
39 വർഷം മുമ്പ് കൊലപാതകം നടത്തിയെന്ന കുറ്റസമ്മത മൊഴിയിൽ, മരിച്ചയാളെ തിരിച്ചറിയാൻ അന്വേഷണം തുടങ്ങി തിരുവമ്പാടി പൊലീസ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടു. കോടതിയിൽ നിന്നുള്ള കേസ് രേഖകളും പോലീസ് ശേഖരിക്കും.
മലപ്പുറം വേങ്ങര പോലീസിനോട് മുഹമ്മദലി നടത്തിയ കുറ്റസമ്മത മൊഴിയിലാണ് തിരുവമ്പാടി പൊലിസിൻ്റെ അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ട് കത്ത് നൽകി. പോസ്റ്റ് മോർട്ടത്തിന് ശേഷം അജ്ഞാത മൃതദേഹം എന്ന നിലയിൽ നടപടി ക്രമം പാലിച്ച് സംസ്ക്കാരവും നടത്തിയിരുന്നു. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആർഡിഓ കോടതിയിൽ നിന്നുള്ള രേഖകളും പോലീസ് തേടിയിട്ടുണ്ട്. വിവര ശേഖരണം പൂർത്തിയാക്കി തുടർ നടപടിയിലേക്ക് കടക്കാനാണ് തിരുവമ്പാടി പോലീസിൻ്റെ തീരുമാനം. 39 വർഷങ്ങൾക്കിപ്പുറം മൃതദേഹം കണ്ടെത്തിയതായി പറയുന്ന തോട് പോലും പേരിന് മാത്രമണ് അവശേഷിക്കുന്നത്.
ശാരീരികമായി ഉപദ്രവിച്ചപ്പോൾ ചവിട്ടിയതാണെന്നാണ് മുഹമ്മദലിയുടെ മൊഴി. തോട്ടിൽ വീണയാൾ മരിച്ചതായി അറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞാണ്. 17 വയസുള്ള മുഹമ്മദലി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. മകൻ മരിച്ചതിൻ്റെ സങ്കടത്തിലാണിപ്പോൾ കുറ്റസമ്മതം നടത്തിയത്. പൊലീസ് പരിശോധനയിൽ 1986 നവംബർ അവസാനം അജ്ഞാതനായ ഒരാൾ തോട്ടിൽ വീണ് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here