
സിപിഐഎം സംസ്ഥാന കമ്മിറ്റി ക്ഷണിതാക്കളുടെ പൂർണ്ണ പട്ടിക പാർട്ടി കോൺഗ്രസിന് ശേഷമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞ 75 വയസ്സ് പിന്നിട്ടവരിൽ കേന്ദ്ര കമ്മിറ്റി നേതാക്കൾ അടക്കമുണ്ട്. വിഎസ് അച്യുതാനന്ദനെ അവഗണിച്ചു എന്ന വാർത്ത തനി തോന്ന്യാസമാണ്. വിഎസ് അടക്കമുള്ള നേതാക്കൾ ക്ഷണിതാക്കളുടെ പട്ടികയിൽ ഉണ്ടാകുമെന്നും ഗോവിന്ദൻ മാസ്റ്റർ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളുടെ പട്ടികയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള തെറ്റായ പ്രചരണം ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ദേശാഭിമാനി നൽകിയ അഭിമുഖത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കാര്യങ്ങൾ വിശദീകരിച്ചത്.
സംസ്ഥാന കമ്മിറ്റി ക്ഷണിതാക്കളുടെ പൂർണ്ണ പട്ടിക പാർട്ടി കോൺഗ്രസിന് ശേഷമാണ് കൃത്യമാകുക. സ്ഥിരം ക്ഷണിതാക്കളും പ്രത്യേക ക്ഷണിതാക്കളും തമ്മിൽ വ്യത്യാസമുണ്ടെന്ന കാര്യം നേരത്തെ തന്നെ പാർട്ടി സെക്രട്ടറി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സ്ഥിരം ക്ഷണിതാവ് എന്ന നിലയിലാണ് വീണ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. അതിനെയും മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. വിഎസ് അച്യുതാനന്ദനെ അവഗണിച്ചു എന്ന വാർത്ത തനി തോന്ന്യാസമാണെന്ന് ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. ഏറ്റവും സമുന്നത നേതാവായ വിഎസ് ഇപ്പോൾ കിടപ്പിലാണ്. കഴിഞ്ഞ തവണയും അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു. പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ മാത്രമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ. അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖൻ വി എസ് ആണ്. പാർട്ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളിൽ ഉറപ്പായും ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുന്നു.
ALSO READ; ചാനൽ ചർച്ചയ്ക്കിടെ അപകീർത്തികരമായ പരാമർശം; ഹാഷ്മി താജ് ഇബ്രാഹിം കോടതിയിൽ ഹാജരായി
സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിഞ്ഞവരിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളുമുണ്ട്. 75 വയസ്സ് പിന്നിട്ട അവർ സാങ്കേതികമായി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞെങ്കിലും പാർട്ടി കോൺഗ്രസ് വരെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ആണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. പാർട്ടി കമ്മിറ്റികളിൽ നിന്ന് ഒഴിവാകുന്നവരെ കേന്ദ്രകമ്മിറ്റി അംഗീകാരത്തോടെ അതത് പാർട്ടി സെൻററുകളിൽ പ്രവർത്തിപ്പിക്കാനാകും. അവരുടെ കഴിവും സേവനവും പരമാവധി പാർട്ടിക്കായി ഉപയോഗിക്കും. അവരെ പൂർണമായും പാർട്ടിയുടെ ഭാഗമാക്കുക എന്നതാണ് നിലപാട്. എസ് രാമചന്ദ്രൻ പിള്ള അടക്കമുള്ളവർ പാർട്ടിക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന അനുഭവം നമുക്ക് മുന്നിൽ ഉണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here