
പോക്സോ കേസിൽ 37 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ ചേർത്തു നിർത്തി മുസ്ലീം ലീഗ്. ശിക്ഷിക്കപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ രാജി ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, വിധി പകർപ്പ് കിട്ടിയാലുടൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ശിക്ഷിക്കപ്പെട്ട ഷെരീഫ് ചിറക്കലിനെ ആയോഗ്യനാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനൊരുങ്ങകയാണ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്.
മദ്രസ അധ്യാപകനും മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മുസ്ലീം ലീഗ് നേതാവ് ഷെരീഫ് ചിറക്കലിനാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി പോക്സോ കേസിൽ 37 വർഷത്തെ തടവും അഞ്ച് ലക്ഷം രൂപ പിഴയയും ചുമത്തിയത്. 2022 ജൂലൈ മുതൽ 2023 ആഗസ്റ്റ് 28 വരെ ഒമ്പതു വയസ്സുകാരിയെ മദ്രസയിലെ ക്ലാസ് മുറിയിൽ വെച്ച് പലതവണ പീഡിപ്പിച്ചു എന്നാണ് കേസ്. പുറത്തു പറഞ്ഞാൽ മാർക്ക് കുറക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
ഇയാളോട് ഇതുവരെ രാജി ആവശ്യപ്പെടാൻ മുസ്ലീം ലീഗ് ജില്ല നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. ആരോപണമുയർന്നപ്പോൾ തന്നെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന ഞൊടി ന്യായം പറഞ്ഞ് വിഷയത്തിൽ നിന്ന് തടിയൂരാനാണ് നേതൃത്വം ശ്രമിക്കുന്നത്.
അതേസമയം, ഷരീഫ് ചിറക്കലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. വിധി പകർപ്പ് കിട്ടിയാലുടൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ കൈരളി ന്യൂസിനോട് പറഞ്ഞു.
കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ തന്നെ ഷെരീഫ് ചിറക്കൽ രാജിവെക്കേണ്ടതായിരുന്നുവെന്നും എത്രയും പെട്ടെന്ന് രാജിവെക്കണമെന്നും സിപിഐഎം മണലൂർ ഏരിയ സെക്രട്ടറി പിഎ രമേശൻ ആവശ്യപ്പെട്ടു.
കേസിൽ രണ്ടാം പ്രതിയും മദ്രസ പ്രധാന അധ്യാപകനുമായ ഒടുവാങ്ങാട്ടിൽ അബ്ബാസിന് 10,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. പീഡന വിവരം അറിഞ്ഞിട്ടും നിയമസംവിധാനങ്ങളെ അറിയിക്കാത്തതിനാണ് ഇയാൾക്ക് പിഴ ചുമത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

