
സര്‍ക്കാര്‍ വക്കീലിന്റെ സേവനം വേണമെന്ന് ആവശ്യപ്പെട്ട് കാമുകനുമായി ചേർന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതി. മര്‍ച്ചന്റ് നേവി ഓഫീസറായ സൗരഭ് രാജ്പുതിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ മുസ്‌കാന്‍ റസ്‌തോഗിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കുടുംബം തനിക്കെതിരാണെന്നും അതിനാല്‍ അവര്‍ തന്നെ സഹായിക്കില്ലെന്നും മുസ്‌കാന്‍ പറഞ്ഞതായാണ് റിപ്പോർട്ട്. സീനിയര്‍ ജയില്‍ സൂപ്രണ്ടായ വിരേഷ് രാജ് ശര്‍മ്മയോടാണ് മുസ്‌കാന്‍ സര്‍ക്കാര്‍ വക്കീല്‍ വേണമെന്ന ആവശ്യം ഉന്നയിച്ചത്. കേസിലെ പ്രതികളായ മുസ്‌കാനും കാമുകന്‍ സഹില്‍ ശുക്ലയും മീററ്റ് ജില്ലാ ജയിലിലാണ് ഇപ്പോഴുള്ളത്.
‘കഴിഞ്ഞ ദിവസം മുസ്‌കാന്‍ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. കുടുംബം തനിക്കെതിരാണെന്നും അതിനാല്‍ അവര്‍ കേസില്‍ നിയമസഹായം നല്‍കില്ലെന്നും മുസ്‌കാന്‍ പറഞ്ഞു. അതിനാല്‍ പ്രതിഭാഗം അഭിഭാഷകനായി സര്‍ക്കാര്‍ വക്കീല്‍ വേണമെന്നും അവള്‍ ആവശ്യപ്പെട്ടു. ഇത് അവരുടെ അവകാശമാണ്. അതിനാല്‍ ഞങ്ങള്‍ ഇക്കാര്യം കോടതിയെ അറിയിക്കും.’ -വിരേഷ് രാജ് ശര്‍മ്മ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
ALSO READ: ട്രംപ് അധികാരമേറ്റതിന് ശേഷം രാജിവച്ച മുൻ യുഎസ് അഭിഭാഷക മരിച്ച നിലയിൽ
മാർച്ച് 4നാണ് രജ്പുത്തിനെ ഭാര്യ മുസ്‌കാനും കാമുകൻ സാഹിലും ചേർന്ന് മയക്കുമരുന്ന് നൽകി കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പകകത്താക്കി സിമൻ്റിട്ട് ഉറപ്പിച്ചത്. തുടർന്ന്, മുസ്‌കാനും സാഹിലും ഹിമാചൽ പ്രദേശിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയി. കുറ്റകൃത്യം മറച്ചുവെക്കാൻ തന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയച്ച് രജ്പുത്തിന്റെ കുടുംബത്തെ മുസ്കാൻ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
മാർച്ച് 18ന് രജ്പുത്തിനെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. മുസ്‌കാനെയും സാഹിലിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോൾ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here