
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാടിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർഅനുശോചനം രേഖപ്പെടുത്തി. ഇ എന്നിന്റെ വിയോഗം അത്യന്തം വേദനാജനകമാണെന്നും മനുഷ്യസ്നേഹം പ്രസരിപ്പിച്ച ഒരു പൊതുപ്രവർത്തകനെയും നേതാവിനെയുമാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥയിലടക്കം സജീവമായി പങ്കെടുത്ത സഖാവ്, തൊട്ടടുത്ത ദിവസമാണ് അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അപ്രതീക്ഷിതമായെത്തിയ ഈ മരണവാർത്ത വലിയ ഞെട്ടലാണുണ്ടാക്കിയതെന്ന് ഗോവിന്ദൻ മാസ്റ്റർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
ALSO READ : സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസ് അന്തരിച്ചു
വലുപ്പചെറുപ്പമില്ലാതെ ഏവരോടും സൗമ്യമായും സ്നേഹോഷ്മളമായും പെരുമാറുന്ന സഖാവിന്റെ മുഖമാണ് ഈ നിമിഷം മനസ്സിൽ നിറയുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രീയ എതിരാളികൾക്ക് പോലും അഭിപ്രായവ്യത്യാസമില്ലാത്ത നേതാവായിരുന്നു ഇ എൻ. മികച്ച അധ്യാപകൻ, സഹകാരി, പൊതുപ്രവർത്തകൻ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം അദ്ദേഹം തന്റെ മികവ് പ്രകടിപ്പിച്ചു. മലപ്പുറത്ത് ദേശാഭിമാനി എഡിഷന് തുടക്കമിടാൻ പ്രയത്നിച്ചവരിൽ മുൻപന്തിയിൽ ഇ എൻ ഉണ്ടായിരുന്നു. ദീർഘകാലം യൂണിറ്റ് മാനേജരായി പ്രവർത്തിച്ച അദ്ദേഹം മലപ്പുറത്തെ ദേശാഭിമാനിയുടെ മുഖമായിരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
സിപിഐ എം ഏരിയാ സെക്രട്ടറി, ദീർഘകാലം ജില്ലാ സെക്രട്ടറിയേറ്റംഗം, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഇ എൻ മോഹൻദാസ് മലപ്പുറത്ത് സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും വളർച്ചയ്ക്ക് നിസ്തുലമായ സംഭാവനയാണ് നൽകിയത്. അദ്ദേഹത്തിന്റെ വേർപാട് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും മതേതരചേരിക്കും കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സഖാവ് ഇ എന്നിന്റെ കുടുംബാംഗങ്ങളുടെയും പാർട്ടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നതായും പ്രിയസഖാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നതായും എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

