‘കേരളത്തെ 
നയിക്കുന്ന 
പ്രസ്ഥാനം’ – എംവി ഗോവിന്ദൻ മാസ്റ്റർ എ‍ഴുതുന്നു

mv govindan

എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യഘടകം രൂപീകരിച്ചത് 1937ൽ ആയിരുന്നു. അതിനുശേഷമുള്ള 88 വർഷങ്ങളായി കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ സാംസ്കാരിക ജീവിതത്തിൽ ഇടപെടാനും ജനാധിപത്യപരവും പുരോഗമനപരവുമായ വികസനം കൈവരിക്കാനുമാണ് കമ്യൂണിസ്റ്റ് പാർടി പരിശ്രമിച്ചുവന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങളെ മുഖ്യകടമയായി കണ്ട് നാടിന്റെ പൊതുവായ വികസനം നേടുക എന്ന സമീപനമാണ് പാർടി പൊതുവേ സ്വീകരിച്ചിട്ടുള്ളത്.

കെ കുട്ടിക്കൃഷ്ണ മേനോൻ അധ്യക്ഷനായി മദിരാശി ഗവൺമെന്റ്‌ രൂപീകരിച്ച മലബാർ ടെനൻസി എൻക്വയറി കമ്മിറ്റിയുടെ നിഗമനങ്ങളിൽനിന്നും വ്യത്യസ്തമായി, അതിൽ അംഗമായ ഇ എം എസ് സമർപ്പിച്ച വിയോജനക്കുറിപ്പാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർടി നടത്തിയ ആദ്യത്തെ നയപരമായ ഇടപെടലായി വിലയിരുത്താവുന്നത്. ജന്മി–-കുടിയാൻ ബന്ധത്തിലെ സാമ്പത്തിക ചൂഷണമാണ് കാർഷിക സമ്പദ്ഘടനയുടെ കാതലായ പ്രശ്നമെന്നും സമ്പദ്‌വ്യവസ്ഥയുടെയും കേരള സമൂഹത്തിന്റെയും വികാസത്തിന് ജന്മിത്തം അവസാനിപ്പിക്കേണ്ടതാണെന്നും കൃഷിഭൂമി പണിയെടുക്കുന്ന കൃഷിക്കാരന് വിതരണം ചെയ്യണമെന്നും വിയോജനക്കുറിപ്പിൽ ഇ എം എസ് ആവശ്യപ്പെട്ടു.

ALSO READ; വർഗീയ ശക്തികളിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കണം; ആർഎസ്എസ്- ബിജെപി പ്രതിഷേധം ഒരുതരത്തിലും തന്നെ പേടിപ്പിക്കില്ലെന്ന് തുഷാർ ഗാന്ധി

കമ്യൂണിസ്റ്റ് പാർടി നടത്തിയ അടുത്ത വലിയ ഇടപെടൽ 1956 ജൂൺ 22 മുതൽ 24 വരെ തൃശൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന സമ്മേളനത്തിൽ “പുതിയ കേരളം പടുത്തുയർത്താൻ കമ്യൂണിസ്റ്റ് പാർടിയുടെ നിർദേശങ്ങൾ’ എന്ന പ്രമേയം അംഗീകരിച്ചതാണ്. കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പാണ് ഇത്. അന്ന് കമ്യൂണിസ്റ്റ് പാർടി മുന്നോട്ടു വച്ച കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദു ഭൂപരിഷ്കരണമായിരുന്നു. മറ്റൊന്ന് കൂട്ടായ വിലപേശലിലൂടെ കൂലി ഉയർത്തുന്നതിനുള്ള അവകാശം അംഗീകരിച്ചുള്ള തൊഴിൽനയം മുന്നോട്ടു വച്ചു.

പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതോടൊപ്പം സ്വകാര്യ നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഈ പ്രമേയം അവതരിപ്പിച്ചത്. പാർടി അംഗീകരിച്ച ഈ രേഖയാണ് 1957 ലെ ഒന്നാമത്തെ തെരഞ്ഞെടുപ്പിൽ പാർടിയുടെ പ്രകടന പത്രികയായി മാറിയത്. ഭൂപരിഷ്കരണത്തിന് തുടക്കമിട്ടും പൊതുവിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും മെച്ചപ്പെടുത്തി തൊഴിലാളികളുടെ കൂലി ഉയർത്തി അധുനിക കേരളത്തിന്റെ വികസനത്തിന് 1957 ലെ സർക്കാർ അടിത്തറയിട്ടു.

