‘ഇത് രണ്ടാം ജന്മം’; ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ഇനി സുരക്ഷിത തണൽ; ടൗൺഷിപ്പിലെ വീടുകളുടെ താക്കോൽ കൈമാറ്റം ആരംഭിച്ചു

WAYANADU TOWNSHIP

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിലെ വീടുകളുടെ താക്കോൽ കൈമാറ്റം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഏഴ് വീടുകളാണ് ഗുണഭോക്താക്കൾക്ക് വിട്ടുനൽകിയത്. താമസത്തിന് മുന്നോടിയായി ഗുണഭോക്താക്കളും കിഫ്കോൺ, യു.എൽ.സി.സി.എസ് അധികൃതരും സംയുക്തമായി വീടുകളിൽ മൂന്നാം ഘട്ട പരിശോധന നടത്തി.

എല്ലാ സൗകര്യങ്ങളും സജ്ജം ടൗൺഷിപ്പിൽ ആകെ 178 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായിരിക്കുന്നത്. റോഡ് പണികളും ശുചീകരണ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള ചില നിസ്സാര പ്രവൃത്തികൾ കൂടി വരും ദിവസങ്ങളിൽ പൂർത്തിയാകുമെന്ന് യു.എൽ.സി.സി.എസ് സീനിയർ പ്രൊജക്ട് എൻജിനീയർ അറിയിച്ചു. വീടുകളിൽ വൈദ്യുതി, കുടിവെള്ളം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇതിനോടകം ഉറപ്പുവരുത്തിയിട്ടുണ്ട്.

ALSO READ: ആശ്വാസമായി പെയ്ത വേനൽ മഴയിൽ കൊല്ലത്ത് വ്യാപക നാശനഷ്ടം; പന കടപുഴുകി വീണ് സ്ത്രീ മരിച്ചു

പുതിയ വീടുകളെക്കുറിച്ച് ഗുണഭോക്താക്കൾ വലിയ സംതൃപ്തിയാണ് രേഖപ്പെടുത്തുന്നത്. “നമുക്ക് കിട്ടിയ വീടിന് ഒരു കുഴപ്പവുമില്ല, അടിപൊളി വീടാണ്” എന്നാണ് ഗുണഭോക്താവായ സലീമ പ്രതികരിച്ചത്. ചൂരൽമല ടൗണിലുണ്ടായിരുന്ന തന്റെ വീട് ഉരുൾപൊട്ടലിൽ പൂർണ്ണമായും തകർന്നുപോയെന്നും ചെളിയിൽ നിന്നാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും ഇത് തനിക്ക് രണ്ടാം ജന്മമാണെന്നും അവർ വികാരാധീനയായി പറഞ്ഞു. പരിശോധനയിൽ എന്തെങ്കിലും ചെറിയ പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ ഉടൻ പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. വള്ളിയമ്മ, തമ്പി തുടങ്ങിയ മറ്റ് ഗുണഭോക്താക്കളും വീടുകളുടെ നിർമ്മാണത്തിൽ പൂർണ്ണ സംതൃപ്തരാണ്.

താക്കോലുകൾ കൈമാറിയെങ്കിലും 178 കുടുംബങ്ങളും ഒരുമിച്ച് താമസമാരംഭിക്കാനാണ് ഗുണഭോക്താക്കളുടെ തീരുമാനം. ഓരോ ക്ലസ്റ്ററുകളിലായി ഘട്ടം ഘട്ടമായാണ് നിലവിൽ പരിശോധനയും താക്കോൽ കൈമാറ്റവും നടക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കുടുംബങ്ങൾക്ക് താക്കോൽ നൽകുന്നതോടെ എല്ലാവരും ചേർന്ന് ആഘോഷമായി പുതിയ വീടുകളിലേക്ക് പ്രവേശിക്കാനാണ് ഒരുങ്ങുന്നത്.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News