
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ തിരുവനന്തപുരത്തെ സിറ്റിങ് കമ്മീഷന്‍ ആസ്ഥാനത്തെ കോര്‍ട്ട് ഹാളില്‍ നടന്നു. ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. മുതലപ്പൊഴി അപകട പരമ്പരയെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ എടുത്ത കേസില്‍, ഡ്രഡ്ജിങ് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുക അദാനി പോര്‍ട്സ് ലഭ്യമാക്കിയിട്ടില്ലെന്നും ഫെബ്രുവരി പകുതിയോടുകൂടി തെക്കുനിന്നും ഒഴുകിവരുന്ന മണല്‍ ബൈപാസ് ചെയ്ത് ചാനലിനുള്ളില്‍ പ്രവേശിക്കുന്ന പ്രതിഭാസം ആരംഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ മണ്‍സൂണിന് മുമ്പായി ചാനല്‍ ഡ്രഡ്ജ് ചെയ്ത് ആഴം ഉറപ്പാക്കേണ്ട അടിയന്തര സാഹചര്യം നിലനില്‍ക്കുകയാണെന്നും ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് കമ്മീഷനെ അറിയിച്ചു.
എസ്റ്റിമേറ്റ് തുക ലഭ്യമാക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ കമ്മീഷന്‍ രണ്ട് ദിവസത്തിനകം തുക ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അദാനി പോര്‍ട്സ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ വികസനത്തിനായി 177 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതിനെ തുടര്‍ന്ന് പ്രവൃത്തികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ദര്‍ഘാസുകളുടെ യോഗ്യതാ നിര്‍ണയ പരിശോധന പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ ഉടനെ ആരംഭിക്കുമെന്നും താഴംപള്ളി ഭാഗത്തെ ടോയ്ലെറ്റ് ബ്ലോക്കിന്റെ നിര്‍മ്മാണം ആരംഭിച്ചതായും ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് അധികൃതര്‍ കമ്മീഷനെ അറിയിച്ചു.
Read Also: കെഎസ്ഇബി സംസ്ഥാനതല സേഫ്റ്റി കോൺക്ലേവിന് മാര്‍ച്ച് 20ന് തുടക്കം
മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങളെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ എടുത്ത കേസില്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി വനം വകുപ്പ് സ്വീകരിച്ചിട്ടുള്ളതായി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആൻഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്ത നടപടികള്‍.
- മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനു വേണ്ടി മറ്റ് വകുപ്പുകളും വി എസ് എസ്/ ഇ ഡി സി, കര്‍ഷക കൂട്ടായ്മ, എന്‍ ജി ഒകള്‍ എന്നിവയുമായി ചേര്‍ന്ന് ഫലപ്രദമായ നടപടികളെടുത്ത് വരുന്നു.
- മനുഷ്യ- വന്യജീവി സംഘര്‍ഷം ‘സംസ്ഥാന സവിശേഷ ദുരന്ത’മായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി വനം വകുപ്പിന് പുറമേ ദുരന്ത നിവാരണ അതോറിറ്റി, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണവും പിന്തുണയും പങ്കാളിത്തവും ലഭ്യമാകുന്നുണ്ട്.
- എല്ലാ വനം ഡിവിഷനുകളിലും 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായ ഡിവിഷന്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും സര്‍ക്കിള്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും സ്ഥാപിച്ച് സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരുന്നു.
- സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് 2022- 23 കാലയളവില്‍ 2.37 കോടി രൂപയും 2023- 24 കാലയളവില്‍ 2.42 കോടി രൂപയും 2024- 25 കാലയളവില്‍ നാളിതുവരെ 1.24 കോടി രൂപയും നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്.
- ഏതെങ്കിലും മേഖലയില്‍ വന്യമൃഗത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശവാസികളെ ജാഗരൂകരാക്കുന്നതിനായി ഏര്‍ളി വാണിംഗ് സിസ്റ്റം, എസ് എം എസ് അലര്‍ട്ട് സിസ്റ്റം തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെ പ്രതിനിധികള്‍, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ എന്നിവരടങ്ങുന്ന ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ച് മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങളെ നേരിടുന്നതിലേക്ക് പ്രവർത്തിച്ച് വരുന്നു.
- സോളാര്‍ ഫെന്‍സിങുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിലേക്കായി ‘മിഷന്‍ സോളാര്‍ ഫെന്‍സിങ് 2020- 24’ എന്ന കര്‍മപദ്ധതി നടപ്പിലാക്കി.
- വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനും അവയ്ക്ക് ആവശ്യമായ ജല- ഭക്ഷണ ലഭ്യത വനത്തിനുള്ളില്‍തന്നെ സജ്ജീകരിക്കുന്നതിനുമായി ‘മിഷന്‍ ഫുഡ്, ഫോഡര്‍& വാട്ടര്‍’ പദ്ധതി ആരംഭിച്ചു.
- സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരന്തര പട്രോളിങും പരിശോധനയും ശക്തമാക്കുകയും അതിര്‍ത്തി പ്രദേശങ്ങളില്‍ അന്തര്‍സംസ്ഥാന കോ-ഓർഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം ജോയിന്റ് പട്രോളിങ് നടത്തുകയും ചെയ്യുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