ALSO READ; ‘സംസ്ഥാന വികസന കാര്യത്തിൽ രാഷ്ട്രീയത്തിന് അതീതമായ സംയുക്ത ശ്രമം’; ഗവർണറുടെ അത്താഴ ചർച്ച ശുഭസൂചനയാണെന്ന് ശശി തരൂർ

ഭൂപരിഷ്കരണത്തിലൂടെ ഫ്യൂഡലിസത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നു. ജന്മിവർഗം കേരളത്തിൽനിന്നും ഉന്മൂലനം ചെയ്യപ്പെട്ടു. കേരളം ആധുനിക മുതലാളിത്തത്തിന്റെ വഴികളിലേക്ക് നയിക്കപ്പെട്ടു. മുതലാളിത്ത സമൂഹത്തിൽ ഫെഡറൽ സംവിധാനത്തിന്റെ പരിമിതിയിൽ പ്രവർത്തിക്കുമ്പോൾ പാർടിനയങ്ങൾ അതേപടി നടപ്പിലാക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് പാർടിക്കുണ്ടായിരുന്നു. മുതലാളിത്ത വികാസത്തിന്റെ ഭാഗമായി ദുർബല ജനവിഭാഗങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള നിലപാടുകളുടെ ഭാഗമായാണ് ക്ഷേമപദ്ധതികൾ ആവിഷ്കരിക്കപ്പെട്ടത്. 1980ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ കർഷകത്തൊഴിലാളി പെൻഷൻ ഏർപ്പെടുത്തുകയും മാവേലി സ്റ്റോർ പോലുള്ള വിപണി ഇടപെടൽ സംവിധാനങ്ങൾ ആവിഷ്കരിക്കുകയും സമ്പൂർണ സാക്ഷരതാ പ്രസ്ഥാനത്തിന് തുടക്കമിടുകയും ചെയ്തു.

ഇത്തരം നടപടികളുമായി മുന്നോട്ടു പോയപ്പോൾ എൽഡിഎഫിനെതിരെ ഉയർന്നുവരാറുള്ള പ്രധാന വിമർശം ക്ഷേമപദ്ധതികളിൽ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂവെന്നും അടിസ്ഥാന വികസന സൗകര്യത്തിനും മൂലധന നിക്ഷേപത്തിനും ഊന്നൽ നൽകുന്നില്ല എന്നുമായിരുന്നു. ആഗോളവൽക്കരണ നയങ്ങൾ 1991 മുതൽ ഇന്ത്യയിൽ നടപ്പിലാക്കാൻ ആരംഭിച്ചതോടെ ഈ വിമർശത്തിന് മൂർച്ചകൂടി. ജനജീവിതത്തെ തുടർച്ചയായി മുമ്പോട്ടു കൊണ്ടുപോകാതെ ജനങ്ങളുടെ വിശ്വാസം ആർജിക്കാനാകില്ലെന്ന് സോവിയറ്റ് അനുഭവങ്ങളെ വിശദീകരിച്ചുകൊണ്ട് 1992 ൽ ചെന്നൈയിൽ ചേർന്ന 14––ാം പാർടി കോൺഗ്രസ് അവതരിപ്പിച്ച “ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ’ എന്ന രേഖ വിലയിരുത്തി. ഈ ഘട്ടത്തിലാണ് 1994 ൽ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ കീഴിൽ കേരള വികസനം സംബന്ധിച്ച പഠന കോൺഗ്രസുകൾ സംഘടിപ്പിച്ചത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഉയർന്ന രണ്ടാം തലമുറ പ്രശ്നങ്ങളും സേവന നിലവാരം ഉയർത്തണമെന്ന ആവശ്യവും റോഡ്, കുടിവെള്ളം, പാർപ്പിടം പോലുള്ള രൂക്ഷമായ പ്രശ്നങ്ങളും കേരളത്തെ അലട്ടുന്ന ഘട്ടമായിരുന്നു അത്. ഇവ പരിഹരിക്കുന്നതിന് കേരളം കണ്ടെത്തിയ മാർഗമായിരുന്നു 1996ൽ തുടക്കം കുറിച്ച ജനകീയാസൂത്രണം.

