
വിക്കി കൗശലിന്റെ ചരിത്ര സിനിമ ‘ഛാവ’ വൻ വിജയത്തിലേക്ക് കുതിക്കുമ്പോൾ, വിവാദങ്ങളുടെയും കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം ചിത്രീകരിക്കുന്ന ചിത്രം ബോക്സ് ഓഫീസിനപ്പുറം ചർച്ചകൾക്ക് തിരികൊളുത്തുകയും, മഹാരാഷ്ട്രയിൽ രാഷ്ട്രീയവും സാമൂഹികവുമായ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു. നാഗ്‌പൂരിലുണ്ടായ കലാപത്തിന് കാരണം ‘ഛാവ’ സിനിമയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ഛത്രപതി സംബാജി മഹാരാജിന്റെ പാരമ്പര്യത്തെ ആഘോഷിക്കുന്ന ചിത്രം വലിയ വിവാദങ്ങൾക്കും തിരി കൊളുത്തിയിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെതിരെ ”ഛാവ’ ജനരോഷം ആളിക്കത്തിച്ചുവെന്നും ഇത് നാഗ്‌പൂരിലെ കലാപത്തിന് കാരണമായെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയിൽ പറഞ്ഞു. സംഭവത്തിൽ അമ്പതിലധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എന്നാൽ നാഗ്‌പൂർ കലാപം നിർഭാഗ്യകരമാണെന്നും ഡബിൾ എഞ്ചിൻ സർക്കാർ രാജിവയ്ക്കണമെന്നും ഫഡ്‌നാവിസിനെ രൂക്ഷമായി വിമർശിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. നാഗ്‌പൂർ അക്രമത്തിൽ ബിജെപിക്കെതിരെ വലിയ ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് റൗത് രംഗത്തെത്തി. “നാഗ്‌പൂരിൽ നടന്ന അക്രമത്തിന് ഒരു കാരണവുമില്ല. ദേവേന്ദ്ര ഫഡ്നാവിസിന്റെ മണ്ഡലവും ആർഎസ്‌എസ് ആസ്ഥാനവും ഇവിടെയാണ്. ഹിന്ദുക്കളെ ഭയപ്പെടുത്തുകയും, അണികളെ കൊണ്ട് ആക്രമിക്കുകയും, പിന്നീട് കലാപങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യുന്ന ഒരു പുതിയ രീതിയാണിതെന്ന് സഞ്ജയ് റൗത് വിമർശിച്ചു. നാഗ്‌പൂരിൽ സമാധാനം പുനഃസ്ഥാപിച്ചുവെങ്കിലും നിരോധനാജ്ഞ പിൻവലിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here