മുസ്ലിംലീഗ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തല്‍

പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഏത് മുസ്ലിം ലീഗ് എംഎല്‍എയാണ് ആര്‍എസ്എസുമായി ചര്‍ച്ച ചെയ്തതെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ. ലീഗിലെ ഒരു എംഎല്‍എ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിന് ശേഷം ഇനി ഇഡി വരില്ലെന്നും ഇഡിയെ താന്‍ സെറ്റില്‍ ചെയ്തു എന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനത്തില്‍പ്പെട്ടുവെന്നും ഹംസ ആരോപിച്ചു.

ജില്ലാ കൗണ്‍സിലുകള്‍ കൂടാതെ സംസ്ഥാന സമിതി ചേരാന്‍ പാടില്ല എന്ന കോടതി വിധിയെ ധിക്കാരപൂര്‍വ്വം അവഗണിച്ച് ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് നടത്തിയത് തെറ്റാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നെങ്കില്‍ എം.കെ മുനീര്‍ ജയിക്കുമായിരുന്നു എന്നും മുന്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഇന്നലെ നടന്ന ഭാരവാഹി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും ഹംസ അറിയിച്ചു.

ലീഗില്‍ നിന്നും പുറത്താക്കിയതായുള്ള കത്ത് ഞായറാഴ്ചയാണ് കിട്ടിയത്. ധൃതിപിടിച്ച് തന്നെ പുറത്താക്കിയതിന് പാര്‍ട്ടിക്ക് എന്ത് ന്യായം ആണ് പറയാനുള്ളതെന്നും ഹംസ ചോദിച്ചു. സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കുന്ന അതേ ദിവസം പുറത്താക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഹംസ ആവശ്യപ്പെട്ടു. നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതാണ് തനിക്കെതിരെയുള്ള ആരോപണം. മുസ്ലീം ലീഗിന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പെ പുറത്താക്കിയെങ്കില്‍ തനിക്ക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമായിരുന്നു. മത്സരിച്ചാല്‍ താന്‍ ജയിക്കുമായിരുന്നെന്നും ഹംസ അവകാശപ്പെട്ടു.

മുസ്ലിംലീഗിനെ രാഷ്ട്രീയ ജീര്‍ണ്ണത ബാധിച്ചിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ചടങ്ങായി മാറി. ഇത് പാര്‍ട്ടി വേദിയില്‍ പറഞ്ഞപ്പോള്‍ ഒരു പ്രതികരണവും ഉണ്ടായില്ല. കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പ് അസാധുവാണ്. പാര്‍ട്ടി മൂലധനശക്തിയുടെ കരാള ഹസ്തത്തിലാണുള്ളത്. സരിത നായര്‍ കേസില്‍ യുഡിഎഫ് അന്വേഷണ കമ്മീഷനെ വെച്ചിരുന്നു. ബഷീറലി തങ്ങളുടെ അടുത്തേക്ക് സരിതയെ വിട്ടത് കുഞ്ഞാലിക്കുട്ടി ആണ് എന്ന് ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ116 പേജിലാണ് അക്കാര്യമുള്ളതെന്നും ഹംസ വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News