ALSO READ; ‘കേരളത്തിന്‌ മേൽ അജണ്ടകൾ അടിച്ചേല്പിക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറണം’; തടഞ്ഞു വച്ചിരിക്കുന്ന വിദ്യാഭ്യാസ ഫണ്ടുകൾ ഉടനെ നൽകണമെന്നും അഡ്വ. പി സന്തോഷ്‌ കുമാർ എം പി

പതിനെട്ടാം പാർടി കോൺഗ്രസ് അംഗീകരിച്ച ‘നയപരമായ പ്രശ്നങ്ങൾ’ എന്ന രേഖ നവലിബറൽ നയങ്ങളെ തുറന്നെതിർക്കുമ്പോൾതന്നെ അവയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ബദൽ നയങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയുകയും ചെയ്തു. കേരളത്തെ അധികാരവികേന്ദ്രീകരണത്തിന്റെ മുൻപന്തിയിലേക്ക് കൊണ്ടുവന്നത് ഈ പദ്ധതിയായിരുന്നു. എല്ലാ ജനവിഭാഗത്തിന്റെയും പ്രശ്നങ്ങൾ കണ്ടുകൊണ്ട് ഇടപെടുമ്പോഴാണ് നാടിനെയാകെ നയിക്കാൻ പ്രാപ്തമാകുന്ന പിന്തുണ ലഭിക്കുകയുള്ളൂവെന്ന് പാർടി തിരിച്ചറിഞ്ഞു. മുതലാളിത്ത സമൂഹത്തിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർടി ഏത് തരത്തിലാണ് സംസ്ഥാന ഭരണമുപയോഗിച്ച് ഇടപെടേണ്ടത് എന്നതിന്റെ പാഠപുസ്തകംകൂടിയായി എൽഡിഎഫ് സർക്കാരിനെ മാറ്റാൻ ഇതുവഴി കഴിഞ്ഞു.

നിലവിലുള്ള പരിമിതികൾക്ക് അകത്തുനിന്ന്‌ ബദൽ നയങ്ങൾ നടപ്പിലാക്കുക എന്നതും സർക്കാരിന്റെ കടമയാണ് എന്ന് 2000ൽ പുതുക്കിയ പാർടി പരിപാടി വ്യക്തമാക്കി. പതിനെട്ടാം പാർടി കോൺഗ്രസ് അംഗീകരിച്ച ‘നയപരമായ പ്രശ്നങ്ങൾ’ എന്ന രേഖ നവലിബറൽ നയങ്ങളെ തുറന്നെതിർക്കുമ്പോൾ തന്നെ അവയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ബദൽ നയങ്ങൾ ഉയർത്തിക്കൊണ്ടു വരേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയുകയും ചെയ്തു.

അതായത് കേരളത്തെ വികസന വഴികളിലേക്ക് നയിക്കാൻ ഓരോ ഘട്ടത്തിലും പാർടി നടത്തിയ ഇടപെടലുകളെക്കുറിച്ചാണ് ഞാൻ വിശദീകരിക്കാൻ ശ്രമിച്ചത്. ഒരു നാടിന്റെ വികസനവും പുരോഗതിയും ലക്ഷ്യമാക്കി ഈ രീതിയിൽ പ്രവർത്തിക്കുന്ന മറ്റേത് രാഷ്ട്രീയ പ്രസ്ഥാനമാണ് കേരളത്തിലുള്ളത്. കേരളത്തിലെ ജനങ്ങൾ ഇക്കാര്യം തിരിച്ചറിയുന്നുവെന്നതിന്റെ പ്രഖ്യാപനം കൂടിയാണ് 2021 ൽ ലഭിച്ച തുടർഭരണം. 1957 ലും 1967 ലും 1980 ലും നിലവിൽ വന്ന ഇടതുപക്ഷ സർക്കാരുകളെ കാലാവധി പൂർത്തിയാക്കാൻ വലതുപക്ഷം അനുവദിച്ചിരുന്നില്ല. ഇപ്പോൾ ആ സ്ഥിതി മാറിയെന്നു മാത്രമല്ല തുടർഭരണം ലഭിക്കുകയും ചെയ്തു. 2016 ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളിൽനിന്ന് അഭിപ്രായം സ്വീകരിച്ച്‌ ജനാധിപത്യപരമായി രൂപീകരിച്ച പ്രകടന പത്രിക വലിയ അംഗീകാരം നേടിയതും നാം കണ്ടു. ” വേണം നമുക്കൊരു പുതു കേരളം, മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളം’ എന്ന മുദ്രാവാക്യമായിരുന്നു അന്നുയർത്തിയത്. കേരളത്തിന്റെ വികസന ദൗർബല്യങ്ങൾ അക്കമിട്ട് നിരത്തി അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളാണ് മുന്നോട്ടുവയ്‌ക്കപ്പെട്ടത്. പ്രകടന പത്രികയിൽ പറഞ്ഞ 600 കർമപദ്ധതികളിൽ 20 എണ്ണം ഒഴിച്ച് ബാക്കിയെല്ലാം നടപ്പിലാക്കി. ആസൂത്രണ സംവിധാനത്തെ ശക്തിപ്പെടുത്തി ബദൽ നയങ്ങൾ നടപ്പിലാക്കുകയാണ് സർക്കാർ ചെയ്തത്. കേരളത്തിൽ ഒന്നും നടക്കില്ലായെന്ന കാഴ്ചപ്പാട് തിരുത്തി പലതും സാധ്യമാണെന്ന് ഇതോടെ വ്യക്തമായി.

