
തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കാൻ വാഗ്ദാനങ്ങൾ നൽകിയെന്നും അവയുടെ പൊള്ളത്തരങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ഇടതു സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും വൻതോതിൽ യുഡിഎഫ് പണം ഒഴുക്കിയതും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വലതുപക്ഷ മാധ്യമങ്ങളുടെ നുണപ്രചാരണങ്ങളെ പ്രതിരോധിക്കാനായില്ലെന്നും സംഘടനാ ദൗർബല്യങ്ങൾ തിരിച്ചടിയായെന്നും അദ്ദേഹം വിലയിരുത്തി.
വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകൾക്കെതിരെ പാർട്ടി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും, അതിനെ പൊതുജനങ്ങളിൽ ശരിയായി എത്തിക്കാൻ കഴിഞ്ഞില്ല. ഈ വിഷയത്തിലെ അവ്യക്തത തെറ്റിദ്ധാരണകൾക്ക് കാരണമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പ സംഗമം സർക്കാരാണ് സംഘടിപ്പിച്ചതെന്ന പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതായും, യോഗി ആദിത്യനാഥിന്റെ സന്ദേശവുമായി ബന്ധപ്പെട്ട വിവാദങ്ങളും തെറ്റിദ്ധാരണകൾ പരത്തിയെന്ന് അദ്ദേഹം പറഞ്ഞു.ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട പ്രതിയായ പത്മകുമാറിനെ തുടക്കത്തിൽ തന്നെ മാറ്റിനിർത്തിയിരുന്നുവെങ്കിലും, ആരോപണം ഉയർന്ന ഉടൻ നടപടി സ്വീകരിച്ചില്ലെന്ന പ്രചാരണം തെരഞ്ഞെടുപ്പിനെ ബാധിച്ചതായും അദ്ദേഹം വിലയിരുത്തി. ബന്ധുനിയമന വിവാദത്തിൽ ബെന്നി തോമസ് അല്ല രാജിവെക്കേണ്ടതെന്നും, സുജനപക്ഷപാതം കാട്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സണ്ണി ജോസഫ് ആണ് രാജിവെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

