
പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്‌ത എമ്പുരാൻ. പുറത്തിറങ്ങിയ ചിത്രത്തിനെതിരെ പല വിവാദങ്ങൾ ആണ് തലപൊക്കിയത്. സംഘപരിവാറിന് ഇഷ്ടപ്പെടാത്ത പല രംഗങ്ങളും അതിൽ ഉണ്ടായിരുന്നതിനാൽ വ്യാപകമായ ‘വെട്ടലിനാണ്’ ചിത്രം വിധേയമായത്. അതിനു മുൻപ് മോഹൻലാൽ ഖേദപ്രകടനം കൂടി നടത്തിയതോടു കൂടി സിനിമ വൻ ചർച്ചാ വിഷയമായി മാറിയിരുന്നു. സംഭവത്തിൽ ചിത്രത്തിന്റെ സംവിധായകനും നിർമാതാക്കളും ഉൾപ്പെടെ പ്രതികരിച്ചിരുന്നുവെങ്കിലും ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി ഒരു തരത്തിലും പ്രതികരണം നടത്തിയിരുന്നില്ല.
എപ്പോഴാണ് അദ്ദേഹം ഒന്ന് പ്രതികരിക്കുക എന്ന് നോക്കിയിരുന്ന പലർക്കും കുറച്ചുനാളായി നിരാശയായിരുന്നു ഫലം. എന്നാൽ ഇപ്പോഴിതാ സിനിമയ്ക്കെതിരായ സംഘപരിവാർ ഭീഷണിക്ക് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിരിക്കുകയാണ് മുരളി ഗോപി. തൂലികയും മഷിക്കുപ്പിയും ചേർത്തുവെച്ച ചിത്രമാണ് മുരളി ഗോപി പങ്കുവെച്ചത്.
പോസ്റ്റ് കൊണ്ട് താരം എന്താണ് ഉദേശിച്ചത് എന്നതിൽ വ്യക്തതയില്ലെങ്കിലും ആരാധകർ കമന്റ് ബോക്സ് ഏറ്റെടുത്തുകഴിഞ്ഞു. തൂലിക പടവാൾ ആക്കിയവൻ, തൂലികയുടെ കരുത്തു ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു, വിറക്കാത്ത കയ്യും, ഒടിയാത്ത നട്ടെല്ലുമായി മുന്നോട്ട് എന്ന് തുടങ്ങുന്നു കമന്റുകൾ. എന്തായാലും ഇത്രയും നാൾ പ്രതികരിക്കാതെയിരുന്ന താരത്തിന്റെ പുതിയ പോസ്റ്റ് പലരിലും ആവേശം കൊള്ളിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here