എല്ലാക്കാലത്തും എന്തിന്‌ അഭിമാനം പണയം വെച്ച്‌ കോൺഗ്രസ്‌ പരിപാടിക്ക്‌ ആളെ കൂട്ടണം; പ്രതിപക്ഷ നേതാവിന്റെ അവ​ഗണനയിൽ ലീ​ഗിനുള്ളിൽ രോഷം പുകയുന്നു

Muslim League Congress

മലയോര സമരജാഥയിലെ അപമാനത്തിൽ പ്രതിപക്ഷ നേതാവിനെതിരെ ലീഗിൽ പ്രതിഷേധം. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട്‌ ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കളെ പ്രതിഷേധമറിയിച്ചു. മീനങ്ങാടിയിൽ നടന്ന സമരയാത്ര യോഗത്തിൽ യൂത്ത്‌ ലീഗ്‌ സംസ്ഥാന ട്രഷറർ പി ഇസ്മായിൽ പ്രസംഗിക്കുന്നത്‌ വി ഡി സതീശൻ വിലക്കിയിരുന്നു. മേപ്പാടിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്ത യോഗത്തിൽ അബ്ദുള്ള പാറക്കലിനും സമാന അനുഭവമുണ്ടായിരുന്നു.

സംസ്ഥാന നേതാവല്ലെങ്കിൽ സംസാരിക്കേണ്ടെന്നായിരുന്നു യൂത്ത്‌ ലീഗ്‌ സംസ്ഥാന ട്രഷർ പി ഇസ്മയിലിനോട്‌ വി ഡി സതീശന്റെ നിർദ്ദേശം. ലീഗിലെ പ്രധാന നേതാക്കൾ യാത്രയെ അവഗണിച്ചതിൽ പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്‌. പ്രസംഗിക്കാൻ പി ഇസ്‌മായിലിനെ ക്ഷണിച്ചപ്പോൾ ‘ഇദ്ദേഹം ലീഗിന്റെ സംസ്ഥാന ഭാരവാഹിയാണോ’ എന്ന്‌ വി ഡി സതീശൻ ചോദിച്ചു.സംസ്ഥാന നേതാക്കൾ പ്രസംഗിച്ചാൽ മതിയെന്ന് പറയുകയും ചെയ്തു.

Also Read: മലയോര സമരജാഥയിലെ അപമാനം; പ്രതിപക്ഷ നേതാവിനെതിരെ ലീഗിൽ പ്രതിഷേധം

അപമാനിതനായി ലീഗ്‌ നേതാവ്‌ തിരികെ സീറ്റിലിരുന്നു. മേപ്പാടിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്ത യോഗത്തിൽ ലീഗ്‌ കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ്‌ ടി ഹംസയായിരുന്നു അധ്യക്ഷൻ. എന്നാൽ ടി ഹംസക്ക്‌ അവസരം നൽകിയില്ല. ടി സിദ്ധീഖ്‌ പരിപാടി നിയന്ത്രിച്ചതോടെ ലീഗ്‌ നേതാക്കൾ പിന്നിലായി. ലീഗ്‌ നേതാവ്‌ പാറക്കൽ അബ്ദുള്ള 2‌ മിനിട്ട്‌ സംസാരിച്ചെങ്കിലും സതീശൻ വേദിയിൽ എത്തിയതൊടെ പ്രസംഗം അവസാനിപ്പിക്കാൻ ‌ ആവശ്യപ്പെട്ടു.

മീനങാടിയിലെ അപമാനത്തേ തുടർന്ന് മേപ്പാടി യോഗത്തിലേക്ക്‌ ലീഗ്‌ അണികളെത്തിയില്ല. യോഗത്തിന്‌ ശേഷം ലീഗ്‌ നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്തു. സംഭവത്തിൽ ഒരു വിഭാഗം പരസ്യമായി നേതാക്കളോട്‌ തർക്കിക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിന്‌ പരാതി നൽകാം എന്ന് പിന്നീട്‌ തീരുമാനിക്കുകയായിരുന്നു.

Also Read: തിരക്കുകൾക്കിടയിലും 14കാരൻ്റെ സൈക്കിൾ തേടിപ്പിടിച്ച് പന്തളം പൊലീസ്; അഭിജിത്തിൻ്റെ മുഖത്ത് വീണ്ടും പുഞ്ചിരി

കഴിഞ്ഞ ദിവസം ഇക്കാര്യം ലീഗ്‌ സംസ്ഥാന നേതാക്കൾ പ്രതിപക്ഷ നേതാവിനെ അറിയിച്ചു. നേതൃത്വം ഇടപ്പെട്ട്‌ പ്രശ്നം പരിഹരിച്ചതായി ലീഗ്‌ നേതാക്കൾ അറിയിച്ചിട്ടുണ്ട്‌. എന്നാൽ പി ഇസ്മയിൽ ഉൾപ്പെടെയുള്ളവർ വഴങ്ങിയിട്ടില്ല. ലീഗ്‌ കൊടികൾ വിലക്കി തെരെഞ്ഞെടുപ്പ്‌ പ്രചരണം സംഘടിപ്പിച്ച സംഭവങ്ങളിലുൾപ്പെടെ ലീഗിന്‌ അതൃപ്തിയും പ്രതിഷേധവുമുണ്ടായിരുന്നു.

പുതിയ സംഭവം അത്‌ ശക്തമാക്കിയിട്ടുണ്ട്‌. എല്ലാക്കാലത്തും എന്തിന്‌ അഭിമാനം പണയം വെച്ച്‌ കോൺഗ്രസ്‌ പരിപാടിക്ക്‌ ആളെ കൂട്ടണമെന്ന് ലീഗ്‌ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ തർക്കം പടരുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News