ജമാഅത്ത്- യു ഡി എഫ് അവിശുദ്ധ ബന്ധം തള്ളി മുസ്ലിം സമുദായം

jamaat-e-islami-udf-nilambur-election-muslim-community

ജമാഅത്തെ ഇസ്ലാമിയുടെ അപകടകരമായ ആശയങ്ങള്‍ക്ക് കൂടുതല്‍ ദൃശ്യത നല്‍കുന്ന യു ഡി എഫ് നിലപാടിനെ ഒന്നിച്ച് എതിര്‍ത്ത് മുസ്ലിം സമുദായം. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം അടക്കമുള്ള മുന്‍ നിലപാടുകള്‍ ഇല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനക്കെതിരെ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം രംഗത്തെത്തി. കേരളീയ മുസ്ലിംകളുടെ ആധികാരിക സംഘടനകളായ ഇ കെ- എ പി വിഭാഗം സമസ്തകളാണ് ഈ അവിശുദ്ധ ബന്ധത്തിനെതിരെ രംഗത്തെത്തിയത്.

ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും മതവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സമസ്ത സെക്രട്ടറി മുക്കം ഉമര്‍ ഫൈസി വ്യക്തമാക്കി. മുസ്ലിംകള്‍ക്ക് നാശംവരുത്തുകയല്ലാതെ മറ്റൊന്നും ജമാഅത്തെ ഇസ്ലാമി ചെയ്യുന്നില്ല. ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ ഫത്വ നല്‍കേണ്ടത് വി ഡി സതീശനല്ലെന്നും അതിന് ഇവിടെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഉണ്ടെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞിരുന്നു.

Read Also: ‘ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടന, ഫത്‌വ നല്‍കേണ്ടത് സതീശനല്ല’; രൂക്ഷവിമര്‍ശനവുമായി സമസ്ത

ജമാഅത്തെ ഇസ്ലാമി അവരുടെ ആശയം നിലനിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതാണെന്നും വിഷയത്തെക്കുറിച്ച് പഠിക്കാതെയാണ് വി ഡി സതീശന്‍ പ്രസ്താവന നടത്തിയതെന്നും എ പി വിഭാഗം സമസ്തയുടെ യുവജനവിഭാഗം നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരം പറഞ്ഞു. ഏറ്റവും അപകടകരമായ മതരാഷ്ട്രവാദം ഉന്നയിക്കുകയും ആ ആശയത്തില്‍ തുടരുകയും അത് പ്രചരിപ്പിക്കുന്ന സാഹിത്യങ്ങള്‍ ഇന്നും വില്‍ക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയെ നാല് വോട്ടിന് വേണ്ടി ആര് വെള്ളപൂശുന്നതും ശുദ്ധ അസംബന്ധമാണെന്ന് മുസ്ലിം ജമാഅത്ത് നേതാവ് മജീദ് കക്കാടും പ്രതികരിച്ചു.

ഹുകൂമത്തെ ഇലാഹിയും താഗൂത്തിയുമായി രംഗപ്രവേശം ചെയ്ത ജമാഅത്തെ ഇസ്ലാമിയെ അതിന്റെ പിറവിയില്‍ തന്നെ കേരളത്തിലെ പാരമ്പര്യ മുസ്ലിംകള്‍ ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. പാരമ്പര്യ മുസ്ലിംകള്‍ നിര്‍മിച്ച പള്ളികളും മദ്രസകളും ഏതാനും ജന്മിമാരുടെയും പ്രമാണിമാരുടെയും കൈയൂക്കിന്റെ ബലത്തില്‍ കൈയടക്കിയാണ് ജമാഅത്തെ ഇസ്ലാമി കടന്നുവരുന്നത് തന്നെ. കുറ്റ്യാടി പഴയ ജുമാ മസ്ജിദൊക്കെ ഇതിന്റെ തെളിവാണ്. അവിടെയുണ്ടായിരുന്ന ദര്‍ഗ പൊളിക്കുകയും ചെയ്തിട്ടുണ്ട്.

അന്നുമുതല്‍ ഇങ്ങോട്ട് ജമാഅത്തെയുമായി ആശയപരമായി ഏറ്റുമുട്ടുന്നതില്‍ മുന്‍പന്തിയിലാണ് പാരമ്പര്യ മുസ്ലിംകളെ പ്രതിനിധാനം ചെയ്യുന്ന സമസ്ത. സമസ്തയുടെ പ്രതിരോധം കാരണമാണ് ജമാഅത്തെ ഇസ്ലാമിക്ക് വലിയ വളര്‍ച്ചയുണ്ടാകാതിരുന്നത്. അതിനാല്‍, ജമാഅത്തെ ഇസ്ലാമിക്ക് ദൃശ്യതയുണ്ടാക്കുന്ന ഏതൊരു പ്രവര്‍ത്തനത്തെയും സമസ്തകള്‍ നഖശിഖാന്തം എതിര്‍ക്കുന്നുവെന്ന് മാത്രമല്ല, അവര്‍ പല രൂപത്തിലും വരുമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News