
ഭാര്യയെ മറ്റൊരാൾക്ക് വിവാഹം കഴിപ്പിച്ചു കൊടുത്തതിലുള്ള വിരോധത്തിൽ ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവ്. 45,000 രൂപാ പിഴ ഒടുക്കാനും ചേര്‍ത്തല അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 15 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. കുത്തിയതോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ കുത്തിയതോട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ പറയകാട് അറപ്പത്തറ വീട്ടില്‍ സോമനെയാണ് ചേര്‍ത്തല അസിറ്റന്റ് സെഷന്‍സ് ജഡ്ജ് കുമാരി എസ് ലക്ഷ്മി ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 450, 326, 307 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷകള്‍ ഒരുമിച്ചനുഭവിച്ചാല്‍ മതി. 2022 ഓഗസ്റ്റ് 14-ന് പുലർച്ചെ രണ്ടോടെയാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുടെ സഹോദരന്‍ കോടംതുരുത്ത് കൂവക്കാട്ടു തറയില്‍ ശശിയോടുള്ള വിരോധത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറി കിടന്നുറങ്ങുകയായിരുന്ന അയാളെ വിളിച്ചുണര്‍ത്തി കൈയില്‍ കരുതിയിരുന്ന മരം വെട്ടാന്‍ ഉപയോഗിക്കുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടി ഗുരുതരമായി പരുക്കേല്‍പിക്കുകയായിരുന്നു. തലയോട്ടിയിലും മുഖത്തും ആഴമുള്ള മുറിവ് പറ്റി ശശിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയാണ് ജീവന്‍ രക്ഷിച്ചത്. ശശിയുടെ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടമായിരുന്നു. ഒളിവില്‍ പോയ പ്രതിയെ ഇടുക്കിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിചാരണയ്ക്ക് മുന്‍പ് തന്നെ പരുക്കേറ്റ ശശി മരിച്ചിരുന്നു. ദൃക്സാക്ഷികള്‍ ആരും ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 29 സാക്ഷികളെയും 39 രേഖകളും ആറ് വസ്തുക്കളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ രാധാകൃഷ്ണന്‍ ജി പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കുറ്റപത്രം സമര്‍പ്പിച്ചത് കുത്തിയതോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ ഫൈസലാണ്. കോടതിയിലെ പ്രോസിക്യൂഷന്‍ നടപടികള്‍ സബ് ഇന്‍സ്‌പെക്ടര്‍ ബിജു ഏകോപിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

