന്നത്? ഇന്ന് യുഡിഎഫാണ് ഭരണത്തിൽ. ഇനിയുമെന്തെങ്കിലും പ്രതീക്ഷ വയ്ക്കുന്നതിലും അർഥമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ പറഞ്ഞത് ‘നിർമാണം ആരംഭിച്ചു, നിങ്ങൾ പോയിനോക്കൂ’ എന്നാണ്. ആ ഭൂമി ഇന്നും കാടുകയറിയ നിലയിൽ തന്നെ. മാധ്യമങ്ങളോട് കള്ളംപറഞ്ഞ ആ പ്രതിപക്ഷ നേതാവാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി.
പണി ആരംഭിച്ചിട്ടില്ലെന്നത് പുറത്തറിയിക്കാതിരിക്കാനും ചിത്രവും ദൃശ്യവും പകർത്താതിരിക്കാനും തകര ഷീറ്റിട്ട് ഭൂമി മറക്കാൻ കാണിച്ച വ്യഗ്രത നിങ്ങളെ വിശ്വസിച്ച് മനുഷ്യർക്ക് കൂരയൊരുക്കാൻ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ. മൂന്നാഴ്‌ച മുമ്പാണ് കാട്ടാനയെത്തി തകര ഷീറ്റ് തകർത്തതും ഭൂമിയിൽ പ്രവേശിച്ചതും.
പരമാവധി 25 വീട് മാത്രം നിർമിക്കാനാകുന്ന 5.42 ഏക്കർ ഭൂമിയാണ് കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയത്. പക്ഷേ പണം പിരിക്കുമ്പോൾ അവർ പ്രഖ്യാപിച്ചതെന്താണെന്ന് വെറുതെയൊന്ന് പറഞ്ഞുപോകാം. കെപിസിസി 100 വീട്, രാഹുൽ ഗാന്ധി 100 വീട്, യൂത്ത് കോൺഗ്രസ് 30 വീട്, ആകെമൊത്തം 230 വീട്. ഇതാണ് കോൺഗ്രസ്. ഇവരെ വിശ്വസിച്ച് എത്ര മനുഷ്യരാണ് വഞ്ചിക്കപ്പെട്ടിരിക്കുന്നത്! ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് വച്ചവർക്ക് 100 ദിവസങ്ങൾക്കിപ്പുറം കാര്യങ്ങൾ ഏതാണ്ട് വ്യക്തമായിക്കാണും. കോൺഗ്രസ് വീട് നൽകില്ല. അവർ ചതിച്ചിരിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

