
സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് നമ്മുടെ വികസന കാഴ്ചപ്പാടെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. സാധാരണ മനുഷ്യന്റെ ജീവിതം ലോകത്തിന്റെ മുന്നിൽ അടയാളപ്പെടുത്തുന്ന നാടായി കേരളം മാറിയെന്ന് അദ്ദേഹം പറഞ്ഞു. കുത്തക മുതലാളിമാർക്കൊപ്പമാണ് കോൺഗ്രസും ബിജെപിയുമെന്നും കുത്തക മുതലാളിമാരാകണമെന്നതാണ് അവരുടെ നിലപാടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഇന്ന് ഇന്ത്യയിൽ 20 ശതമാനം സമ്പത്തും കൈകാര്യം ചെയ്യുന്നത് അദാനിയും അംബാനിയും ഉൾപ്പെടെയുള്ളവരാണ്. അതിദാരിദ്ര്യം അവസാനിപ്പിക്കുമെന്ന് കേരളം പറഞ്ഞു, അവസാനിപ്പിച്ചു. ദാരിദ്ര്യം അവസാനിപ്പിക്കുന്ന ലോകത്തിലെ മുതലാളിത്ത രാജ്യങ്ങളിലെ ഒരേയൊരു സംസ്ഥാനമായി കേരളം മാറുകയാണ്.
ALSO READ: ലൈഫിൻ്റ രണ്ടാംഘട്ടം നടപ്പിലാക്കും, വീടില്ലാത്ത ആരും കേരളത്തിൽ ഉണ്ടാകില്ല: മുഖ്യമന്ത്രി
മുതലാളിത്ത വ്യവസ്ഥയിൽ സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആയി മാറുന്നു. അങ്ങനെയുള്ള മുതലാളിത്ത സമൂഹമാണ് ഇന്ത്യ. അതിന്റെ ഭാഗമായ കേരളം ഒരു ബദൽ നിലപാടുമായി മുന്നേറിയിരിക്കുകയാണ്. അടിമതുല്യമായ ഒരു സമൂഹമുണ്ടായിരുന്ന കാലത്തെ, ഭ്രാന്താലയം ആയിരുന്ന കേരളത്തെ മനുഷ്യാലയമാക്കി മാറ്റിയത് കമ്മ്യൂണിസ്റ്റുകാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
1957 ൽ ലോകത്തിനു മാതൃകയായ ഒരു ഗവൺമെന്റ് രൂപീകരിക്കാൻ കഴിഞ്ഞു. ഇഎംഎസിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് രൂപീകൃതമായി ആറാമത്തെ ദിവസം ഒരു പ്രഖ്യാപനം നടത്തി. ഒരാളെയും താമസിക്കുന്ന ഇടത്തുനിന്ന് കുടിയൊഴിപ്പിക്കരുത് എന്നതായിരുന്നു ആ പ്രഖ്യാപനം. നിൽക്കാൻ സ്വന്തമായ ഇടമുള്ള ആളുകളായി ഇവിടുത്തെ മനുഷ്യർ മാറി. ഇന്നും ഇന്ത്യയിലെ പലയിടത്തും മനുഷ്യർക്ക് സ്വന്തമായി നിൽക്കാൻ ഇടമില്ല. കർണാടകയിലെ ബുൾഡോസർ രാജ് അതിനുദാഹരണമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
അങ്ങനെയൊരു ബുൾഡോസറുമായി ഇങ്ങോട്ട് വന്നാൽ ആ ബുൾഡോസർ പിന്നീട് ഉണ്ടാകില്ല. സ്കൂളിലേക്ക് വന്നാൽ ഉച്ചകഞ്ഞി തരാം എന്ന് പറഞ്ഞത് മറ്റൊരു വിപ്ലവമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. ‘ഭൂമിയില്ലാത്തവർക്ക് ഭൂമി കൊടുത്തത് ഈ കേരളം ആണ്. എൽഡിഎഫ് സർക്കാർ പെൻഷൻ 3000വും 3500ഉം ഒക്കെ ആക്കും. ചിലപ്പോൾ അതിലും കൂടും.
യുഡിഎഫ് ഗവണ്മെന്റിന് 600 രൂപ പോലും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസോ ബിജെപിയോ പറഞ്ഞ പോലെയുള്ള 3000 അല്ല ഇടതുപക്ഷം പറയുന്നത്. പറഞ്ഞത് നടത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സാധിക്കും. ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിനും തുടക്കമായിട്ടുണ്ട്.
ലൈഫ് മിഷൻ വഴി 5 ലക്ഷം പേർക്ക് വീട് വെച്ച് നൽകി. വീണ്ടും ഈ സർക്കാർ അധികാരത്തിൽ വന്നാൽ ലോകത്തിനു മാതൃകയായി അർഹരായ എല്ലാവർക്കും വീട് ഒരുക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

