അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വേതനം നല്‍കാന്‍ നഗരസഭകള്‍ക്ക് 24.4 കോടി; മന്ത്രി എം ബി രാജേഷ്

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വേതനം നല്‍കാന്‍ നഗരസഭകള്‍ക്ക് 24.4 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മുന്‍പ് അനുവദിച്ച തുകയുടെ 60%ത്തിലധികം ഉപയോഗിച്ച നഗരസഭകള്‍ക്കാണ് തുക അനുവദിച്ചത്. ആറ് കോര്‍പറേഷനുകള്‍ക്കും 56 മുന്‍സിപ്പാലിറ്റികള്‍ക്കും ഈ തുക ലഭിക്കും. ധനകാര്യ വകുപ്പിന്റെ ബിഎഎംഎസ് ആപ്ലിക്കേഷന്‍ വഴിയാണ് തുക അനുവദിച്ച് നല്‍കുന്നത്. ഇതിന് പുറമേ ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നഗരസഭകള്‍ക്ക് 29.85 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 23 കോടി രൂപ ഇതിനകം നഗരസഭകള്‍ ചെലവഴിച്ചുകഴിഞ്ഞു.

ഇതേത്തുടര്‍ന്നാണ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വീണ്ടും തുക അനുവദിച്ചിരിക്കുന്നത്. 150 കോടി രൂപയാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായി നഗരമേഖലയില്‍ തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്‍കിയ സംസ്ഥാനമാണ് കേരളം. പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത്. കേരളം രാജ്യത്തിന് സമ്മാനിക്കുന്ന മറ്റൊരു മോഡലാണ് നഗര തൊഴിലുറപ്പ് പദ്ധതിയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യ സംസ്‌കരണം ഉള്‍പ്പെടെ പുതിയ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയണം. കേരളത്തിന്റെ നഗരജീവിതത്തില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് സുപ്രധാന പങ്കാണുള്ളതെന്നും മന്ത്രി പറഞ്ഞു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 41.11 ലക്ഷം തൊഴില്‍ ദിനങ്ങളാണ് അയ്യങ്കാളി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ലഭ്യമാക്കിയത്. പദ്ധതിയുടെ ചെലവ് 113.93 കോടിയാണ്. 2015-16 ല്‍ ചെലവ് 7.48 കോടിയും തൊഴില്‍ ദിനങ്ങള്‍ മൂന്ന് ലക്ഷവും മാത്രമായിരുന്നു. ശ്രദ്ധേയമായ പുരോഗതിയാണ് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ സാധ്യമാക്കിയത്. 2015-16ല്‍ 15 കോടിയുണ്ടായിരുന്ന ബജറ്റ് വിഹിതം ഇപ്പോള്‍ 150 കോടിയായി വര്‍ധിച്ചു.

അധികമായി വേണ്ടിവരുന്ന തുക നഗരസഭകളുടെ തനതുഫണ്ടില്‍ നിന്നാണ് ചെലവഴിക്കുന്നത്. 2,79,035 കുടുംബങ്ങളാണ് അയ്യങ്കാളി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 96,000 കുടുംബങ്ങള്‍ സ്ഥിരമായി പദ്ധതിയെ ആശ്രയിക്കുന്നവരാണ്. മാലിന്യ സംസ്‌കരണം, സുഭിക്ഷ കേരളം, മഴക്കാല പൂര്‍വ ശുചീകരണം, ആരോഗ്യജാഗ്രത, ജലസംരക്ഷണം, വനവത്കരണം, ലൈഫ് പിഎംഎവൈ ഭവന നിര്‍മ്മാണം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് പ്രധാനമായും ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. 2019-20 മുതല്‍ ക്ഷീരകര്‍ഷകരെയും ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടില്‍ കൂടുതല്‍ കന്നുകാലി ഉള്ള, പ്രതിദിനം 10 ലിറ്ററില്‍ കുറയാതെ പാല്‍ ക്ഷീരസംഘത്തിന് നല്‍കുന്നവരെയാണ് ഉള്‍പ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News