‘മുസ്ലിം ലീഗ് മേലാളരും സമസ്ത കീഴാളരും എന്ന ചിന്തയാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചത്’: കെടി ജലീല്‍

സമസ്ത-മുസ്ലിം ലീഗ് പ്രശ്‌നത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍ എംഎല്‍എ. സമസ്ത നേതാക്കന്മാര്‍ കീഴാളരും മുസ്ലിം നേതാക്കന്മാര്‍ മേലാളരും ആണ് എന്ന രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങിയത് മുതലാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

സമസ്തയും ലീഗും തമ്മിലുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങളാണ് പല ഭാഗത്തുനിന്നും വരുന്നത്. സത്യത്തില്‍ ഇതിന്റെ ഉത്തരവാദി സമസ്തയല്ല മറിച്ച് ലീഗാണ്. സമസ്തയെ ഏല്‍പ്പിച്ച ജോലി ഭംഗിയായി നടത്താന്‍ സമ്മതിക്കാതെ, മുസ്ലിം ലീഗ് സമസ്തയെ പോഷക സംഘടനയായി മാറ്റാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് ഈ പ്രശ്‌നങ്ങളെല്ലാം ഉടലെടുക്കുന്നത്.

മുമ്പ് കാലങ്ങളിലൊക്കെ മുസ്ലിം ലീഗിന്റെ നേതൃത്വവും സമസ്തയുടെ നേതൃത്വവും തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു ഉള്ളത്. ഇവര്‍ക്കിടയില്‍ വളരെ അടുത്ത പരസ്പര ബഹുമാനത്തിന്റെ തലം നമുക്ക് കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ പുതിയ മുസ്ലിം ലീഗിന്റെ നേതൃത്വം സമസ്ത നേതാക്കന്മാരെ ഒരു രണ്ടാം തരം നേതാക്കന്മാരായി കാണുന്ന സ്ഥിതി ഉണ്ടായി.

Also Read : ആർഎസ്എസുകാർ സാളഗ്രാമം ആശ്രമം കത്തിച്ചപ്പോൾ കേസന്വേഷിച്ച ടീമിലെ പ്രധാനി ഇപ്പോൾ ബിജെപിയുടെ ബൂത്ത് ഏജന്റ്‌; ചിത്രം പങ്കുവെച്ച് സന്ദീപാനന്ദ ഗിരി

സമസ്ത നേതാക്കന്മാര്‍ കീഴാളരും മുസ്ലിം നേതാക്കന്മാര്‍ മേലാളരും ആണ് എന്ന രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങിയത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സമസ്തയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ലീഗിന് വോട്ട് ചെയ്യരുത് എന്ന് ഒരു മനോഗതം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ 100% ഉത്തരവാദിത്വം മുസ്ലിം ലീഗിന്റെ നേതാക്കന്മാര്‍ക്കുള്ളതാണ്.

തെരഞ്ഞെടുപ്പ് സമയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് പറഞ്ഞു പരിഹരിക്കാന്‍ ആയിരുന്നു അവര്‍ ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് പകരം ഞങ്ങള്‍ പിടിച്ച മുയലിന് നാലുകൊമ്പ് എന്ന തരത്തിലുള്ള രീതിയിലാണ് അവര്‍ ആ വിഷയത്തെ കൈകാര്യം ചെയ്തത്. അത് തങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് എല്ലാം കൈവിട്ടു പോകുന്ന ഒരു സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്.

അതിന്റെ ഫലമായിട്ടാണ് സമസ്തയിലെ പ്രവര്‍ത്തകര്‍ക്ക് മാറി ചിന്തിക്കേണ്ടതായിട്ട് വന്നിട്ടുള്ളത്. മലപ്പുറത്തും പൊന്നാനിയിലും മുസ്ലിം ലീഗിന് കനത്ത തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. അതിന്റെ അനുരണനമാണ് പല ലീഗ് നേതാക്കളില്‍ നിന്നും ഇതുപോലെയുള്ള വോയിസ് മെസ്സേജുകള്‍ ആയും കുറിപ്പുകള്‍ ആയും ഒക്കെ ഇറങ്ങിക്കൊണ്ടിരിക്കുന്നതെന്നും കെ ടി ജലീല്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News