‘ആ സൂപ്പര്‍ഹിറ്റ് അമ്മ വേഷം എന്നെ തേടി വന്നത് ഇനി സിനിമ ചെയ്യുമോയെന്ന് പോലും അറിയാത്ത സമയത്ത്’ : നദിയ മൊയ്തു

നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന മലയാളം സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നദിയ മൊയ്തു. അന്ന് ഗേളി മാത്യു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ നദിയയ്ക്ക് സാധിക്കുകയും ചെയ്തു. ആ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് സ്വന്തമാക്കാനും നദിയക്ക് കഴിഞ്ഞിരുന്നു.

പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ നദിയ തിളങ്ങി. 1988ല്‍ വിവാഹം കഴിഞ്ഞ നദിയ 1994ന് ശേഷം ചലച്ചിത്ര രംഗത്ത്‌ നിന്ന് ബ്രേക്ക് എടുത്ത് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷമാണു പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. 2004ലാണ് എം. രാജ സംവിധാനം ചെയ്ത എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ നദിയ വീണ്ടും സിനിമയിലേക്ക് മടങ്ങി വരുന്നത്.

Also read: രാജമൗലി ചിത്രത്തിൽ പൃഥ്വിരാജിന്റെ വില്ലൻ കഥാപാത്രം വീൽ ചെയറിലോ? മേക്കിങ് വീഡിയോ ലീക്കായി

ആ വിനിമയിലേക്ക് എത്തിയതിനെ കുറിച്ച് നടി ഇപ്പോൾ മനസ്സ് തുറക്കുകയാണ്. താന്‍ സിനിമയിലേക്ക് ഇനി വരുമോയെന്ന് പോലും അറിയാത്ത സമയമായിരുന്നു എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയിൽ എത്തുന്നത് എന്ന് നടി പറയുന്നു. സംവിധായകന്‍ എം. രാജയ്ക്ക് തന്നോട് ആ കഥാപാത്രത്തെ കുറിച്ച് പറയാന്‍ പേടിയായിരുന്നെന്നും അടി കിട്ടുമോയെന്ന് പോലും അദ്ദേഹം പേടിച്ചിരുന്നുവെന്നും നടി പറയുന്നു.

നദിയയുടെ വാക്കുകൾ:

‘സത്യത്തില്‍ ഇനി സിനിമയിലേക്ക് വരുമോയെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. മുപ്പത് കൊല്ലം മുമ്പുള്ള കാര്യമാണ് നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നത്. അന്ന് കല്യാണം കഴിഞ്ഞതും നേരെ അമേരിക്കയ്ക്ക് പോയി. ശേഷം അവിടുന്ന് വന്നിട്ട് ഒരു പടം ചെയ്യുമെന്ന് കരുതിയിരുന്നില്ല. അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടേ ഇല്ലായിരുന്നു എന്നുവേണം പറയാന്‍.

കല്യാണം കഴിക്കണമെന്ന് ഉണ്ടായിരുന്നു, അതുകൊണ്ട് കല്യാണം കഴിച്ചു. ശേഷം ആ ജീവിതത്തില്‍ മാത്രമായിരുന്നു ഞാന്‍ ഫോക്കസ് ചെയ്തിരുന്നത്. ഇടക്ക് പടങ്ങള്‍ വന്നിരുന്നു. ഒന്നുരണ്ട് പടങ്ങള്‍ ഞാന്‍ ചെയ്തിരുന്നു. ജയറാമിന്റെ കൂടെ വധു ഡോക്ടറാണ് (1994) എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അവസാനം ചെയ്തത് ഒരു ഹീറോയിന് പ്രാധാന്യമുള്ള സിനിമ തന്നെയായിരുന്നു.

Also read: ‘ആ മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയെന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്, പക്ഷെ…!’: ലെന

സംവിധായകന്‍ രാജയാണ് എന്നോട് എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയുടെ കാര്യം ആദ്യം പറയുന്നത്. അതില്‍ നായകന്റെ അമ്മ വേഷമാണ് ചെയ്യേണ്ടത്. രാജയ്ക്ക് എന്നോട് ആ കഥാപാത്രത്തെ കുറിച്ച് പറയാന്‍ പേടിയായിരുന്നു. അടി കിട്ടുമോയെന്ന് പോലും അദ്ദേഹം പേടിച്ചിരുന്നു.

ആ സമയത്ത് ഞാന്‍ എന്റെ ഇരുപതുകളില്‍ അല്ലെന്ന് എനിക്ക് അറിയാമായിരുന്നു. സമയം അനുസരിച്ച് നമ്മളും മാറണമല്ലോ. അതുകൊണ്ട് ആ സിനിമ കുഴപ്പമില്ലെന്ന് ഞാന്‍ ഓര്‍ത്തു. പിന്നെ ആ കഥാപാത്രവും വളരെ നല്ലതായിരുന്നു. വളരെ സ്‌ട്രോങ്ങായിരുന്നു. വളരെ പോസിറ്റീവായ കഥാപാത്രവുമായിരുന്നു,’ നദിയ മൊയ്തു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News