
അറബിക്കടലിൽ തീപിടിച്ച കപ്പലിനെ തീരമേഖലയിൽ നിന്ന് മാറ്റാൻ ശ്രമം തുടരുന്നു. ഹെലികോപ്റ്റർ വഴി 4 നാവികസേനാംഗങ്ങൾ കപ്പലിലിറങ്ങി ഓഫ് ഷോർ വാരിയർ എന്ന ടഗുമായി ബന്ധിപ്പിച്ചു. കപ്പലിനെ കെട്ടിവലിച്ച് കൊണ്ടുപോകാൻ കൂടുതൽ ടഗുകൾ ഉപയോഗിക്കും. കടൽ പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ കപ്പൽ നിയന്ത്രണം വിടാനും സാധ്യത. പോർബന്ദറിലെ മറൈൻ എമർജൻസി റെസ്പോൺസ് സെൻ്റിൽ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് MV വാൻ ഹായ് – 503 കപ്പൽ പുറം കടലിലേക്ക് നീക്കുന്നത്. ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിച്ചു വരികയാണ്.
അതേ സമയം കപ്പലിലെ തീ നിയന്ത്രിക്കാനായെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കോസ്റ്റ്ഗാര്‍ഡിന്‍റെ മൂന്ന് കപ്പലുകളില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം പമ്പു ചെയ്യുന്നതിനു പുറമെ എയർഫോഴ്സ് വിമാനങ്ങളുടെ സഹായത്തോടെ തീ അണയ്ക്കാൻ സഹായിക്കുന്ന രാസവസ്തുക്കൾ കപ്പലിലേക്ക് വിതറിയിരുന്നു.ഇതിനിടെ മംഗലാപുരത്തെത്തിയ കൊച്ചി കോസ്റ്റല്‍ പോലീസ് കപ്പലിലെ ജീവനക്കാരുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു.കപ്പലിന്‍റെ മധ്യഭാഗത്ത് പൊട്ടിത്തെറിയുണ്ടായെന്നും അണയ്ക്കാന്‍ നോക്കിയെങ്കിലും അത് വിജയിക്കാത്തതിനെത്തുടര്‍ന്ന് തങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാർ മൊഴി നൽകി.അപകട കാരണത്തെക്കുറിച്ചറിയില്ലെന്നും ചൈന മ്യാൻമാർ സ്വദേശികൾ പോലീസിനോട് പറഞ്ഞു.
അതേസമയം കേരളതീരത്ത് പുറം കടലിലൂടെ സഞ്ചരിക്കുകയായിരുന്ന മറ്റൊരു ചരക്ക് കപ്പലിൽ തീ ഉയർന്നത് ആശങ്ക പരത്തി. മലേഷ്യയിൽ നിന്ന് മുംബൈയ്ക്ക് പോവുകയായിരുന്ന ഇൻ്റർ ഏഷ്യ ടെനാസിറ്റി എന്ന ചരക്കു കപ്പലിൽ നിന്നാണ് തീ ഉയർന്നത്. കോസ്റ്റ് ഗാർഡിന് വിവരം ലഭിച്ചതിനെത്തുടർന്ന് രക്ഷാ പ്രവർത്തനത്തിനായി കപ്പൽ അയച്ചെങ്കിലും തീ അണച്ചതായി ചരക്കു കപ്പലിൻ്റെ ക്യാപ്റ്റൻ സന്ദേശമയക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here