
ഉപതെരഞ്ഞെടുപ്പ് ഫലത്തിലെ ജനവിധി അംഗീകരിക്കുന്നതായി എം വി ഗോവിന്ദൻ മാസ്റ്റർ. പരാജയം പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതയെ തരാതരം പോലെ ഉപയോഗിച്ചു. വർഗീയശക്തികളെ ചേർത്ത് നിർത്തി സർക്കാരിനെതിരെ കള്ള പ്രചാരവേല നടത്തിയാണ് അവർ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ച വോട്ട് നിലനിർത്താൻ സാധിച്ചിട്ടില്ല. എൽഡിഎഫ് രാഷ്ട്രീയമായി മത്സരിച്ച് വിജയിക്കാൻ കഴിയുന്ന മണ്ഡലമായിരുന്നില്ല നിലമ്പൂർ. യുഡിഎഫിനെതിരെയുള്ള വോട്ടുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. യുഡിഎഫിന് ലഭിച്ച വോട്ടുകൾ വർഗീയ ശക്തികളുടെ പിന്തുണയോടെയാണ്.
ബിജെപി വോട്ടു കുറഞ്ഞു. ആ വോട്ടുകൾ യുഡിഎഫിന് ലഭിച്ചെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
യുഡിഎഫിന്‍റെ ജമാഅത്തെ ഇസ്ലാമി കൂട്ടുക്കെട്ട് ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കും. എല്ലാ വർഗീയ ശക്തികളെയും മാറ്റി നിർത്തിയാണ് എൽഡിഎഫിന് ഇത്ര മികച്ച വോട്ട് ലഭിച്ചത്. എല്ലാ വർഗീയ ശക്തികളെയും ചേർത്ത് നിർത്തി സർക്കാരിനെതിരെ കള്ള പ്രചാര വേല നടത്തിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അവരുടെ വോട്ടുകൾ ലഭിച്ചു എന്ന് പറയുന്നതിനും അവർക്ക് മടിയില്ല.
യുഡിഎഫിന് ജനപിന്തുണ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ ഒരു സർക്കാർ വിരുദ്ധതയും ഇല്ല. പ്രചാരണത്തിൽ അത്തരത്തിൽ ഒന്നും ഉയർത്താൻ യുഡിഎഫിന് സാധിച്ചിട്ടില്ല. രാഷ്ട്രീയ പോരാട്ടം തന്നെയാണ് നടന്നത്. പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ ഇപ്പോഴും ശക്തമായി നിലകൊള്ളുന്നുണ്ട്. ഭരണ വിരുദ്ധ വികാരം ഇല്ല. മികച്ച മത്സരമാണ് ഇത്തവണ നടന്നതെന്നും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനം തെറ്റിയില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here