
രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ 80 ദിവസത്തെ ക്രൂഡ് ഓയിൽ ശേഖരം ഉറപ്പാക്കുന്നതിൽ കേന്ദ്രത്തിന് വലിയ വീഴ്ച സംഭവിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു വശത്ത് പാചകവാതകം ലഭിക്കാനില്ലാത്ത അവസ്ഥയാണെങ്കിൽ മറുവശത്ത് വൻതോതിൽ വില വർദ്ധിപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ഒരു വർഷത്തേക്കുള്ള പാചകവാതകം പോലും ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യം ജനങ്ങളെ വലിയതോതിൽ ബുദ്ധിമുട്ടിക്കുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന ഇത്തരം നടപടികൾക്കെതിരെ വലിയതോതിൽ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ഈ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ് ശക്തമായ പ്രക്ഷോഭത്തിന് മുൻകൈ എടുക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

