
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ആർഎസ്എസ് നീക്കങ്ങൾക്ക് യുഡിഎഫ് ഗവൺമെന്റ് പൂർണ്ണ പിന്തുണ നൽകുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തിൽ നാലാമത്തെ വൈസ് ചാൻസലർ കൂടി പങ്കെടുത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എംജി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി ആർഎസ്എസ് പിന്തുണയുള്ള സംഘടനയുടെ നേതാവിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, സർവ്വകലാശാലയിലെ 19 സെനറ്റ് അംഗങ്ങളായി നിശ്ചയിച്ചിട്ടുള്ളത് ആർഎസ്എസിന്റെ അറിയപ്പെടുന്ന പ്രവർത്തകരെയാണ്. ഈ നടപടികൾക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയോ ഇതുവരെ ഒരു പ്രതിഷേധവും രേഖപ്പെടുത്താൻ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് യുഡിഎഫ് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. വെറും മാപ്പ് പറച്ചിലിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല ഈ ഗൗരവകരമായ പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സർക്കാരിന്റെ കാലത്തും വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തുവെന്ന യുഡിഎഫ് വാദത്തെ അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞു. ഒരു സന്ദർഭത്തിലും വൈസ് ചാൻസലർമാർ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത് തങ്ങൾ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അതീവ ഗുരുതരമായ കാവിവൽക്കരണ പ്രക്രിയയെ ജനാധിപത്യ കേരളം ശക്തിയായി എതിർക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

