ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു

ഒരു നാടിന്റെ തന്നെ നോവായി മാറിയ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി അസ്ഫാക് ആലത്തെ റിമാൻഡ് ചെയ്തു. ബലാത്സംഗം അടക്കം 9 വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. U/s 364, 367,377, 376 AB, 376 A, 302 ipc , & 4 (2) r/w 3 (a), 6 r/w 5 m , 5 (j) (iv) pocso Act എന്നിങ്ങനെയാണ് വകുപ്പുകൾ. പോക്സോ ചുമത്തിയതിനാൽ പോക്സോ കോടതിയായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.കസ്റ്റഡി അപേക്ഷ നാളെ പോക്സോ കോടതി പരിഗണിക്കും. പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഇന്ന് രാവിലെ തന്നെ ഹാജരാക്കി. കൃത്യത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. കൃത്യം നടത്താൻ പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പൊലീസ് പരിശോധിച്ചു വരികയാണ്.പോസ്റ്റ്‌മോർട്ടത്തിൽ ലൈംഗീക പീഡനം സ്ഥിരീകരിച്ചതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ നിലപാട്.

വെള്ളിയാഴ്ച 3 മണിയോടെയാണ് അഞ്ചു വയസുകാരിയായ കുട്ടിയെ കാണാതാകുന്നത്. കുട്ടിയുമായി അസഫാക് പോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

Also Read: കണ്ണീർനോവായി അഞ്ചുവയസ്സുകാരി; സംസ്കാരം ഇന്ന് നടക്കും,പൊതുദർശനം പഠിച്ച സ്കൂളിൽ

കുട്ടി താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്തുള്ള രണ്ടുനില കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കാനെത്തിയതാണ് ബിഹാർ സ്വദേശിയായ അസഫാക്. കുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് കൂടെക്കൂട്ടിയ പ്രതി കുട്ടിയെ ആലുവ മാർക്കറ്റിന് പിൻഭാഗത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടി ധരിച്ചിരുന്ന വസ്ത്രം കൊണ്ട് കഴുത്തു ഞെരിച്ചാണ് അസഫാക് കൊലപാതകം നടത്തിയത്. പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി ചെളിയിൽ താഴ്ത്തി മുകളിൽ വലിയ പാറക്കല്ലുകളുമെടുത്തു വെച്ചു. ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ കുട്ടിയെ കണ്ടിട്ടു പോലുമില്ലെന്നായിരുന്നു അസഫാകിന്റെ മൊഴി. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

കണ്ണിരോടെയാണ് ഒരു നാട് തന്നെ അവൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ അവൾ ഇനി അവസാന ഉറക്കത്തിലേക്ക് നീങ്ങും. കുട്ടി പഠിച്ച തായിക്കാട്ടുകര സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ അതിവൈകാരിക നിമിഷങ്ങളായിരുന്നു അവിടെ അരങ്ങേറിയിരുന്നത്. ഒരു നാട് മുഴുവൻ അഞ്ചുവയസ്സുകാരിക്ക് സംഭവിച്ച ദുരന്തത്തിൽ വിങ്ങിപ്പൊട്ടുകയായിരുന്നു. അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും വിതുമ്പിക്കൊണ്ടാണ് അവൾക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്. ആംബുലൻസ് കടന്നു പോയ വഴിയരികിലും ആളുകൾ ആ പെൺകുഞ്ഞിനെ ഒരു നോക്ക് കാണാൻ കാത്തുനിന്നു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഇവിടെ എത്തിച്ചേർന്നിരുന്നു. സ്കൂളിൽ നിന്ന് എട്ടുകിലോമീറ്റർ ദൂരെയാണ് കീഴ്മാട് ശ്മശാനം.

മൂന്ന് സഹോദരങ്ങളാണ് അഞ്ചുവയസ്സുകാരിക്ക്. അതിൽ മൂത്തകുട്ടിക്ക് മാത്രമേ അനിയത്തിക്ക് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചത്. ബാക്കി രണ്ട് സഹോദരങ്ങൾ ചേച്ചിക്ക് സംഭവിച്ചത് എന്താണെന്ന് പോലും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല. അലമുറയിട്ട് കരയുന്ന അമ്മയും വിതുമ്പി നിൽക്കുന്ന അച്ഛനും കണ്ണീർക്കാഴ്ചയായി. ഈ ദുരന്തത്തെ തുടർന്ന് നാടെങ്ങും വൻപ്രതിഷേധമാണ് ഉയരുന്നത്.

Also Read:മണിപ്പൂരില്‍ സമാധാനം പുലരണം, ‘ഇന്ത്യ’ന്‍ സംഘം ഗവര്‍ണറെ കണ്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News