ALSO READ; ആറ്റുകാല്‍ പൊങ്കാല; ആരോഗ്യ വകുപ്പ് ഒരുക്കിയ ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്

പശ്ചാത്തല സൗകര്യ വികസനം ഉറപ്പുവരുത്തിയും ലൈഫ് പദ്ധതിയും പട്ടയ വിതരണവും ശക്തിപ്പെടുത്തിയും പൊതുമേഖലയെ സംരക്ഷിച്ചും പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കിയും മാലിന്യമുക്ത കേരളം ലക്ഷ്യമാക്കിയും നവകേരള നിർമാണത്തിലേക്ക് വഴിതുറക്കപ്പെട്ടു.

ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഭരണത്തുടർച്ചയ്‌ക്ക് ശേഷം 2022 മാർച്ചിൽ എറണാകുളത്ത് ചേർന്ന സംസ്ഥാന സമ്മേളനം “നവകേരളത്തിനായുള്ള പാർടി കാഴ്ചപ്പാട് ’ മുന്നോട്ടു വച്ചത്. വികസന രംഗത്തെ ദൗർബല്യങ്ങൾ മറികടന്ന് സാമ്പത്തിക വളർച്ച നേടുക എന്ന ലക്ഷ്യം കൈവരിക്കാൻ ഈ നയം സഹായിച്ചു. നവഉദാരവാദ നയങ്ങൾ തള്ളി കഴിയാവുന്നത്ര പ്രായോഗിക ബദലുകൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു നവകേരളം കെട്ടിപ്പടുക്കാൻ ശ്രമിച്ചത്. പശ്ചാത്തല സൗകര്യ വികസനം ഉറപ്പുവരുത്തിയും ലൈഫ് പദ്ധതിയും പട്ടയ വിതരണവും ശക്തിപ്പെടുത്തിയും പൊതുമേഖലയെ സംരക്ഷിച്ചും പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കിയും മാലിന്യമുക്ത കേരളം ലക്ഷ്യമാക്കിയും നവകേരള നിർമാണത്തിലേക്ക് വഴിതുറക്കപ്പെട്ടു. ഇത് കേരളത്തിൽ ഇടതുപക്ഷത്തിന്റെ ജനകീയാടിത്തറ വിപുലീകരിക്കുമെന്ന് കണ്ട പ്രതിപക്ഷം ഇനിയൊരു ഭരണത്തുടർച്ച എൽഡിഎഫിന് ലഭിക്കാതിരിക്കാനുള്ള സഖ്യത്തിൽ ഏർപ്പെട്ടു. നേരത്തേ ഞാൻ ചൂണ്ടിക്കാട്ടിയതുപോലെ കോൺഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മുസ്ലിംലീഗും എല്ലാം ഈ ഇടതുപക്ഷ വിരുദ്ധ സഖ്യത്തിലുണ്ട്.

കേന്ദ്രസർക്കാരാകട്ടെ അർഹതപ്പെട്ട സാമ്പത്തികസഹായംപോലും നൽകാതെ സാമ്പത്തികമായി ഞെരുക്കി, ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ എതിർക്കുന്നതിനു പകരം കേന്ദ്രത്തിന് പൂർണപിന്തുണ നൽകുന്ന സമീപനമാണ് യുഡിഎഫ് കൈക്കൊള്ളുന്നത്. എന്നാൽ, ഈ പ്രതികൂല സാഹചര്യത്തിലും കേരളത്തെ വികസന വഴികളിലൂടെ മുന്നോട്ടുനയിക്കുമെന്നും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇടപെടുമെന്നും അതിനായി അധിക വിഭവസമാഹരണം നടത്തുമെന്നുമുള്ള പ്രഖ്യാപനമാണ് “നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന രേഖ. കേരളത്തെ വികസിത, അർധവികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനുള്ള സിപിഐ എമ്മിന്റെയും പിണറായി സർക്കാരിന്റെയും നിശ്ചയദാർഢ്യമാണ് ഈ രേഖയിൽ പ്രതിഫലിക്കുന്നത്. കേരളത്തിന്റെ വികസനത്തിൽ ഇടതുപക്ഷം മാത്രമാണ് ആത്മാർഥമായി ഇടപെട്ടത് എന്ന വസ്തുത ഓർമപ്പെടുത്തുക മാത്രമാണ് ഞാനിവിടെ ചെയ്യുന്നത്.

(ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News