
കേന്ദ്രം തകര്‍ക്കാന്‍ ശ്രമിച്ച കിഫ്ബി മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. 90000 കോടിയുടെ വികസന പദ്ധതി ഏറ്റെടുക്കാന്‍ സാധിച്ചു. ആകാശ കുസുമം എന്നാണ് പ്രതിപക്ഷം കിഫ്ബിയെ ആദ്യം ആക്ഷേപിച്ചത്. എന്നാല്‍ അവരുടെ മണ്ഡലങ്ങളില്‍ കിഫ്ബിയിലൂടെ വികസനം എത്തി. പിന്നീട് യുഡിഎഫ് എംഎല്‍എമാര്‍ തന്നെ കിഫ്ബിയുടെ പ്രചാരകരായി മാറിയെന്നും എന്നാല്‍ ഇപ്പോഴും കിഫ്ബിഐയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിഎസ്ആര്‍ ഫണ്ട് തട്ടിപ്പില്‍ സിപിഐഎംകാര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ സംഘടനാപരമായി നടപടിയെടുത്ത് പുറത്താക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇതുപോലെ പറയാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും ആര്‍ജ്ജവം ഉണ്ടോ എന്ന് ചോദിച്ച ഗോവിന്ദന്‍ മാസ്റ്റര്‍ ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസ് എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രസക്തമാണെന്നും വ്യക്തമാക്കി.
CSR ഫണ്ട് തട്ടിപ്പിലൂടെ കേരളത്തിലുടനീളം കൊള്ള സംഘടിപ്പിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും ലീഗും ജനങ്ങളെ കൊള്ളയടിച്ചു എന്നാണ് വരുന്ന വാര്‍ത്ത. സമ്പത്ത് എങ്ങനെയെങ്കിലും സ്വരൂപിക്കുന്നതിന് വേണ്ടിയുള്ള ആര്‍ത്തിയാണ്. അതുകൊണ്ടാണ് എംഎല്‍എ ഉള്‍പ്പെടെ ഇതിന്റെ ഭാഗമായത്. ബിജെപിയുടെ പൂര്‍ണ്ണമായ പിന്തുണ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസുകാരെ ഇതിന്റെ ഭാഗമാക്കി മാറ്റിയത്. ഇവരെ ന്യായീകരിക്കാനാണ് സുധാകരന്‍ ആയാലും പ്രതിപക്ഷ നേതാവായാലും മുന്നോട്ടേക്ക് വന്നത്. എന്നാല്‍ കണക്കുകള്‍ പുറത്തുവന്നു. പരാതികള്‍ പൊലീസ് സ്റ്റേഷനുകളില്‍ എത്തിത്തുടങ്ങി. ഇപ്പോള്‍ സതീശനും സുധാകരനും ന്യായീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഭരണത്തിലേക്ക് എത്തിച്ചത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 6% വോട്ടാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന കോണ്‍ഗ്രസിന്റെ നിലപാട് ഒരു ഭാഗത്തും എഎപിയെ തോല്‍പ്പിക്കുക എന്നുള്ള കോണ്‍ഗ്രസിന്റെ നിലപാടുമാണ് ബിജെപിയെ വിജയിപ്പിച്ചത്. എഎപിയുമായി ചേര്‍ന്ന് മത്സരിച്ചിരുന്നെങ്കില്‍ 50 ശതമാനം വോട്ട് നേടാന്‍ സാധിക്കുമായിരുന്നു. ബിജെപി വിരുദ്ധ വിശാല മുന്നണിക്ക് രൂപം നല്‍കാത്തതാണ് ബിജെപിക്ക് നേട്ടമായത്. കോണ്‍ഗ്രസിന്റെ ചെലവിലാണ് ബിജെപിക്ക് ഇപ്പോള്‍ രാജ്യതലസ്ഥാനം ഭരിക്കാന്‍ അവസരം ഒരുങ്ങിയതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
സ്പിരിറ്റ് നിര്‍മ്മാണശാലയില്‍ എന്തിനാണ് നടപടികള്‍ നിര്‍ത്തിവയ്‌ക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു. പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. തീരുമാനം വരുന്നത് എല്‍ഡിഎഫ് എന്ന നിലയില്‍ ഒറ്റക്കെട്ടായാണ്. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയം നിലനില്‍ക്കുന്നത് ചെറിയ പ്രദേശത്ത് മാത്രമാണ്. അതിനെ സിപിഐയുടെ എതിര്‍പ്പായി കാണുന്നില്ല. ഏത് തര്‍ക്കം വന്നാലും അത് പരിഹരിച്ച് മുന്നണി മുന്നോട്ടു പോകും. പദ്ധതിയില്‍ നിന്ന് പിന്മാറുന്ന വിഷയം ഉത്ഭവിക്കുന്നില്ല. ആര്‍ ജെ ഡിയോ മറ്റാരെങ്കിലും പറയുന്നത് അല്ല വിഷയം. സര്‍ക്കാറിന്റെ തീരുമാനമാണ് അന്തിമം. ചര്‍ച്ച ചെയ്യേണ്ടവരുമായി ചര്‍ച്ച ചെയ്യും. നമുക്ക് ആവശ്യമുള്ള സ്പിരിറ്റ് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കണമെന്നും ഇപ്പോ വെള്ളത്തിന്റെ പ്രശ്‌നം ആര്‍ക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

